നമ്മുടെ ജനത്തിന്റെ മനസ്!
Sunday, April 11, 2021 12:17 AM IST
അനന്തപുരി / ദ്വിജൻ
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആരെങ്കിലും ഞെട്ടിച്ചെങ്കിൽ അത് എൻഎസ്എസ് നേതാവ് സുകുമാരൻ നായരായിരിക്കും. പണ്ട് ഒരു ഉപതെരഞ്ഞടുപ്പ് ദിവസം വി.എസ്. അച്യുതാനന്ദൻ സിപിഎമ്മുകാർ വധിച്ച "കുലംകുത്തി'യുടെ വീട് സന്ദർശിച്ചതുപോലെ ഒരു അടിയാണ് സുകുമാരൻ നായർ കൊടുത്തത്. സുകുമാരൻ നായർ ഇക്കുറി സമദൂരം മാറ്റി കേരളത്തിൽ ഭരണമാറ്റം ഉണ്ടാകണമെന്ന് ജനം ആഗ്രഹിക്കുന്നതായി വോട്ടെടുപ്പു ദിവസം രാവിലെ പ്രഖ്യാപിച്ചത് ക്യാപ്റ്റനെയും അദ്ദേഹത്തിന്റെ പടയാളികളെയും വല്ലാതെ ഞെട്ടിച്ചു. സുകുമാരൻ നായരുടെ വാക്കുകളോടുണ്ടായ പ്രതികരണങ്ങൾ അതു വ്യക്തമാക്കുകയും ചെയ്തു. അതോടെ കേരളത്തിലെ നായർ സമുദായാംഗങ്ങൾ എങ്കിലും ഒറ്റക്കെട്ടായി ഇടതു സർക്കാരിനെതിരായി വിധി എഴുതും എന്നു ഭയപ്പെടുന്നതുപോലെ തോന്നി ആ പ്രതികരണങ്ങൾ.
വല്ലാത്ത അടി
പോർക്കളത്തിൽ ഇത്തരം ഇരുട്ടടികൾ പ്രതിക്ഷിക്കണമെങ്കിലും സുകുമാരൻ നായരിൽനിന്ന് ഇത്തരം ഒരു താഡനം പിണറായി നിനച്ചിരുന്നില്ല. പ്രത്യേകിച്ചും എൻഎസ്എസ് വർഷങ്ങളായി ഉന്നയിക്കുന്നതും ജനാധിപത്യമുന്നണിക്ക് ഒരിക്കലും സാധിക്കില്ലാത്തതുമായ സാന്പത്തിക സംവരണം അടക്കമുള്ള നിരവധി ചരിത്ര തീരുമാനങ്ങൾ എടുത്ത ഒരു സർക്കാർ മാറണമെന്ന് സുകുമാരൻ നായർ അഭിപ്രായപ്പെടുമെന്ന് എങ്ങനെ കരുതാൻ? സുകുമാരൻ നായരുടെ വാക്കുകൾ കേട്ടപ്പോൾ ഭരണകാലത്ത് ചെയ്യുന്നവ ഒന്നുമല്ല വോട്ടെടുപ്പിനു പലരും കണക്കാക്കുന്നതെന്ന തോന്നലും ഉണ്ടായി. ഇനി അഥവാ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിൽ വന്നാൽ പിണറായി സർക്കാർ ഏർപ്പെടുത്തിയ സാന്പത്തിക സംവരണത്തിനു മാറ്റം വരുമോ എന്നു സശയിക്കുവാൻ ന്യായങ്ങളുണ്ടായിട്ടും സുകുമാരൻ നായർ ഭരണമാറ്റത്തിനുവേണ്ടി വാദിച്ചു. അതിന് അദ്ദേഹത്തിന് അവകാശമുണ്ട്. പക്ഷേ അത്തരത്തിലുള്ള തീരുമാനത്തിലേക്കു ജനാധിപത്യമുന്നണിയുടെ സർക്കാർ നീങ്ങിയാൽ സുകുമാരൻ നായർ സമുദായത്തോടു ചെയ്യുന്ന വലിയ അപരാധമായി ഈ ആഹ്വാനം ചിത്രീകരിക്കപ്പെടും. അത്തരം നടപടി ഉണ്ടായാൽ സുപ്രീം കോടതിയിൽ കേസിനു പോകാം. പക്ഷേ കേസ് അങ്ങനെ നീണ്ടുപോകും, ലാവ്ലിൻ പോലെ. സാന്പത്തിക സംവരണത്തിനെതിരേ സുപ്രീം കോടതിയിലുള്ള കേസിലെ വിധിക്കുശേഷം തീരുമാനിച്ചാൽ മതി എന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞതു മറക്കാനാവുമോ? ആ പ്രസ്താവന അന്ന് ഉച്ചകഴിഞ്ഞപ്പോൾ മാറ്റിയതിന്റെ കാരണവും ആർക്കാണറിയാത്തത്?
