ഇൻഫാമിന്റെ കർഷകദിന ചിന്തകൾ
Saturday, January 15, 2022 12:00 AM IST
കേരള സർക്കാർ, കർഷകദിനമായി ആചരിക്കുന്നത് ചിങ്ങം ഒന്നാം തിയതി. പക്ഷേ, കർഷകരുടെ വേദനകൾ അനുഭാവപൂർവം മനസിലാക്കി ആത്മാർഥമായി പ്രതികരിക്കാൻ സന്മനസുകാട്ടാത്ത സർക്കാരുകളോടൊപ്പം ആഘോഷം നടത്തുന്നത് കർഷകരുടെ മനഃസാക്ഷി അനുവദിക്കില്ലല്ലോ. അങ്ങനെയാണ് ഇൻഫാമിന്റെ കർഷകദിനാഘോഷം ജനുവരി 15ന് നടത്തിപ്പോരുന്നത്.
നാണ്യവിളകളുടെ വിലത്തകർച്ച, കാലാവസ്ഥാ വ്യതിയാനം, വന്യമൃഗശല്യം, തൊഴിലാളിക്ഷാമം, പ്രകൃതിക്ഷോഭം, ഉയരുന്ന ഉത്പാദനച്ചെലവ്, കപട പരിസ്ഥിതി വാദം, കടക്കെണി, പട്ടയപ്രശ്നം ഇവയെല്ലാം കേരളത്തിന്റെ മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തുമുള്ള കർഷകരുടെ നിലനില്പിനെത്തന്നെ ചോദ്യംചെയ്യുകയാണ്.
ഡൽഹിയിലെ സമരഭൂമിയിൽ കഠിനമായ ശൈത്യവും അതുകഴിഞ്ഞ് അതിരൂക്ഷമായ ചൂടും ഘോരമഴയും വകവയ്ക്കാതെ ഒരു കൊല്ലക്കാലം തന്പടിച്ച് ധീരസമരം നടത്തി ഐതിഹാസികമായ വിജയം നേടിയ നമ്മുടെ ഉത്തരേന്ത്യൻ കർഷക സഹോദരങ്ങൾക്ക് അഭിവാദനങ്ങൾ. സമരഭൂമിയിൽ വീണുമരിച്ച എഴുന്നൂറോളം പോരാളികൾക്ക് നമോവാകം. ഉത്തരേന്ത്യൻ കർഷകരെ അംബാനി, അദാനിമാർക്കും അവർ പ്രതിനിധാനം ചെയ്യുന്ന ചങ്ങാത്ത മുതലാളിത്തത്തിനും കാഴ്ചവയ്ക്കാൻവേണ്ടി മോദിസർക്കാർ പടച്ചുവിട്ട മൂന്നു കർഷക നിയമങ്ങളും പിൻവലിച്ചെങ്കിലും കർഷകരുടെ ഒരു പ്രധാന ആവശ്യമായ എംഎസ്പി എന്ന താങ്ങുവില ഉറപ്പാക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ഇന്ത്യയിലെ 135 കോടി ജനങ്ങളിൽ പകുതിപ്പേരും കർഷകമേഖലയിലാണ് തൊഴിൽ കണ്ടെത്തിയിരിക്കുന്നത് ഇവർക്ക് അർഹമായ പരിഗണന ഇതുവരെ നമ്മുടെ സർക്കാരുകളിൽനിന്നു ലഭിക്കുന്നില്ല. കർഷക സംഘടനകൾ ഉണർന്നു പ്രവർത്തിച്ച് ശക്തമാക്കേണ്ടതിന്റെ ആവശ്യം വളരെ പ്രസക്തം.
കേരളത്തിലാണെങ്കിൽ വിളവെടുപ്പു സമയത്തുണ്ടാകുന്ന വിലയിടിവും കടക്കെണിയും ഇറക്കുമതിയുടെ അതിപ്രസരവും കൂടി നമ്മുടെ കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ന് ഇതേപോലുള്ള ഗുരുതരമായ പ്രതിസന്ധിവേളയിൽ 21 കൊല്ലം മുന്പ് ഇൻഫാം എന്ന സ്വതന്ത്ര കർഷക സംഘടന രൂപംകൊണ്ടത് നമുക്ക് അഭിമാനത്തോടെ ഓർമിക്കാം.
പരാതികൾ നൽകിയും സമരം ചെയ്തും അനേകം നേട്ടങ്ങൾ നാം കൈവരിച്ചിട്ടുണ്ട്. കാർഷിക കടം എഴുതിത്തള്ളാനും കർഷക പെൻഷൻ തുടങ്ങാനും വന്യമൃഗശല്യം അല്പമെങ്കിലും കുറയ്ക്കാനും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ പ്രവർത്തനംകൊണ്ട് നമുക്കു കഴിഞ്ഞിട്ടുണ്ട്. ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നു കർഷകനെ രക്ഷിക്കാനായി ഇൻഫാം നടത്തിയ വിപണി ഇടപെടലുകൾ വലിയ അളവിൽ ആശ്വാസം നൽകിയിട്ടുണ്ടെന്ന് നാം ഓർമിക്കണം.
