പാർട്ടിക്കാര്യം സിന്ദാബാദ്!
Saturday, June 27, 2020 10:36 PM IST
കേരളം കണ്ട പകർച്ച വ്യാധികളുടെ നാളുകളിൽ പ്രശംസാർഹമായ വിധം ആരോഗ്യവകുപ്പിനെ നയിച്ച് ആഗോള ശ്രദ്ധ നേടിയ മന്ത്രി കെ.കെ. ശൈലജ വീണ്ടും ശ്രദ്ധേയയാവുന്നു. നിപ്പായെയും കോവിഡിനെയുമെല്ലാം അവർ രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കുന്നു എന്നു സങ്കടപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലുള്ള കോണ്ഗ്രസ് നേതാക്കൾ മന്ത്രി നിപ്പാറാണി പട്ടവും കോവിഡ് രാജ്ഞി പദവിയും തട്ടിയെടുക്കാനാണ് നോക്കുന്നതെന്നു പരിഹസിച്ചപ്പോൾ അത്രയും വേണ്ടിയിരുന്നില്ല എന്നു പറഞ്ഞവർപോലും ബാലാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്കു മന്ത്രി കണ്ടെത്തിയ വ്യക്തിയെകണ്ടപ്പോൾ മുല്ലപ്പള്ളി പറഞ്ഞതിലും കഴമ്പുണ്ട് എന്നു ചിന്തിച്ചുപോയി. മന്ത്രി ശൈലജയും ഒരു സാധാരണ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തക മാത്രം.
മുല്ലപ്പള്ളിയെ വിമർശിച്ച ചില വനിതാ വിമോചനക്കാർ ശൈലജ ഒരു സ്ത്രീയാണെന്ന പരിഗണനപോലും കൊടുത്തില്ലെന്നു പറയുന്നതു കേട്ടു. അദ്ദേഹം വിമർശിച്ചതു കേരളത്തിലെ ആരോഗ്യമന്ത്രിയെ അല്ലേ? അല്ലെങ്കിൽതന്നെ സ്ത്രീകൾക്കു തുല്യ അവകാശം ഉള്ളപ്പോൾ എന്തിന് അത്തരമൊരു പ്രത്യേക പരിഗണന?
ബാലാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കു യോഗ്യതാ മാനദണ്ഡത്തിൽ ഇളവുകൊടുത്ത്, പരിചയസന്പന്നരായ ജില്ലാ ജഡ്ജിമാരെ പോലും തള്ളി ഒരു സഖാവിനു നിയമനം കൊടുത്തതോടെ ടീച്ചറമ്മയും സ്വന്തക്കാർക്കുവേണ്ടി സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്ന ജയരാജൻ ചിറ്റപ്പനെപ്പോലെ ഒരു സഖാവ് മാത്രം എന്നു തെളിയിച്ചു. ഞങ്ങളുടെ സഖാക്കൾക്കു ഞങ്ങളല്ലേ ചെയ്തുകൊടുക്കേണ്ടത് എന്ന ചോദ്യം പാർട്ടിയിൽ ന്യായമാകാമെങ്കിലും പാർട്ടിക്കപ്പുറം വളരുന്ന ഇമേജിന് വല്ലാത്ത കളങ്കമാണ്.
പതിവുപോലെ മുഖ്യമന്ത്രി ആ തീരുമാനവും ന്യായീകരിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെപ്പോലെ പോലീസും കോടതിയും എല്ലാം പാർട്ടിയാണെന്നു വിശ്വസിക്കുന്നവർക്ക് അതോടെ അവസാനവാക്കുമായി. പാർട്ടി കൊടുത്ത പദവി വഹിക്കുന്നവർ പാർട്ടി തീരുമാനിക്കുന്നതു നടപ്പാക്കണം. അതിൽ ഒരു മര്യാദ അവർ കാണുന്നുണ്ടാവാം. എന്നാൽ, പദവികളെക്കുറിച്ചും അർഹതയുള്ളവരെക്കുറിച്ചുമെല്ലാം വലിയ പ്രസംഗങ്ങൾ നടത്തുന്നവർ യോഗ്യതാ മാനദണ്ഡത്തിൽ പോലും ഇളവു വരുത്തി പദവികൾ സമ്മാനിക്കുന്നതു കാണുന്പോൾ എല്ലാം നീരിക്ഷിക്കുന്നവർക്കു മനംപിരട്ടും.
