ബാലവേലയുടെ ഇരകൾ 15.2 കോടി
Friday, June 11, 2021 10:54 PM IST
ലോകമെമ്പാടുമുള്ള 15.2 കോടി കുട്ടികൾ ബാലവേലയുടെ ഇരകളാണ്. ഇതിൽ 8.8 കോടി ആൺകുട്ടികളും 6.4 കോടി പെൺകുട്ടികളുമാണ്. ബാലവേലയ്ക്ക് ഇരയായവരിൽ 48 ശതമാനവും 5-11 വയസ് പ്രായമുള്ളവരാണ്. 71 ശതമാനം ബാലവേലയും കാർഷിക മേഖലയിലാണ് നടക്കുന്നത്. ഇത്തരം നിയമവിരുദ്ധ തൊഴിലിലൂടെ പ്രതിവർഷം 15,000 കോടി ഡോളർ അനധികൃത ലാഭം ഉണ്ടാക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയിൽ കൂടിവരുന്ന കുറ്റകൃത്യമാണ് ബാലപീഡനവും ബാലവേലയും. കുട്ടികളോടുള്ള സമീപനത്തിലും മനോഭാവത്തിലും മുമ്പെങ്ങുമില്ലാത്ത തരം മാറ്റമാണ് ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രമുഖ മനഃശാസ്ത്രജ്ഞരും സാമൂഹികശാസ്ത്രജ്ഞരും പറയുന്നു. പെൺകുട്ടികളെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിക്കുന്നതാകട്ടെ ബാലവേലയായി കണക്കാക്കുന്നുപോലുമില്ല.
കുട്ടികള്‍ക്കാകുമ്പോള്‍ കൂലി കുറച്ച് കൊടുത്താല്‍ മതി എന്നതിനാലാണ് അവരെ കൂടുതലായി ജോലിക്കു വയ്ക്കുന്നത്. സാധാരണ തൊഴിലാളിക്ക് 750 രൂപ ഒരു ദിവസം കൂലി കൊടുക്കുമ്പോള്‍ കുട്ടികളാണെങ്കില്‍ 200 രൂപ നല്കിയാല് മതിയാകും. പലരുടെയും വീടുകളിലെ സാഹചര്യമാണ് ഇത്തരം അവസ്ഥകളിലും ജോലി ചെയ്യാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നത്.
കോവിഡിന്റെ ആഘാതത്തിൽ 90 ലക്ഷം കുട്ടികളെങ്കിലും അപകടസാധ്യതയിലാണെന്നു പഠനങ്ങൾ പറയുന്നു. 2022 അവസാനത്തോടെ 90 ലക്ഷത്തിലധികം കുട്ടികളെ ബാലവേലയിലേക്കു തള്ളിവിടാൻ സാധ്യതയുണ്ടെന്ന് യുഎൻ റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. ഇന്ത്യയിലും കേരളത്തിലും ബാലവേല കുറഞ്ഞുവരികയായിരുന്നു. എന്നാൽ കോവിഡ് ഈ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മഹാമാരി ബാലവേല പ്രതിസന്ധിയുടെ ആക്കം കൂട്ടുകയും ചെയ്തു.
‘ബാലവേലയ്ക്കെതിരായ പോരാട്ടത്തിൽ നമുക്ക് നഷ്ടം സംഭവിക്കുകയാണ്, കഴിഞ്ഞ വർഷം ആ പോരാട്ടം കൂടുതൽ കഠിനമായിരുന്നു’ എന്നാണ് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെന്റിയേറ്റ ഫോർ പറയുന്നത്. 2021 ബാലവേല ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര വർഷമായി യുഎൻ പ്രഖ്യാപിച്ചിരിക്കുകയാണ്.
ടോണി ചിറ്റിലപ്പിള്ളി