പക്ഷേ, ശാശ്വത പരിഹാരം ഇന്നും അകലെയാണ്. കേരളത്തിലെ കാർഷികമേഖല പരിപൂർണമായി തകർന്നിരിക്കുകയാണിന്ന്. കഴിഞ്ഞ അര നൂറ്റാണ്ടു കാലത്ത് കേരളത്തിന്റെ കാർഷിക സന്പദ്വ്യവസ്ഥയുടെ നെടുംതൂണായിരുന്നു റബർകൃഷി. ഇന്ന് കർഷകന് ന്യായവില കിട്ടുന്നില്ല.
ഇറക്കുമതി റബർ സ്റ്റോക്ക് ചെയ്യുന്ന ടയർ വ്യവസായി പറയുന്ന വിലയ്ക്ക് റബർ വിൽക്കേണ്ട സ്ഥിതിയിലാണ് കർഷകൻ. വിദഗ്ധ ടാപ്പർമാരെ കിട്ടാനില്ല. ഏഴെട്ടു വർഷമായി വൻ തോതിൽ ഇറക്കുമതി നടക്കുന്നു. ഇറക്കുമതിയുടെ ആധിക്യം കൊണ്ട് വിലയിടിഞ്ഞ് ടാപ്പിംഗ് നടക്കാതെ പോകുന്നു. ഇത്പാദനം കുറയുന്നു. ന്യായവില ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞതോടെ കഠിനാധ്വാനം ചെയ്ത കർഷകർ, റബറിന്റെ ഉത്പാദനം 15,000 ടണ്ണിൽനിന്നു പത്തു ലക്ഷം ടണ്ണിലെത്തിച്ചു. പക്ഷേ, അഞ്ചാറു വർഷത്തെ കേന്ദ്ര അവഗണന കാരണം റബറിന്റെ ഉത്പാദനം വെറും അഞ്ചര ലക്ഷം ടണ്ണിലേക്കു താഴ്ന്നു.
ലോക വാണിജ്യകരാറിന്റെ വ്യവസ്ഥകളനുസരിച്ച് ഇറക്കുമതി അധികമായിത്തീർന്ന് ഒരു ഉത്പന്നത്തിന്റെ വിലയിടിഞ്ഞ് അതിന്റെ ആഭ്യന്തര ഉത്പാദനം കുറഞ്ഞുപോയാൽ ഉത്പാദനക്കുറവ് വീണ്ടെടുക്കാനായി ഇറക്കുമതിക്ക് കൂടുതൽ ചുങ്കം ചുമത്താൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്. ഇതിനുവേണ്ടി നിരവധി അപേക്ഷകൾ കേന്ദ്രത്തിലെത്തിച്ചെങ്കിലും സർക്കാർ കനിഞ്ഞില്ല. അതേസമയം ചൈനയിൽനിന്നു ടയർ ഇറക്കുമതി നടന്നാൽ റിക്കാർഡ് ലാഭം നേടുന്ന ടയർ കന്പനികളുടെ ലാഭം കുറഞ്ഞുപോയേക്കുമെന്നു കരുതി അവർ കേന്ദ്രസർക്കാരിനെ സമീപിച്ചു.
ചൈനീസ് ടയറിന്റെമേൽ കൂടുതൽ ഇറക്കുമതിച്ചുങ്കം വിധിച്ച് തങ്ങളെ സഹായിക്കാൻ അഭ്യർഥിച്ചുകൊണ്ട്. അതുപോലെതന്നെ, കൃത്രിമ റബർ ഇറക്കുമതി ജർമനിയിൽനിന്നു നടക്കുന്നു. അതിന്റെ ഇറക്കുമതിച്ചുങ്കം ഉയർത്തി തങ്ങളുടെ ലാഭം കുറയാതെ നോക്കണമെന്ന് ഇന്ത്യൻ കൃത്രിമ റബർ ഉത്പാദകരമായ റിലയൻസും മറ്റും അപേക്ഷ നൽകി. ഈ രണ്ടു കൂട്ടർക്കും ഉടനടി വരദാനം നൽകിയ കേന്ദ്രസർക്കാർ ഇതുവരെ ചെറുകിട കർഷകർക്ക് ഇതേ സഹായം നിഷേധിക്കുകയാണ്. അങ്ങനെ കേരളത്തിലെ റബർ കർഷകർക്ക്, ടയർ വ്യവസായികൾ നൽകുന്ന ചില്ലറ വാങ്ങിക്കൊണ്ട്, കുന്പിളിൽത്തന്നെ കഞ്ഞിയെന്ന് കേന്ദ്രസർക്കാർ വിധിച്ചിരിക്കുകയാണ്.
