ഭിന്നശേഷി പ്രശ്നം കീറാമുട്ടിയാക്കിയത് ഈ സർക്കാർ
പി. ഹരിഗോവിന്ദൻ
Friday, October 3, 2025 2:06 AM IST
വിദ്യാഭ്യാസമേഖലയിലെ ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയത് കേരളത്തിലെ ഇടതു സർക്കാരിന്റെ നയസമീപനങ്ങളാണ്. ഭിന്നശേഷിക്കാർക്ക് ആവശ്യമായ നിയമനം നൽകാനുള്ള തസ്തികകൾ നമ്മുടെയൊക്കെ വിദ്യാലയങ്ങളിൽ ധാരാളമുണ്ട്. വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് ഉമ്മൻ ചാണ്ടി സർക്കാർ അധ്യാപക-വിദ്യാർഥി അനുപാതം 1:30ഉം 1:35ഉം ആക്കി ചുരുക്കിയപ്പോൾ 100 വിദ്യാർഥികളുള്ള യുപി സ്കൂളുകളിലും 150 വിദ്യാർഥികളുള്ള എൽപി വിദ്യാലയങ്ങളിലും ഹെഡ്മാസ്റ്റർ തസ്തിക സൃഷ്ടിച്ചിരുന്നു. ഈ ഹെഡ്മാസ്റ്റർ തസ്തിക എച്ച്എമ്മിനു പകരമായിട്ടുള്ള അഡീഷണൽ തസ്തികയാണ്.
ഇത്തരം തസ്തികകൾ കേരളത്തിൽ ആയിരക്കണക്കിനു വിദ്യാലയങ്ങളിൽ നിലവിലുണ്ട്. സർക്കാരുകൾ പ്രൊട്ടക്ടഡ് ഹാൻഡിനെ നിയമിക്കാനാണ് ഈ തസ്തിക നീക്കിവച്ചിരുന്നത്. എന്നാൽ ഇന്ന് ആവശ്യത്തിനു പ്രൊട്ടക്ടഡ് അധ്യാപകരില്ല. ഈ സർക്കാർ വന്നതിനുശേഷം നിയമിക്കപ്പെട്ട ഒരു അധ്യാപകനും ഇന്ന് ജോലിസംരക്ഷണമില്ല.
കഴിഞ്ഞ അച്യുതാനന്ദൻ സർക്കാരും ഇതേപോലെതന്നെ 1:1 ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് ആയിരക്കണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം തടഞ്ഞത്. അത് പുനർനിയമനം നൽകിയത് ഉമ്മൻചാണ്ടി അധികാരത്തിൽ വന്നതിനുശേഷമാണ്. നൂറുദിവസത്തിനകം ആയിരക്കണക്കിനു തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ അധ്യാപനമെന്ന ഉന്നതമായ ജോലിയിലേക്ക് തിരികെ കൊണ്ടുവന്ന സർക്കാരായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ.
എന്നാൽ, ഈ സർക്കാർ ഭിന്നശേഷിക്കാരുടെ പ്രശ്നം പറഞ്ഞുകൊണ്ട് നമ്മുടെ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധി എൻഎസ്എസ് വാങ്ങിക്കൊണ്ടുവന്നപ്പോൾ ഇച്ഛാശക്തിയുള്ള സർക്കാരിന് അത് എല്ലാ വിദ്യാലയങ്ങൾക്കും ബാധകമാക്കാമായിരുന്നു. എന്നാൽ, എപ്പോഴും വിദ്യാലയ പ്രസ്ഥാനവുമായി വളരെയേറെ സൗഹൃദം പുലർത്തുന്ന വളരെയേറെ കാര്യങ്ങൾ ചെയ്യുന്ന ക്രിസ്ത്യൻ മാനേജ്മെന്റിനെ വരെ പഴിചാരാനാണ് വകുപ്പുമന്ത്രി സമയം കണ്ടെത്തിയത്.
അധ്യാപക പാക്കേജ് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവരുന്പോൾ അതിന് ഏറ്റവും കൂടുതൽ സഹകരിച്ചത് ക്രിസ്ത്യൻ മാനേജ്മെന്റുകളാണ് എന്നു നാം ഓർക്കേണ്ടതാണ്.
