ഉരുൾപൊട്ടലും മണ്ണിടിച്ചിലും വൻ ദുരന്തങ്ങളെ തടയാം
Monday, April 25, 2022 1:35 AM IST
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ട് ബഹുമുഖ പ്രകൃതിദുരന്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രദേശമാണ് കേരളം. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ തീരമേഖലകളിലെ കടലാക്രമണവും കിഴക്കു പശ്ചിമഘട്ട മേഖലകളിലെ ഉരുൾപൊട്ടലും സാധാരണ ഉണ്ടാകാറുള്ള പ്രകൃതിക്ഷോഭങ്ങളാണ്. 2018-2021 കാലഘട്ടത്തിൽ സംസ്ഥാനത്തുണ്ടായ കനത്ത മഴ വളരെയധികം നാശനഷ്ടങ്ങൾക്കു കാരണമായി. 2018 മുതൽ തുടർച്ചയായി ചെറുതും വലുതുമായ നൂറിൽപ്പരം മണ്ണിടിച്ചിലുകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കേരള ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം 331 വലിയ ഉരുൾപൊട്ടലുകൾ 2018ലും, 69 എണ്ണം 2019ലും ഉണ്ടായി. തുടർന്ന്, 2020-2021 വർഷങ്ങളിലും വലുതും ചെറുതുമായ അനേകം ഉരുൾപൊട്ടലുകൾ ഉണ്ടായി.
ഭൂമിയുടെ ഗുരുത്വാകർഷണം മൂലം ചെങ്കുത്തായ മലഞ്ചെരുവിലുള്ള പാറയും മണ്ണും ജലപ്രവാഹത്തോടൊപ്പം താഴേക്കു പതിക്കുന്ന പ്രതിഭാസമാണ് ഉരുൾപൊട്ടൽ (Debris flow). ഒരു പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതാ ഘടകങ്ങൾ, ആ പ്രദേശത്തെ ഭൂമിയുടെ ചെരിവ്, മണ്ണിന്റെ ആഴം, ഘടന, ഭൂവിനിയോഗം, നീർച്ചാലുകളുടെ വിന്യാസം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം മൂലം താളംതെറ്റി എത്തുന്ന അതിതീവ്രമഴ, ലഘുമേഘ വിസ്ഫോടനം എന്നിവയാണ് കേരളത്തിൽ ഉരുൾപൊട്ടലിന്റെ ചാലകശക്തികൾ. ഒരു പ്രദേശത്തെ ചെരിവ് 20ഡിഗ്രിക്കു മുകളിലോ, ചെരിവിന്റെ നീളം 150 മീറ്ററിൽ കൂടുതലോ, മേൽമണ്ണ് ഒരു മീറ്ററിലധികമോ ആണെങ്കിൽ ഉരുൾപൊട്ടലിനുള്ള സാധ്യത വർധിക്കുന്നു. 300 മീറ്ററിൽ കൂടുതൽ നിമ്നോന്നതമായ പ്രദേശങ്ങളെ പൊതുവെ അസ്ഥിരമായി കണക്കാക്കാം. ജനസാന്ദ്രത വർധനവും അശാസ്ത്രീയമായ നിർമാണങ്ങളും പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണവും മൂലം പ്രകൃതിക്ഷോഭങ്ങൾ വൻദുരന്തങ്ങളായി മാറ്റുന്നു.
കേരളത്തിലെ അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ ഭാവിയിൽ വീണ്ടും ഉരുൾപൊട്ടൽ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ, കേരള യൂണിവേഴ്സിറ്റി, ഭൗമശാസ്ത്ര പഠനകേന്ദ്രം, കുഫോസ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധർ ചേർന്ന് തയാറാക്കിയ സുപ്രധാന നിർദേശങ്ങൾ ചുവടെ ചേർക്കുന്നു. ഇത് പഞ്ചായത്ത് തലം മുതൽ വ്യക്തികൾക്കു വരെ നടപ്പിലാക്കാവുന്നതാണ്.