സ്ഥിതി വഷളാകുന്നു
കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം താരതമ്യേന കുറവായിരുന്നപ്പോൾ എല്ലാം ഭംഗിയായി നടത്തി കൈയടി നേടി എന്ന വാസ്തവം ഇപ്പോൾ രൂപാന്തരപ്പെടുകയാണ്. കോവിഡ് പിടിവിട്ടുപോവുകയാണ് എന്ന മട്ടിലാണ് സർക്കാർ തന്നെ തരുന്ന സൂചനകൾ. ഓഗസ്റ്റോടെ വലിയ വ്യാപനം ഉണ്ടാകുമെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിരിക്കുന്നു. അതൊന്നും സർക്കാരിന്റെ വീഴ്ചയായി പറയാനാവില്ല. ഒരു മഹാമാരി തകർത്താടുകയാണ്. മാസ്ക്കടക്കം സമൂഹവ്യാപനം തടയുന്നതിനു വേണ്ട ക്രമീകരണങ്ങളെല്ലാം കണ്ഠാഭരണം പോലാവുകയാണ്. ഒരു ആഭരണം പോലെ കഴുത്തിൽ മാസ്ക്. പ്രസംഗവും സംസാരവും എല്ലാം മാസ്കില്ലാതെ.
ഇടുക്കിയിലെ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാരച്ചടങ്ങുകൾക്കു കാണിച്ച കാർക്കശ്യം ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തനെ സംസ്കരിച്ചപ്പോൾ കാണിച്ചില്ല. സർക്കാരിനു കോണ്ഗ്രസുകാരുടെ ജീവനിൽ ഏറെ ജാഗ്രതയുള്ളതുപോലാണു പോലീസ് നടപടികൾ. ഒരു കുറ്റം കോണ്ഗ്രസുകാരും കമ്യൂണിസ്റ്റുകാരും ചെയ്താൽ കോണ്ഗ്രസുകാർക്കെതിരെ മാത്രം കേസ്! പൊതു പ്രവർത്തകർ തന്നെ സുരക്ഷാ നിയമങ്ങൾ ലംഘിക്കുകയാണ്.
ക്രമീകരണങ്ങൾ എവിടെ?
കോവിഡ് വന്നുതുടങ്ങിയ കാലത്ത് ക്വാറന്റൈനു വേണ്ടി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നു എന്നു മുഖ്യമന്ത്രി പറഞ്ഞ ക്രമീകരണങ്ങളൊന്നും ഇല്ലെന്നാണ് ഇപ്പോൾ തെളിയുന്നത്. വീട്ടിൽ ക്വാറന്റൈനിൽ കഴിയാനാണ്രതെ ഉപദേശം. കേരളത്തിലും ആശുപത്രികളിൽ ഇടയില്ലാത്ത കാലം വരുന്നു. സർക്കാർ സ്വകാര്യ ആശുപത്രികളുടെ സഹായം തേടിക്കഴിഞ്ഞു. പക്ഷേ നിരക്കുകൾ സംബന്ധിച്ച് വൻ തർക്കമാണ്. വാർഡിൽ സർക്കാർ പറയുന്നത് 750 രൂപയാണെങ്കിൽ സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെടുന്നത് 2700 രൂപയാണ്. ഓക്സിജൻ സൗകര്യമുള്ളിടത്ത് സർക്കാർ 1250 രൂപ നിർദേശിക്കുന്പോൾ 3500 രൂപയാണ് അവർ ആവശ്യപ്പെടുന്നത്. ഐസിയുവിലെ നിരക്ക് 1500നു പകരം 6500ഉം. വെന്റിലേറ്റർ സൗകര്യത്തിന് സർക്കാർ 2000 രൂപ നിശ്ചയിച്ചപ്പോൾ സ്വകാര്യ ആശുപത്രികൾ ചോദിക്കുന്നത്. 11,000 രൂപയാണ്. സർക്കാർ മൊത്തം പാക്കേജിന് ഒരു ലക്ഷം രൂപ നിശ്ചയിച്ചപ്പോൾ സ്വകാര്യക്കാർ അതിനൊന്നും പറ്റില്ലെന്നു പറയുന്നു. പാവങ്ങൾ എന്തു ചെയ്യും?