ഭിന്നശേഷി അധ്യാപകർക്ക് ഈ ഹെഡ് ടീച്ചർ (എച്ച്ടി) വേക്കൻസി നിയമനം നൽകിയാൽ നിമിഷനേരംകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. അതിനുള്ള തസ്തികകൾ നമ്മുടെ നാട്ടിലുണ്ട്. അതിനുതന്നെ ആവശ്യമായ ഭിന്നശേഷിക്കാരെ നമുക്ക് ലഭിക്കാനുമില്ല. ഇങ്ങനെ ഒരു അധ്യാപകനെ എച്ച്ടി വേക്കൻസിയിൽ വയ്ക്കുന്നതുകൊണ്ട് സർക്കാരിനും അധികബാധ്യത വരുന്നില്ല. അതുകൊണ്ടുതന്നെ ഒരു ഇച്ഛാശക്തിയുള്ള സർക്കാരിന് എത്രയും വേഗം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നിമിഷങ്ങൾ മാത്രം മതി.
ഭിന്നശേഷിക്കാരായ അധ്യാപകർക്ക്, വിശിഷ്യാ പ്രൈമറി മേഖലയിൽ ക്ലാസിൽ പോയി അധ്യാപനം നടത്തുന്പോഴുണ്ടാകുന്ന പ്രായോഗിക വിഷമങ്ങളെക്കുറിച്ച് സർക്കാർ ബോധവാന്മാരാകേണ്ടേ? ഭിന്നശേഷിക്കാരായ അധ്യാപകർക്ക് ഏറെ പ്രശ്നങ്ങളുണ്ട്. ആ പ്രശ്നപരിഹാരത്തിന് അവർക്കൊരു ജോലി നൽകുക. അതോടൊപ്പംതന്നെ അവരെക്കൊണ്ടു ചെയ്യിക്കാൻ കഴിയുന്ന ജോലികൾ ആ വിദ്യാലയത്തിൽ ചെയ്യിക്കുക എന്നതായിരിക്കണമല്ലോ പ്രായോഗികമായി ചെയ്യേണ്ടത്. ഇത്തരത്തിലാണെങ്കിൽ എച്ച്ടി വേക്കൻസിയാണ് അതിന് ഏറ്റവും യോജ്യമായ തസ്തിക. ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒരുപക്ഷേ നമുക്ക് ക്ലാസുകളിൽ പോയി ഭിന്നശേഷിയുള്ള ചില വിഭാഗങ്ങൾക്ക് അധ്യാപനം നടത്താൻ പ്രയാസമുണ്ടാകില്ല. പക്ഷേ പ്രൈമറി ക്ലാസുകളിൽ അതേറെ ബുദ്ധിമുട്ടാണെന്ന് അനുഭവങ്ങൾ നമ്മെ സാക്ഷ്യപ്പെടുത്തുകയാണ്.
ഭിന്നശേഷിക്കാരായ അധ്യാപക ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ വളരെ ഗൗരവത്തോടുകൂടി തന്നെ സർക്കാരുകളും മാനേജ്മെന്റുകളും കാണേണ്ടതാണ്. എല്ലാ മാനേജ്മെന്റുകളും അത്തരം അധ്യാപകരെ നിയമിക്കുന്നതിന് യാതൊരു തടസവും ഇന്നുവരെ ഉന്നയിച്ചിട്ടില്ല. പക്ഷേ ആ നിയമനത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പോസ്റ്റുമായി ബന്ധപ്പെട്ടുകൊണ്ട് സുപ്രീകോടതിയിൽ വേണ്ടത്ര രീതിയിലൊരു വാദം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയാണ്.
ഇത്തരം പ്രായോഗികപ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് അവർക്കു നിയമനം കൊടുക്കാനുള്ള സംവിധാനം നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്നിരിക്കെ അതു ചൂണ്ടിക്കാണിക്കാതെ സുപ്രീംകോടതിയിൽ വേണ്ടത്ര രൂപത്തിൽ വാദമുഖങ്ങൾ വയ്ക്കാതെ, കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖലയിലെ അപ്രഖ്യാപിത നിയമനനിരോധനം നടത്താനാണ് ഈ സർക്കാർ തുനിഞ്ഞത്.