ഈ സന്ദർഭത്തിൽ മുന്നോട്ടുള്ള വഴിയറിയാതെ പകച്ചുനിൽക്കുന്ന റബർ കർഷകർക്ക് ആദായകരമായ മറ്റു വിളകളിലേക്കു തിരിയാൻ എന്തെങ്കിലും സാങ്കേതിക ഉപദേശവും സാന്പത്തിക സഹായവും നൽകാൻ കേരള സർക്കാർ തയാറുണ്ടോ? ഫലഭൂയിഷ്ഠമായ നമ്മുടെ മണ്ണിൽ ടാപ്പിംഗ് കഴിഞ്ഞ് അവർക്ക് മരം വെട്ടിവിറ്റ്, ആദായകരമായ മറ്റു വിളകൾ കൃഷിചെയ്യാമല്ലോ. ആണ്ടുതോറും തുടർച്ചയായി ഡിമാൻഡ് ഉയരുന്ന ഉത്പന്നമാണ് പാമോയിൽ. എണ്ണപ്പനയുടെ കൃഷിയും സംസ്കരണ ഫാക്ടറികളും ലാഭകരമായി കേരളത്തിൽ നടത്താൻ കഴിയും.
പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം ഇന്ത്യ, പൊതുമേഖലയുടെ പരിമിതികളെല്ലാമുണ്ടെങ്കിലും കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലത്ത് ഓരോ കൊല്ലവും ഇരുപതും ഇരുപത്തഞ്ചും കോടി രൂപ ലാഭം സന്പാദിക്കുന്നു. എണ്ണപ്പനയോടൊപ്പം ഇടവിളയായി കൊക്കോ, കുരുമുളക് എന്നിവ കൂടി കൃഷിചെയ്താൽ കർഷകന് നിരാശപ്പെടേണ്ടിവരില്ല.
അതുപോലെ നമ്മുടെ പ്രിയപ്പെട്ട വിളയായ നാളികേരത്തിനോടൊപ്പം ഇടവിളയായി കൊക്കോയും കുരുമുളകും കൃഷിചെയ്യുന്നതും ലാഭകരമായിരിക്കും. പറങ്കിമാവും ഇടവിളയായി കുരുമുളകും മറ്റൊരു ലാഭകരമായ മാറ്റമായി പരിഗണിക്കാം.
പൂവ്, ആഞ്ഞിലി ഇവയും റന്പുട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങിയ വിദേശ പഴവർഗങ്ങളും അതുപോലെതന്നെ പരിഗണിക്കാവുന്ന പുതിയ വിളകളാണ്. ഈ പുതിയ കൃഷികളോടൊപ്പം മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനുള്ള വ്യാവസായിക സംരംഭങ്ങൾക്കൂടി കർഷകർതന്നെ ഏറ്റെടുത്ത് നടത്തുന്നത് മികച്ച ലാഭം തുടർച്ചയായി ലഭ്യമാകാൻ സഹായകരമാകും. പൈനാപ്പിൾ, കൊക്കോ, കുരുമുളക്, എണ്ണപ്പനക്കുല, ചക്ക, മാന്പഴം, നേന്ത്രപ്പഴം, കപ്പ, കശുവണ്ടി, കശുമാന്പഴം, നാളികേരത്തിന്റെ വിവിധ ഭാഗങ്ങൾ, വെട്ടിവിൽക്കുന്ന റബർത്തടിയുടെ സംസ്കരണം ഇവയെല്ലാം മൂല്യവർധന വരുത്തി വില്പന ചെയ്ത് കൂടുതൽ ലാഭം നേടാൻ കഴിയും. പക്ഷേ, ഈ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമായിത്തീരാൻ കേരള സർക്കാർ താഴെപ്പറയുന്ന കാര്യങ്ങൾ അടിയന്തരമായി ചെയ്യേണ്ടിയിരിക്കുന്നു.