പ്രവാസികൾ
കോവിഡ് പടർന്നു തുടങ്ങുന്നതിനുമുന്പ് വിമാനത്താവളങ്ങൾ അടയ്ക്കാതെ, ട്രെയിനുകൾ ഓട്ടംനിർത്താതെ പ്രവാസികൾക്കും അന്യസംസ്ഥാനങ്ങളിൽ ഉള്ളവർക്കും മടങ്ങാൻ അവസരം കൊടുത്തിരുന്നെങ്കിൽ എത്രയോ പേരെക്കൂടി രക്ഷപ്പെടുത്താമായിരുന്നു എന്നു ചിന്തിക്കുന്നവർ ഇന്നുണ്ട്. കേരളത്തിലും ഭാരതത്തിലും കോവിഡ് രോഗികളുടെ മരണനിരക്ക് താരതമ്യേന കുറവാണ്. അതിൽ സർക്കാർ ഉൗറ്റം കൊള്ളുന്നുണ്ടോ ആവോ?
വിദേശങ്ങളിൽ, പ്രത്യേകിച്ചു ഗൾഫിൽ, തൊഴിലും നഷ്ടപ്പെട്ടു ചികിത്സിക്കാൻ പണവും ഇല്ലാതെ പാവം പ്രവാസി മലയാളികൾ വല്ലാത്ത നെഞ്ചിടിപ്പിലാണ്. അവരുടെ വിലാപങ്ങൾ ചാനലുകളിലൂടെ ഉയരുന്നുണ്ട്. അവർക്കു പണമില്ല. മരുന്നും ജീവിതമാർഗവുമില്ല. അവിടത്തെ മലയാളികളുടെ മരണസംഖ്യ മുന്നൂറിനോട് അടുക്കുകയാണ്. പ്രവാസികളെ തിരിച്ചെത്തിക്കാൻ സർക്കാർ എന്തു ചെയ്തു എന്ന ചോദ്യത്തിനു ലോകം മുഴുവനുമുള്ള മഹാമാരി അല്ലേ എന്നു ചോദിച്ച് ഒരു മന്ത്രി ചാനൽ ചർച്ചയിൽ തലയൂരാൻ നോക്കുന്നതു കണ്ടു.
മൂപ്പിറക്കിന്റെ നാളുകൾ
കേരള സർക്കാരിന് ഇനി ബാക്കിയുള്ള നാളുകൾ ബോധപൂർവമുള്ള മൂപ്പിറക്കിന്റെ നാളുകളാവുമെന്നു ബാലാവകാശ കമ്മീഷൻ ചെയർമാൻ നിയമനത്തിലൂടെ കൃത്യമായ സൂചനയായി. അധികാരത്തിൽ തിരിച്ചെത്താൻ സർക്കാർ എല്ലാ മാർഗവും ഉപയോഗിക്കും. അതു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്നെ ഉണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പാകുന്പോഴേക്കും അത് മൂർധന്യത്തിലെത്തും. പ്രതിഷേധിക്കാനോ സത്യം ജനങ്ങളെ അറിയിക്കാനോ ഒക്കെ കോവിഡിന്റെ മറവിൽ പരിമിതികൾ ഉണ്ടാവും.
