ഓണ്‍ലൈൻ വിദ്യാഭ്യാസം ഒഴിവാക്കാനാവില്ല, പക്ഷേ, കരുതലുണ്ടാകണം
Tuesday, September 7, 2021 12:27 AM IST
സമൂഹം സമാഹരിച്ച അറിവിനെ പുതിയ തലമുറയ്ക്ക് കൈമാറുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. അതിലൂടെ ഇളം തലമുറയെ ഉത്തരവാദിത്വം ഏറ്റെടുത്തു സമൂഹത്തെ നയിക്കുവാൻ പ്രാപ്തരാക്കുന്നു.
അച്ചടി വിദ്യ സ്വായത്തമാക്കിയതിനുശേഷമാണ് വിദ്യാഭ്യാസം സാർവത്രികമായിത്തിർന്നതു തന്നെ. അതിനുശേഷം കണ്ടുപിടിച്ച സാങ്കേതിക ഉപകരണങ്ങളായ റേഡിയോയും സിനിമയും ടെലിവിഷനും അദ്ധ്യയനരംഗത്തും നിലയുറപ്പിച്ചിട്ടുണ്ട്.
കംപ്യൂട്ടറും സ്മാർട്ഫോണും
കംപ്യൂട്ടറും ഇന്റർനെറ്റും സ്മാർട്ട്ഫോണും അധ്യയനരംഗത്ത് അനന്തമായ സാദ്ധ്യതകൾക്ക് വഴി തെളിക്കുന്നവയാണ്.
സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും അവയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിവരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തുറന്ന സർവ്വകലാശാല. കംപ്യൂട്ടറിലും ഉപഗ്രഹങ്ങളിലും ശീഘ്രഗമനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന് പാഠ്യപുസ്തകങ്ങളിലും ബോർഡിലുമായി ഇഴഞ്ഞുനീങ്ങുന്ന ഒരു വിദ്യാഭ്യാസരീതിയെ നിലനിർത്താനാവില്ലെന്ന് 1968-ൽത്തന്നെ അമേരിക്കൻ പ്രസിഡൻഷ്യൽ കമ്മിഷൻ അഭിപ്രായപ്പെട്ടിരുന്നതാണ്.
കോവിഡ് പ്രതിസന്ധി
ഇങ്ങനെയുള്ള സാദ്ധ്യതകൾ ആവിർഭവിച്ചുവെങ്കിലും സ്കൂൾ വിദ്യാഭ്യാസരംഗത്ത് കംപ്യൂട്ടറുകളെയും സ്മാർട്ഫോണുകളെയും കാര്യമായി ഉപയോഗപ്പെടുത്തിയിരുന്നില്ല. അവയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പഠനങ്ങളും ചർച്ചകളുമായി ഒതുങ്ങിയിരുന്നയവസരത്തിലാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. അതോടെ വിദ്യാലയങ്ങൾ അടച്ചിട്ടു. ലോകത്തിലാകെ ഏകദേശം 120 കോടി കുട്ടികളാണ് സ്കൂളുകളിൽ പോകാനാവാത്ത അവസ്ഥയിലേക്ക് എത്തിച്ചേർന്നത്.
തുടർന്ന് ഈ സാങ്കേതിക വിദ്യകളുപയോഗിച്ച് ഓണ്‍ലൈൻ ക്ലാസുകൾ തുടങ്ങുവാൻ ലോകരാഷ്ട്രങ്ങൾ തയാറായി. കുട്ടികൾക്ക് സ്കൂളുകളിൽ പോകാതെ, യാത്രയും തിരക്കും ഒഴിവാക്കി വിട്ടിലെ സമാധാന അന്തരീക്ഷത്തിൽ പഠിക്കുവാൻ സാധിക്കുമെന്നുള്ളതാണ് അതിന്റെ പ്രത്യേകത.