1. അറുപതു കൊല്ലം മുന്പ് അന്നത്തെ മുൻഗണനകളും ആവശ്യങ്ങളും പരിഗണിച്ചു നടപ്പാക്കിയ പല നിയമങ്ങളും തിരുത്തേണ്ടിയിരിക്കുന്നു. ഉദാഹരണമായി, നമ്മുടെ ഭൂപരിധി നിർണയ നിയമമനുസരിച്ച് റബർ, കാപ്പി, തേയില, ഏലം, ഗ്രാന്പു, കശുമാവ്, കൊക്കോ എന്നീ വിളകൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ റബർ മേഖലയിലുള്ള പ്രതിസന്ധി പരിഗണിച്ച് നാളികേരം, എണ്ണപ്പന, കുരുമുളക്, പ്ലാവ്, ആഞ്ഞിലി, മാങ്കോസ്റ്റിൻ, റന്പുട്ടാൻ തുടങ്ങിയ പഴവർഗങ്ങൾ എന്നീ വിളകളെക്കൂടി ഇളവ് അനുവദിച്ചിരിക്കുന്നവയുടെ പട്ടികയിൽ ചേർക്കുക. ഈ വിളകൾ കൃഷിചെയ്യാനാവശ്യമായ സാങ്കേതിക ഉപദേശങ്ങൾ നൽകുന്നതോടൊപ്പം മികച്ച നടീൽ വസ്തുക്കളും ലഭ്യമാക്കുക.
2. സാന്പത്തികനേട്ടത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നികുതിവരുമാനം ഉയർത്താനും മേൽപ്പറഞ്ഞ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിന് ആവശ്യമായ സംസ്കരണ ഫാക്ടറികൾ പൊന്തിവരണം. ഇതു സാധിക്കാൻ നമ്മുടെ പഞ്ചായത്തുകളും സർക്കാർ വകുപ്പുകളും ബിസിനസ് സൗഹൃദനയങ്ങളും സുതാര്യവും സത്യസന്ധവുമായ സമീപനവും കൈക്കൊള്ളേണ്ടത് അത്യാവശ്യം. ലൈസൻസുകളും പെർമിറ്റുകളും സംരംഭകർക്ക് നൽകുന്ന കാര്യത്തിൽ നമ്മുടെ പഞ്ചായത്ത് അംഗങ്ങൾ ഉദാരമനോഭാവം പ്രകടിപ്പിക്കണം. നോക്കുകൂലി വാങ്ങി പുതിയ സംരംഭകരെ പീഡിപ്പിക്കാൻ സംഘടിത തൊഴിലാളികൾ നടത്തുന്ന ശ്രമങ്ങളെ ചെറുക്കാൻ പഞ്ചായത്ത് അംഗങ്ങളും മറ്റു ജനപ്രതിനിധികളും വീറോടെ രംഗത്തുവരണം.
3. കോവിഡ് കാലത്ത് ഒരു ജോലിയും ചെയ്യാതെ വീട്ടിലിരുന്നപ്പോൾ മുഴുശന്പളവും ലഭിച്ചവരും കൃത്യം ഇടവേളകളിൽ ശന്പളവർധന വാങ്ങുന്നവരുമാണ് നമ്മുടെ സർക്കാർ ജീവനക്കാർ. പലപ്പോഴും അർഹമായ സഹായങ്ങൾക്കും അനുമതികൾക്കുമായി സർക്കാരാഫീസുകളിൽ എത്തുന്ന സാധാരണക്കാരെ വട്ടംചുറ്റിക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ജീവനക്കാരുടെ ഭാഗത്ത് ഒരു മനംമാറ്റമുണ്ടാക്കണം. അതുപോലെതന്നെ, ഓഫീസുകളിലെ നടപടിക്രമങ്ങൾ ലളിതവും ഉദാരവുമാക്കണം. ഈ വിഷയങ്ങളിൽ സർക്കാരും ജീവനക്കാരും കൃത്യമായ മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിൽ കൈക്കൂലി തുടങ്ങിയ അനാശാസ്യ പ്രവണതകൾക്കെതിരേ കർഷകസംഘടനകൾ പ്രതിഷേധിക്കണം. നടപടിക്രമങ്ങൾ ലഘൂകരിച്ച് നീതിപൂർവമായ തീരുമാനങ്ങളെടുപ്പിക്കാനായി സമരം ചെയ്യണം.
4. സർവകക്ഷിയോഗങ്ങളിൽ അനേകവർഷങ്ങളായി വാഗ്ദാനം ചെയ്യപ്പെടുന്ന പട്ടയങ്ങൾ ഇനിയെങ്കിലും എല്ലാവർക്കും ലഭ്യമാക്കണം.
5. പശ്ചിമഘട്ടത്തിലെ കർഷകർ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. ഗാഡ്ഗിൽ, കസ്തൂരിരംഗൻ സമിതികളുടെയും മീനാകുമാരി കമ്മീഷന്റെയും റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മലയോര തീരദേശ പ്രദേശങ്ങളിൽ ജനമനസിലുള്ള ആശങ്കകൾ പരിഹരിക്കപ്പെടണം. ഈ ആവശ്യങ്ങളെല്ലാം നേടിയെടുക്കാൻ കർഷകർ സംഘടിച്ച് ശക്തരാകണം.
പി.സി. സിറിയക്