1987ൽ എൻഎസ്എസ് നേതൃത്വത്തിന്റെ സമ്മർദം മൂലം ഏർപ്പെടുത്തിയ സാന്പത്തിക സംവരണം ലീഗ് സമ്മർദം മൂലം കോണ്ഗ്രസ് മരവിപ്പിച്ചതാണ്. ഈ വിവാദങ്ങളിൽപ്പെട്ട് 1987 ൽ കരുണാകരനു ഭരണത്തുടർച്ച നഷ്ടപ്പെടുകയും ചെയ്തു. ലീഗിന് അതിൽ സങ്കടമുണ്ടായിരിക്കില്ല. കാരണം ലീഗ് കോട്ടകളിൽ അവർ വിജയിച്ചു. നഷ്ടം ഉണ്ടായത് കോണ്ഗ്രസിനായിരുന്നു. എല്ലാം കണ്ട ജനം ശരിക്കും പെരുമാറി എന്നതു ചരിത്രം. എൻഎസ്എസ് പറഞ്ഞതുകൊണ്ടു മാത്രമല്ല പിണറായി സർക്കാർ ഈ തിരുമാനം എടുത്തത്. ഇ.എം.എസിന്റെ കാലം മുതലെ സിപിഎം എടുക്കുന്ന നലിപാടാണിത്.
ഇടതു മുന്നണിയുടെ പ്രകടന പത്രികയിലും ഉണ്ടായിരുന്നു ഈ വാഗ്ദാനം. എസ്എൻഡിപി പോലുള്ളസമുദായ സംഘടനകൾക്കും ലീഗ് പോലുള്ള പാർട്ടികൾക്കും ഇഷ്ടപ്പെടാത്തതായിരുന്നു ആ തീരുമാനം. ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ മുന്നാക്കക്കാരായ ഹിന്ദുക്കൾക്കു സംവരണം ഏർപ്പെടുത്തിയതടക്കം പല കാര്യത്തിലും എൻഎസ്എസ് ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗികരിച്ചു. അതിന്റെ പേരിൽ അക്കൂട്ടർ പ്രതിഷേധിക്കുകയും ചെയ്തു. എന്നിട്ടും പിണറായി ഉറച്ചുനിന്നു. അതുകൊണ്ടു സമദൂരത്തിൽ എൻഎസ്എസ് പരസ്യമായി വെള്ളം ചേർക്കില്ല എന്നു മുഖ്യമന്ത്രി കരുതിയിരിക്കണം.
വല്ലാത്ത അവകാശവാദങ്ങൾ
നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി വോട്ടുപെട്ടിയിൽ വിശ്രമിക്കുന്പോഴും തങ്ങൾക്കു വൻ വിജയം ഉണ്ടാകും എന്ന് എല്ലാ മുന്നണിയും അവകാശപ്പെടുന്നുണ്ട്. എന്നാൽ തൂക്കുസഭയാണ് ബിജെപി ആഗ്രഹിക്കുന്നത്. അടുത്തകാലത്തു നടന്ന എല്ലാ തെരഞ്ഞെടുപ്പിലും പ്രവചനങ്ങളെ തെറ്റിച്ച ജനവിധിയാണ് കേരള ജനത നൽകിയത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് ജനാധിപത്യമുന്നണി പോലും സ്വപ്നം കാണാത്ത വിജയം അവർക്കു കിട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ കാലമായപ്പോൾ ഇടതുപക്ഷത്തിന്റെ നില കേന്ദ്ര ഏജൻസികളുടെ കേസുകളടക്കം പല കാരണങ്ങൾകൊണ്ടു വല്ലാതെ മോശമായിരുന്നു. എന്നാൽ ജനവിധി വന്നപ്പോൾ അവർക്കു വൻ വിജയമായി. അതായത് ആർക്കും പിടികൊടുക്കാത്ത അടിയൊഴുക്കുകൾ ഓരോ തെരഞ്ഞെടുപ്പിലും ഉണ്ടാകുന്നതാണ് കേരളത്തിന്റെ സമകാലിക അനുഭവം. ജനങ്ങൾക്കൊപ്പം എന്ന് അവകാശപ്പെടുന്ന ജനനേതാക്കൾക്ക് ഇപ്പോഴും അവരുടെ മനസിലെ അടിയൊഴുക്കുകൾ എന്ത് എന്നും എങ്ങനെ എന്നും മനസിലായ മട്ടില്ല.