രണ്ടുവർഷം മുന്പു നടന്ന പ്രളയക്കെടുതിയിൽനിന്നു കേരളത്തെ പുനരുദ്ധരിക്കാനുള്ള ഉപദേശം തരാൻ റീബിൽഡ് കേരള കണ്ടെത്തിയ ഉപദേശി ഇപ്പോൾ നിയമപരമായി തിരിച്ചെത്തുന്നതും കൃത്യമായ സൂചനയാണ്. ടെൻഡർ പോലും വിളിക്കാതെ അന്ന് നിയോഗിച്ചിരുന്ന കെപിഎംജി കണ്സൽട്ടൻസിയെ പ്രതിപക്ഷ വിമർശനത്തെ തുടർന്നു ടെൻഡർ വിളിച്ച് ഉപദേശിയാക്കി നിയമിച്ചു! കോടികൾ ഉപദേശച്ചെലവും കൊടുക്കും. ഇനിയും ഉണ്ടാവും ഇത്തരം തീരുമാനങ്ങൾ.
അതായത്, റീബിൽഡ് എന്ന ഓമനപ്പേരിട്ട് കുറേപ്പേർ സുഖിക്കുന്നതല്ലാതെ പ്രളയത്തിൽ പെട്ടവർക്കു സഹായം ഒന്നുമില്ല. സഖാക്കൾ ഉണ്ടാക്കിയ പ്രയോജനത്തിന്റെ ഒറ്റപ്പെട്ട കഥകൾ പുറത്തുവരുന്നു. ചിലരെ അറസ്റ്റ് ചെയ്യാതെ മാർഗമില്ലെന്നായി.
സിപിഎംകാർക്ക് അവരുടെ നേതാവിൽ വിശ്വാസമുണ്ട്. അദ്ദേഹം പറയുന്നത് അവർക്കു വേദവാക്യമാണ്. നേതാവ് ഒരാളെ ചീത്ത വിളിച്ചാൽ അയാളെ പിന്നെന്തു വിളിക്കണം എന്നാവും അവരുടെ ചോദ്യം. മുല്ലപ്പള്ളി രാമചന്ദ്രനെ പ്രതിരോധിക്കാൻ രണ്ടു ദിവസം എടുത്തപോലുള്ള അറച്ചുനിൽപ്പൊന്നും അവിടെ ഉണ്ടാവില്ല. അതിനുള്ള തന്റേടമുണ്ട്. തമ്മിത്തല്ലില്ലാതെ കാര്യങ്ങൾ ചെയ്യാനാവും.
ജനാധിപത്യ മുന്നണി അധികാരത്തിൽ തിരിച്ചെത്തിയാൽ തന്നെ മുന്നണിക്കാർക്കുവേണ്ടി എന്തു ചെയ്യാനാവും? ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് വിവരാവകാശ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കാനാവാതെ പോയതുപോലെ എത്രയോ ഉദാഹരണങ്ങൾ!
ബംഗാളിൽ 30 വർഷമാണു സിപിഎം തുടർച്ചയായി ഭരിച്ചത്. എന്നിട്ടു ബംഗാളികൾക്കു ജീവിക്കാൻ കേരളത്തിൽ കൂലിവേലയ്ക്കു വരേണ്ടിവന്നു. അവിടെ സിപിഎം എന്നു കേട്ടാൽ ജനം കല്ലെറിയും. കേരളവും അങ്ങോട്ടെത്താനാണു സാധ്യത.
ജനാധിപത്യമുന്നണി സർക്കാരിന്റെ കാലത്ത് വലിയ ആദർശങ്ങൾ പറയാറുള്ള പല ഉന്നത ഉദ്യോഗസ്ഥരും ഇന്നു ന്യായീകരണത്തൊഴിലാളികളാണ്. അല്ലെങ്കിൽ റവന്യു സെക്രട്ടറിയായിരുന്ന വേണുവിന്റെ ഗതി വരും. ജൂണിയർ ഐഎഎസുകാരുടെ പദവിയിലെത്തി ആ പ്രിൻസിപ്പൽ സെക്രട്ടറി. ജനാധിപത്യമുന്നണിയുടെ കാലത്തെപ്പോലെ ചെയ്തുനോക്കിയതിന്റെ ഫലം. ആർക്കും മിണ്ടാട്ടം പോലുമില്ല.
അനന്തപുരി /ദ്വിജൻ