ജലശാസ്ത്രപരമായ മാർഗങ്ങൾ (Drainage Correction)
മഴക്കാലത്ത് ഭൗമഉപരിതലത്തിലുള്ള മേൽമണ്ണും ശിലകളും മറ്റും അടങ്ങിയ വസ്തുക്കൾ ജലപൂരിതമാകുകയും ദുർബലമാകുകയും ചെയ്യും. മഴയുടെ അളവ് കൂടിയാൽ, അവയുടെ സ്ഥിരത കുറയുകയും ഉരുൾപൊട്ടലിനു കാരണമാകുകയും ചെയ്യും. അതിനാൽ, വിവിധ ജലനിർജലീകരണ (Dewatering) മാർഗങ്ങൾ അവലംബിക്കേണ്ടതാണ്.
മലമുകളിലെ ചെരിവുകളിൽ പ്രത്യേകിച്ച് ചെരിവുകളുടെ കുത്തനെയുള്ള ഭാഗങ്ങളിൽ അധിക മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി, മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ പ്രകൃതിയാലുള്ള നീർച്ചാലുകളിലൂടെയോ കൃത്രിമ നീർച്ചാലുകൾ നിർമിച്ചോ ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതി അനുസരിച്ചു വിവിധ മാർഗങ്ങൾ അവലംബിക്കുക.
മലമുകളിലെ ചെരിവുകളിൽ പ്രത്യേകിച്ച് ജനവാസമുള്ള പ്രദേശങ്ങളുടെ മുകളിലുള്ള നീർച്ചാലുകളുടെ വഴി തിരിച്ചുവിടൽ, തടയൽ, നികത്തൽ എന്നിവ ഒഴിവാക്കണം.
കൃഷിക്കും ജനവാസത്തിനും വേണ്ടി ഉയർന്ന പ്രദേശങ്ങളിലെ തോടുകളുടെ കൈയേറ്റം ഒഴിവാക്കണം.
ചെരിവുകളുടെ സംരക്ഷണം
22 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള പ്രദേശങ്ങൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. കോണ്ടൂർ ബണ്ടിഗ് ചെയ്യുകയാണെങ്കിൽ അത് അവിടുത്തെ നീർച്ചാലുകളെ തടയാത്ത രീതിയിൽ, ചെരുവിനു അനുയോജ്യമായ ഡിസൈനിൽ വിദഗ്ദ്ധരുടെ സഹായത്തോടെ പ്ലാൻ ചെയ്യണം. മഴവെള്ളം വളരെ പെട്ടെന്ന് ഒഴുകി ഏറ്റവും അടുത്തുള്ള നീർച്ചാലിൽ എത്തുന്ന രീതിയിൽ ആസൂത്രണം ചെയ്യണം.
ഇപ്പോൾ തട്ടുകളായുള്ള പ്രദേശങ്ങളിൽ, തട്ടുകൾക്കു കുറുകെ ചാലു കീറി, അധിക മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി, പെട്ടെന്ന് ഒഴുകി ഏറ്റവും അടുത്തുള്ള നീർച്ചാലിൽ എത്തണം.
മലഞ്ചെരുവിന്റെ കിഴക്കാംതൂക്കായ ഭാഗം കൃത്യമായി അടയാളപ്പെടുത്തുകയും നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കുകയുംചെയ്യുക. ചെരിവുകൾക്കു മുകളിൽ അമിത ഭാരം ഒഴിവാക്കുക.
ചെരിവിന്റെ മുകൾഭാഗത്തു ഭാരക്കൂടുതലുള്ള, അപകടകാരികളായ പാറക്കൂട്ടങ്ങൾ ബ്ലാസ്റ്റിങ്ങില്ലാതെ പൊട്ടിച്ചു മാറ്റണം.
കുത്തനെയുള്ള ചെരിവുകളെ നൂതന എൻജിനിയറിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെരിവിന്റെ അളവ് അപകടം ഇല്ലാത്ത രീതിയിൽ കുറയ്ക്കാവുന്നതാണ്.
ചെരിവ് കൂടിയ ഭാഗങ്ങളിൽ അനുയോജ്യമായ ഭൂവിനിയോഗവും കൃഷിരീതികളും മാത്രം അവലംബിക്കുക. വെള്ളം കെട്ടിനിർത്തിയുള്ള കൃഷിരീതികൾ ഒഴിവാക്കുക. ഉയർന്ന ചെരിവുള്ള പ്രദേശങ്ങളിൽ സീസണൽ കൃഷിക്കുവേണ്ടിയുള്ള നിലം ഇളക്കി മറിച്ചുള്ള കാർഷിക പ്രവർത്തനങ്ങൾ അഭിലഷണീയമല്ല.