പഞ്ചായത്തു തെരഞ്ഞെടുപ്പിലെ തരിച്ചടിക്കുശേഷം ജനാധിപത്യമുന്നണിയെ രക്ഷിക്കുവാൻ ഒളിവു ജീവിതത്തിൽനിന്നു തിരിച്ചുവിളിക്കപ്പെട്ട ഉമ്മൻ ചാണ്ടി നേതൃത്വം ഏറ്റെടുത്തപ്പോൾ 2019 ൽ മുയലിനെക്കൊന്ന ചക്ക തന്നെ ഇടാൻ തീരുമാനിച്ചു. ശബരിമല വീണ്ടും കുത്തിയുയർത്തി. ജനാധിപത്യമുന്നണിയുടെ മൃതസഞ്ജീവനിയാക്കി. സുകുമാരൻ നായരുടെ വാക്കുകളായി ആ വിഷയം വോട്ടെടുപ്പു ദിവസത്തെ വരെ ചർച്ചാവിഷയമാക്കി. പാചകവാതകത്തിനും പെട്രോളിനും ഡീസലിനും ഉണ്ടായ വില വർധന അടക്കം കേന്ദ്രസർക്കാരിന്റെ നടപടികളോ, കേന്ദ്ര ഏജൻസികളടക്കമുള്ള സർക്കാർ സംവിധനങ്ങൾ സംസ്ഥാന സർക്കാരുകളെയും പ്രതിപക്ഷ നേതാക്കളെയും അട്ടിമറിക്കുവാൻ നടത്തുന്ന കളികളോ, കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം മാറ്റിവച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനങ്ങളോ എന്തിന് സൗജന്യ കിറ്റടക്കം കേരളത്തിലെ ജനങ്ങൾക്കു സർക്കാർ നൽകിയ സഹായങ്ങളോ ഒന്നും അതോടെ ചർച്ചാവിഷയമായില്ല. പാണക്കാട് തങ്ങൾ വരെ ശബരിമല വിഷയം മുതലാക്കുവാൻ നോക്കി. ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നാൽ സാമുദായിക ആചാരങ്ങൾ സംരക്ഷിക്കപ്പെടുമെന്നായിരുന്നു തങ്ങളുടെ പ്രതികരണം. ഈ സമിപനം ബിജെപിക്കും കോണ്ഗ്രസിനും ഗുണം ചെയ്തിരിക്കാം.
രാഹുൽ ഫാക്ടർ
രാഹുൽ കേരളത്തിൽ മത്സരിച്ചതുകൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ അന്പരപ്പിക്കുന്ന വിജയം ഉണ്ടായതെന്നായി അടുത്ത ഭാഷ്യം. ബിജെപി അധികാരത്തിൽ തരിച്ചുവരാതിരിക്കുവാൻ രാഹുലിൽ രക്ഷകനെ കണ്ടവരിൽ ഈ സ്വാധിനം ഉണ്ടായിട്ടുണ്ടാവാം. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെയും രാഹുലിന്റെ രാജിയോടെയും കടുത്ത കോണ്ഗ്രസുകാർക്കു പോലും ആ സ്വപ്നം പൊലിയുകയും ചെയ്തു. എങ്കിലും ഇക്കുറി രാഹുലിനെയും പ്രിയങ്കയെയും കേരളത്തിലാകെ പ്രചാരണത്തിനിറക്കി.