അതിനെതിരേയാണു വലിയ ജനരോഷം ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസമേഖല സംരക്ഷിക്കുകയല്ല, പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ സങ്കീർണമാക്കുകയാണ് ഈ സർക്കാർ നാളിതുവരെ ചെയ്തിട്ടുള്ളത്. ഭിന്നശേഷി സംവരണവും ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ പ്രശ്നപരിഹാരവും ഉണ്ടാകണം. ഇതോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ നിയമനനിരോധനം ഇല്ലാതാക്കണം. ഇതിനാവശ്യമായ നടപടികൾക്ക് ആരോഗ്യപരമായ ചർച്ചകൾ നമ്മുടെ നാട്ടിലുണ്ടാകണം. പ്രായോഗികമായ നിർദേശങ്ങൾ പരിഗണിച്ചുകൊണ്ട് ഇതു പരിഹരിക്കാനാണ് ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ശ്രമിക്കേണ്ടത്.
പണ്ട് ആറാം പ്രവൃത്തിദിന കണക്കുവച്ച് കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തിക്കഴിഞ്ഞാൽ ജൂലൈ 15നകം ഫിക്സേഷൻ നടക്കുകയും ആ ഓണത്തിനുതന്നെ അധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും മുൻവർഷത്തെ തസ്തികനിർണയം പോലും നടക്കുന്നില്ല. അധികതസ്തിക ഉണ്ടായി എന്നു സർക്കാർ പറയുന്പോഴും അതിനേക്കാൾ തസ്തിക നഷ്ടപ്പെട്ട വിവരം മറച്ചുവയ്ക്കുകയാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ കുറഞ്ഞുവരുന്നു. എന്നിട്ടും സർക്കാർ അതു കണ്ടില്ലെന്നു നടിച്ച് തെറ്റായ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ന്യായീകരിക്കുകയാണ്.
ഇങ്ങനെ ന്യായീകരിക്കുന്നതോടൊപ്പംതന്നെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണത്തിനും ഏകപക്ഷീയമായ നിലപാടുകളാണ് സർക്കാർ പലപ്പോഴും സ്വീകരിക്കുന്നത്. വിവാദങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, അധ്യാപകനെ കുട്ടികൾക്കു തല്ലാം എന്നുവരെ എത്തിനിൽക്കുകയാണിപ്പോൾ. ഈ നയങ്ങളും സമീപനങ്ങളും പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാനല്ല സംഹരിക്കാനാണ് ഉപകരിക്കുകയെന്ന് ഇനിയെങ്കിലും ഓർത്താൽ നന്ന്.
അധ്യാപകൻ ക്ലാസിലില്ലാതെ എങ്ങനെയാണ് കുട്ടിയുടെ പഠനം യാഥാർഥ്യമാകുക. അധ്യയനം യാഥാർഥ്യമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നമുക്ക് ഉറപ്പാക്കണമെങ്കിൽ സംതൃപ്തമായ അധ്യാപകസമൂഹം അനിവാര്യമാണ്. നിയമനാംഗീകാരം ലഭിച്ചവർക്കാകട്ടെ അതു നോഷണലിലാണുപോലും. എങ്ങനെയാണ് അധ്യാപനം സാങ്കല്പികമാകുക. അധ്യാപകർ ജോലി ചെയ്തിട്ടുണ്ട് എന്നതിന് പിടിഎയും സർക്കാരും സ്കൂളും സാക്ഷികളാണ്. എന്നിട്ടും ചെയ്ത ജോലിക്ക് കൂലിയില്ല. വിരമിച്ച സ്ഥിരം ഒഴിവിൽ നിയമിച്ചവർക്കാണ് ഈ ഗതികേട്.
ഇവിടെ സർക്കാരാണു സാങ്കല്പികം എന്നു പറയാതെ വയ്യ. ഭിന്നശേഷി പ്രശ്നം മൂലം നിരവധി വിദ്യാർഥികൾക്ക് അവരുടെ വിദ്യാലയങ്ങളിലെ അധ്യാപകരിൽനിന്നും ശരിയായ രീതിയിലുള്ള കരിക്കുലം ട്രാൻസാക്ഷൻ ലഭിക്കുന്നില്ല. കാരണം, അധ്യാപകർ ആശങ്കയിലാണ്. അധ്യാപകരുടെ ആശങ്കയകറ്റി കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉണ്ടാക്കാൻ സംതൃപ്തമായ അധ്യാപകസമൂഹം സൃഷ്ടിക്കാൻ ഇനിയെങ്കിലും സർക്കാർ ശ്രമിക്കണം.
(പ്രൈമറി അധ്യാപക ഫെഡറേഷൻ അഖിലേന്ത്യാ സീനിയർ വൈസ് പ്രസിഡന്റാണ് ലേഖകൻ)