ചെരിവ്പ്രദേശങ്ങളിൽ മേൽമണ്ണിന് കനം കുറവാണെങ്കിൽ, അതുപോലെ അടിപ്പാറ പലയിടത്തും പൊന്തി നിൽകുകയാണെങ്കിൽ, ജെസിബി പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് ഇളക്കാൻ പാടില്ല. അത് മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും ഇടയാക്കും.
ചെരിവിന്റെ അടിഭാഗം ബലപ്പെടുത്തുകയോ, സംരക്ഷിക്കുകയോ ചെയ്യുക.
ചെരിവുകളും സസ്യാവരണങ്ങളും
ഉറപ്പില്ലാത്ത ചെരിവുള്ള പ്രദേശങ്ങളിൽ ( 22 ഡിഗ്രിയിൽ കുറവ്) തദ്ദേശീയ ഇനങ്ങളായ വൃക്ഷങ്ങളുടെ വേരുകളുടെ രൂപകല്പന (Root architecture), സാന്ദ്രത (Root density) എന്നിവ മനസിലാക്കി, മഹാഗണിപോലുള്ള ആഴത്തിൽ വേരുള്ള മരങ്ങൾ കണ്ടെത്തി നട്ടുപിടിപ്പിക്കുക. ഈ വേരുകൾ ആഴത്തിൽ പോയി ഉറച്ച പാറയിൽ ബോൾട്ട് ചെയ്യുന്നതിനും അതിലൂടെ ചെരിവുകൾക്കു ദൃഢത കൈവരിക്കുന്നതിനും സാധിക്കും.
ഉപരിതല സസ്യങ്ങൾക്കൊണ്ട് ചെരിവ് ബലപ്പെടുത്തുക. ഇതിനെ പൊതുവായി ’ബയോഫെൻസിംഗ്’ എന്നു പറയും. ഉദാഹരണത്തിന്, മണ്ണൊലിപ്പിനെ പ്രതിരോധിക്കാൻ സാധിക്കുന്ന സ്വദേശി സസ്യങ്ങളായ മുള, ഈറ്റ, രാമച്ചം, ഇഞ്ചി, പുല്ല് എന്നിവ നട്ടുപിടിപ്പിക്കുക. മുള നടുന്നതിലൂടെ ചെരിവുകൾ ബലപ്പെടുകയും സ്ഥിരത മെച്ചപ്പെടുകയും ചെയ്യുന്നു.
സീസണൽ കൃഷിക്ക് യോജിച്ച ചെരിവുകളിൽ അനുയോജ്യമായ ഇടവേളകളിൽ ട്രീബെൽറ്റുകൾ വച്ചുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക.
കാറ്റു കൂടുതലുള്ള സ്ഥലങ്ങളിൽ പൊക്കം കൂടിയ വൻവൃക്ഷങ്ങൾ ഒഴിവാക്കുക.
തോട്ടം മേഖലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കേരളത്തിന്റെ മലയോരമേഖലകളിൽ പ്രധാന വരുമാനം ലഭിക്കുന്നത് തോട്ടവിളകളിൽ നിന്നാണ്. ഇത് ചെരിവ് കൂടിയതും കുറഞ്ഞതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്നു. കേരളത്തിലെ ഉരുൾപൊട്ടലുകൾ ഒരു നല്ല ശതമാനവും റബർ മേഖലകളിലാണ് സംഭവിക്കുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. റബർ, ഏലം എന്നിവയ്ക്ക് ആഴം കുറഞ്ഞ വേരുകളാണുള്ളത്. ഈ വേരുകൾ ആഴത്തിൽ പോയി ഉറച്ച പാറയിൽ സാധാരണ ബോൾട്ട് ചെയ്യുന്നില്ല. അതിനാൽ, ചെരിവുകൾക്കു ദൃഢത കൈവരിക്കാൻ സാധിക്കുന്നില്ല. ഈ മേഖലയിൽ ഉരുൾപൊട്ടൽ കുറയ്ക്കാൻ പ്രത്യേക കരുതലുകൾ ആവശ്യമാണ്.