കടലിൽ ചാടുന്നതും പെണ്കുട്ടികളെ യുദ്ധമുറ പഠിപ്പിക്കുന്നതും ഓശാനയ്ക്കു കുരുത്തോല വാങ്ങുന്നതും അടക്കം എന്തെല്ലാം ജനപ്രിയ പ്രവൃർത്തികളാണ് രാഹുൽ നടത്തിയത്? ഇതെല്ലാം വോട്ടകുമോ? എല്ലാം കണ്ട ജനം മനസിൽ കുറിച്ചത് അവർക്കു മാത്രമാവും അറിയുക. അതാണ് കേരളത്തിലെ ജനങ്ങളുടെ മനസിന്റെ ഒൗന്നിധ്യം. ആർക്കും പ്രവചിക്കാനാവാത്ത വിധം സങ്കിർണമാകും ആ തീരുമാനങ്ങൾ. എല്ലാവർക്കും പ്രത്യാശ കൊടുക്കും. ഈ നിയമസഭാ തെരഞ്ഞെടുപ്പിലും അതാവില്ലേ സംഭവിക്കുക?
പ്രതിഫലനങ്ങൾ
രാവിലെ വളരെ ആവേശത്തോടെ പോളിംഗ് ബൂത്തുകളിൽ എത്തിയിരുന്ന ജനത്തിന്റെ ഒഴുക്കിന്റെ ഗതി ശബരിമല വിവാദം മൂത്തതോടെ കുറഞ്ഞു. രാത്രി ഏഴിന് പോളിംഗ് അവസാനിക്കുന്പോൾ കേരളത്തിലെ 140 മണ്ഡലങ്ങളിലേക്കായി മത്സരിക്കുന്ന 957 സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്നതിന് ആകെ വോട്ടർമാരിൽ 74.04 ശതമാനമാണ് വോട്ടു ചെയ്തത് എന്നാണു കണക്ക്. 2016 ൽ 77.35 ശതമാനം വോട്ടു രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. പോളിംഗ് ശതമാനം കുറഞ്ഞതിനും തങ്ങൾക്കനുകൂലമായ വ്യാഖ്യാനങ്ങളുമായാണ് മുന്നു മുന്നണികളും എത്തുന്നത്. തങ്ങളുടെ ആൾക്കാർ എല്ലാം വോട്ടു ചെയ്തെന്ന് എല്ലാ പാർട്ടിക്കാരും അവകാശപ്പെട്ടു.
ന്യൂനപക്ഷങ്ങളാകെ തങ്ങൾക്കു വോട്ടു ചെയ്തു എന്ന് ജനാധിപത്യമുന്നണി ഉറച്ചു വിശ്വസിക്കുന്നു. സർക്കാർ വിരുദ്ധ വികാരം ഉണ്ടായിരുന്നെങ്കിൽ ജനം വൻ തോതിൽ ഒഴുകിയെത്തുമായിരുന്നു എന്നും അതില്ലാത്തതു തുടർഭരണം ഉണ്ടാകണമെന്നതിന്റെ അടയാളമാണെന്നും സിപിഎം വക്താക്കൾ വാദിച്ചു.
ജനം കുറിച്ച വിധി മേയ് രണ്ടിന് അറിയുന്നതുവരെ എന്തിന് ഈ അവകാശവാദങ്ങൾ? 20 ദിവസം കാത്തിരുന്നാൽ വ്യക്തമാകുന്ന സത്യത്തെക്കുറിച്ച് വല്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് ജനഹിതം മനസിലാക്കുന്നതിൽ തനിക്കുള്ള കഴിവുകേട് തുറന്നു സമ്മതിക്കുന്നത് എന്തിന്? പാലാ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ജോസ് ടോമിനു വൻ വിജയം പ്രവചിച്ച ഒരു ചാനലുകാരന് എത്രനാളാണ് തലയിൽ മുണ്ടിട്ടു നടക്കേണ്ടി വന്നത്.