ചില പഠനങ്ങളനുസരിച്ച് സാധാരണ പഠനരീതിയുടെ 40-60 ശതമാനം സമയം മാത്രം മതി, ഓണ്‍ലൈൻ വഴിയിലൂടെയുള്ള പഠനമനുസരിച്ച് പാഠ്യഭാഗങ്ങൾ ഹൃദിസ്ഥമാക്കാൻ. കൂടാതെ ഓരോ പീരിയഡിലും പഠിപ്പിച്ച പാഠഭാഗങ്ങൾ രണ്ടാമതും മൂന്നാമതും ഇന്റർനെറ്റിലൂടെ ശ്രവിക്കുവാൻ സാധിക്കുന്നതുമൂലം സംശയങ്ങളും ഓർമ്മക്കുറവും പരിഹരിക്കാനാവും.
ന്യൂനതകൾ
സ്കൂൾ വിദ്യാഭ്യാസം പഠനത്തിനു മാത്രമല്ല ഉപകരിക്കുന്നത്. കുട്ടികൾക്ക് അങ്ങോട്ടുമിങ്ങോട്ടും അറിയുന്നതിനും സന്പർക്കം പുലർത്തുന്നതിനും സഹകരിക്കുന്നതിനും സ്കൂൾ വിദ്യാഭ്യാസം വഴിയൊരുക്കുന്നു. അതോടെ കുട്ടികളുടെയിടയിൽ സാമൂഹ്യബോധം വളർത്തിയെടുക്കുന്നതിനു സാദ്ധ്യമായിത്തീരുന്നു. ഓണ്‍ലൈനായി പഠനം നടത്തുന്ന കുട്ടികൾക്ക് ഇങ്ങനെയുള്ള ഗുണങ്ങൾ ലഭിക്കുന്നതിനോ സാമൂഹ്യബോധം വളർത്തുന്നതിനോ ഇടയാകുന്നില്ല. ഈ പോരായ്മ ഭാവിതലമുറക്കുതന്നെ ദോഷകരമായിത്തീരുന്നതാണ്.
സ്കൂൾവിദ്യാഭ്യാസത്തിലൂടെ വിനോദത്തിൽ ഏർപ്പെടുന്നതിനും കായികാഭ്യാസങ്ങൾ നടത്തുന്നതിനും അവസരം ലഭിക്കുന്നു. നേരേമറിച്ച്, കംപ്യൂട്ടറിന്റെ മുൻപിൽ അഞ്ചു മണിക്കൂറോളം പഠനം നടത്തുന്പോൾ, അത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. കായികബുദ്ധിമുട്ടുകളുടെ കൂട്ടത്തിൽ കാഴ്ചശക്തിയെയും അത് ദോഷകരമായി ബാധിക്കുന്നു. കുട്ടികളിൽ മാനസിക സംഘർഷങ്ങൾക്കും അതു ഇടനൽകിയേക്കാം.
ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ ഏകാഗ്രതയും ലക്ഷ്യബോധവുമുള്ള കുട്ടികളിലേ ഗുണപ്രദമാവുകയുള്ളു. ക്ലാസുകൾ മുഷിപ്പായി തോന്നുകയോ പാഠ്യഭാഗങ്ങൾ മനസിലാക്കുന്നതിന് പ്രയാസം അനുഭവപ്പെടുകയോ ചെയ്യുന്പോൾ പല കുട്ടികളും പഠനത്തിൽ നിന്ന് ഒഴിഞ്ഞുമാറി മറ്റു കാര്യങ്ങളിൽ വ്യാപൃതരാകാം.
വൈദ്യുതിബന്ധത്തിലും ഇന്റർനെറ്റിലും വീഴ്ചവന്നാൽ ക്ലാസുകളും അവതാളത്തിലാവും.
മാതാപിതാക്കളുടെ സഹായമില്ലാതെ ചെറിയ കുട്ടികൾക്ക് ക്ലാസ്സുകളിൽത്തന്നെ സംബന്ധിക്കുവാൻ പ്രയാസമായിരിക്കും. എന്നാൽ ജോലിയിൽ ഏർപ്പെടുന്ന മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുവാൻ സാധിച്ചുവെന്നുവരില്ല.