റബർ കൃഷിപോലുള്ള തോട്ടവിള കൃഷിയിടങ്ങളിലെ മലമുകളിലും ചെരിവുകളിലും അധിക മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി, സ്വാഭാവിക നീരൊഴുക്കിനു തടസമില്ല എന്ന് ഉറപ്പുവരുത്തുക. ഇതിനു പ്രകൃതിയാലുള്ള നീർച്ചാലുകളിലൂടെയോ കൃത്രിമ മാർഗത്തിലൂടെയോ ഓരോ പ്രദേശത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു വിവിധ മാർഗങ്ങൾ അവലംബിക്കുക.
റബർത്തോട്ടങ്ങളിൽ റബർ നടുന്നത് കൊണ്ടൂർ രീതിയിലാണ്. ഈ കോണ്ടൂർ പ്ലാറ്റ്ഫോം സാധാരണ അകത്തോട്ടു ചെരിച്ചാണ് നിർമിക്കുന്നത്. ഇതു മഴക്കാലത്ത് ധാരാളം വെള്ളം കെട്ടിനിൽക്കാനും തുടർന്ന് ഉരുൾപൊട്ടലിനു കാരണമാകുകയും ചെയ്യും. അതിനാൽ ഈ കോണ്ടൂറുകളുടെ ചെരിവ് തൊട്ടടുത്ത നീർച്ചാലുകളിലേക്കു കൊടുക്കുക. ഇത് അധിക മഴവെള്ളത്തെ പെട്ടെന്ന് ഒഴുക്കിവിടും.
വേറൊന്ന്, ചെരിവുകളിലെ റബർത്തോട്ടങ്ങളിൽ നിശ്ചിത അകലത്തിൽ (20–25 മീറ്റർ) കൃത്രിമ നീർച്ചാലുകൾ റബർ പ്ലാറ്റഫോമിന് കുറുകെ നിർമിക്കുകയാണെങ്കിൽ അതിതീവ്രമഴയിൽ ലഭിക്കുന്ന അധികജലത്തെ ഒരു പരിധി വരെ ഒഴുക്കിവിടാൻ സാധിക്കും.
പുതിയ തോട്ടങ്ങൾക്കു മുറിഞ്ഞു മുറിഞ്ഞുള്ള പ്ലാറ്റഫോം (Strip platforms) പരീക്ഷിക്കാവുന്നതാണ്.
തേയിലതോട്ടങ്ങളിൽ ആഴത്തിൽ വേരോടുന്ന മരങ്ങൾ കൂടുതലായി വച്ചുപിടിപ്പിക്കുന്നത് അവിടുത്തെ ഭൂപ്രതലത്തിന്റെ ദൃഢത കൂട്ടാൻ ഉത്തമമാണ്.
നിർമാണപ്രവർത്തനങ്ങൾ എൻജിനിയറിംഗ് മാർഗനിർദേശങ്ങൾ
ഉരുൾപൊട്ടൽ സാധ്യതാ പ്രദേശത്തെ കെട്ടിടനിർമാണത്തിനു പ്രതേക ശ്രദ്ധ പതിയണം. കെട്ടിട നിർമാണങ്ങൾ ആരഭിക്കുന്നതിനായി മേൽമണ്ണിന്റെ ഭാരം താങ്ങാനുള്ള ശേഷി, മണ്ണിന്റെ അമ്ലം എന്നിവ പരിശോധിക്കുന്നത് ഉചിതമാണ്.
22 ഡിഗ്രിക്കു മുകളിൽ, 100-150 മീറ്ററിൽ കൂടുതൽ നീളമുള്ള ചെരിവുകളുടെ അടിത്തട്ടിൽ നിർമിതികൾക്കായി മണ്ണിടിക്കുകയും നിരപ്പാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ പൊതുവെ ഒഴിവാക്കണം. അങ്ങനെ ചെയ്യേണ്ടി വന്നാൽ, ആ ചെരിവിന്റെ മേൽഭാഗം കൂടുതൽ ബലപ്പെടുത്തുന്ന നടപടികൾ വിദഗ്ധരുടെ സഹായത്തോടെ സ്വീകരിക്കണം.
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ സ്പ്ലിറ്റ് ലെവലിൽ കെട്ടിടങ്ങളുടെ നിർമാണം സുരക്ഷിതമാണ്, കാരണം സ്വാഭാവിക ചെരിവിന് അനുസൃതമായി ഓരോ ഫ്ളോറുകളും ക്രമീകരിക്കാവുന്നതാണ്.
പ്രഫ. സാബു ജോസഫ്
(തുടരും)