തൂക്കു നിയമസഭ ഉണ്ടാകും എന്നാണു ബിജെപിയുടെയും അവരോട് ഒപ്പം നിൽക്കുന്നവരുടെയും സ്വപ്നം. അങ്ങനെ വന്നാൽ ബിജെപി ഒരു കളി കളിക്കും എന്നും പറയാതെ പറയുന്നു. ജനവിധിയെ അട്ടിമറിച്ചു ഭരണം പിടിക്കുന്നതിൽ മറ്റു സംസ്ഥാനങ്ങളിൽ അവരുടെ നേതൃത്വം കാണിച്ച വൈഭവമാണ് ഇത്തരം പ്രതികരണങ്ങൾക്ക് അവരെ പ്രേരിപ്പിക്കുന്നത്. കോണ്ഗ്രസിൽനിന്നു തന്നെ ഏറെപ്പേരെ പിടിച്ചാണ് അവർ ഗോവയിൽ അട്ടിമറി നടത്തിയത്. ചാക്കിടേണ്ടവരെ ഇപ്പോൾത്തന്നെ മനസിൽ കണ്ടിട്ടുണ്ടാവും. 1979ൽ ലീഗിനു മുഖ്യമന്ത്രിസ്ഥാനം കൊടുത്തു കരുണാകരൻ കളിച്ച കളിപോലെ ചിലത്. മെട്രോമാൻ എന്നു വിളിക്കപ്പെടുന്ന ഇ. ശ്രിധരൻ പാലക്കാട്ട് എംഎൽഎ ഓഫിസിനു കെട്ടിടംവരെ എടുത്തു. വേറൊരാൾ തൂക്കു നിയമസഭ ഉണ്ടാകും അപ്പോൾ ആഭ്യന്തരവകുപ്പുമായി താൻ ഭരണത്തിൽ കയറും എന്നുവരെ പ്രവചിച്ചിട്ടുണ്ട്.
സർവേകൾ
തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുന്പോൾ ഇടതു മുന്നണി വള്ളപ്പാട് മുന്നിൽ എന്നായിരുന്നു എല്ലാ സർവേക്കാരുടെയും കണക്ക് എങ്കിൽ വോട്ടെടുപ്പായപ്പോൾ ഒപ്പത്തിനൊപ്പം എന്നായി കണക്ക്. സർക്കാർ പരസ്യം മാത്രം ഉണ്ടായിരുന്ന കാലത്തായിരുന്നു ആദ്യത്തെ സർവേ ഫലങ്ങൾ എങ്കിൽ ജനാധിപത്യ മുന്നണിക്കാരുടെ പരസ്യം കിട്ടിത്തുടങ്ങിയപ്പോഴാണ് രണ്ടാമത്തെ നിലപാടിലെത്തിയത്. രമേശ് ചെന്നിത്തലയുടെ വാക്കുകളിൽനിന്നുതന്നെ എത്തിച്ചേരാവുന്ന അനുമാനമാണിത്. ആദ്യസർവേകളിലെല്ലാം തുടർഭരണം എന്ന ഫലം വന്നപ്പോൾ അദ്ദേഹം പരിതപിച്ചു, പരസ്യം കൊടുത്തു മാധ്യമങ്ങളെ സർക്കാർ വിലയ്ക്കെടുത്തു എന്ന്. ഏതായാലും ജനാധിപത്യമുന്നണിയുടെ പരസ്യം വന്നുതുടങ്ങിയതിനൊപ്പം യുഡിഎഫിന്റെ നിലയും ഉയർന്നുതുടങ്ങി. പരസ്യം കിട്ടിയതുകൊണ്ടു ചെയ്ത സഹായം ആണെന്നു ചാനലുകാർ സമ്മതിക്കില്ല. എങ്കിലും അവരുടെ സമിപനങ്ങളിലെ കാപട്യം ആർക്കും മനസിലാകുന്നതാണ്,
ഒരു മുന്നണിക്കു വൻ ഭൂരിപക്ഷം കിട്ടും എന്ന തുടക്കക്കാലത്തെ മാധ്യമ പ്രവചനം പോലെ അവിശ്വസനീയമാണ് അവസാനം മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം ആണ് എന്ന അവരുടെ സർവേകളും. കേരളത്തിലെ ജനങ്ങളുടെ മനസറിയാൻ മേയ് രണ്ടു വരെ കാത്തിരിക്കണം എന്നതാണു സത്യം.