ഇന്റർനെറ്റിലും സ്മാർട്ഫോണിലും അശ്ലീലസന്ദേശങ്ങളും കുട്ടികളെ വഴിതെറ്റിക്കുവാൻ പര്യാപ്തമായ ധാരാളം പരിപാടികളും എപ്പോഴും പ്രക്ഷേപണം ചെയ്തുവരുന്നുണ്ട്.
ഇന്റർനെറ്റിന്റെയും ഫോണിന്റെയും ദൂഷിതവലയത്തിൽപ്പെട്ട് പല അനിഷ്ട സംഭവങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും ഇന്ന് നടക്കുന്നുണ്ട്.
ഓണ്‍ലൈൻ ക്ലാസുകളെ കുറ്റമറ്റതാക്കുന്നതെങ്ങനെ
ഓണ്‍ലൈനിൽ നിന്നുമുള്ള ദൂഷ്യഫലങ്ങളെ ഒഴിവാക്കി, ഓണ്‍ലൈൻ വിദ്യാഭ്യാസത്തെ കുറ്റമറ്റതാക്കാമോ എന്നതാണ് പ്രശ്നം. ഒന്ന് രണ്ട് കാര്യങ്ങൾ സൂചിപ്പിക്കുന്നത് സമുചിതമായിരിക്കും. അതനുസരിച്ച് സ്വീകരിക്കേണ്ട മാർഗ്ഗം, ഓണ്‍ലൈൻ രീതിയെ പരന്പരാഗത രീതിയുമായി അനുയോജ്യമായ തോതിൽ ബന്ധിപ്പിക്കുക എന്നുള്ളതാണ്. ഒന്നാമതായി പ്രാഥമിക തലത്തിൽ നിന്ന് ഓണ്‍ലൈൻ രീതിയെ പരമാവധി ഒഴിവാക്കിക്കൊണ്ട് പരന്പരാഗത രീതിയെ നിലനിർത്തുന്നതായിരിക്കും ഉത്തമം. കൊച്ചു കുട്ടികൾക്ക് ഓണ്‍ലൈൻ ക്ലാസ്സുകൾ വേണ്ടത്ര രീതിയിൽ ഗുണപ്രഥമാവുകയില്ലെന്നുള്ളതാണതിന്റെ കാരണം.
രണ്ടാമതായി ഹൈസ്കൂൾ തലത്തിൽ ഓണ്‍ലൈൻ രീതിയും പരന്പരാഗത രീതിയും സംയോജിപ്പിച്ച് പരിഷ്ക്കാം. ഒന്നിടവിട്ട ദിവസങ്ങളിൽ ഓണ്‍ലൈൻ ക്ലാസുകളും പരാന്പാരഗത രീതിയും മാറി മാറി നടത്താം. കുട്ടികൾക്ക് പരസ്പരം ബന്ധപ്പെടുന്നതിനും സാമൂഹ്യബന്ധം പുലർത്തുന്നതിനും ഉപകരിക്കും. ഗതാഗതക്കുരുക്കും വാഹനത്തിരക്കും കുറയ്ക്കുവാനും ഉപകരിക്കും.
യൂണിവേഴ്സിറ്റി തലത്തിൽ, തുറന്ന സർവകലാശാലയുടെ കോണ്ടാക്റ്റ് ക്ലാസുകൾ നടത്തുന്നതു പോലെ അഫിലിയേറ്റ് കേളജുകളെ രൂപാന്തരപ്പെടുത്തുന്നതായിരിക്കും ഉത്തമം. ഇങ്ങനെയൊക്കെയാണെങ്കിലും ഇക്കാര്യങ്ങളെപ്പറ്റി ഗഹനമായ പഠനകളും ചർച്ചകളും നടത്തേണ്ടിയിരിക്കുന്നു.
ഡോ. കെ.വി.ജോസഫ്