നിർമാണങ്ങൾ നീരൊഴുക്ക് തടയരുത്
Monday, April 25, 2022 10:13 PM IST
ഉരുൾപൊട്ടലും മണ്ണിടിച്ചിലും: വൻ ദുരന്തങ്ങളെ തടയാം-02
വ്യത്യസ്ത സാഹചര്യങ്ങൾക്കനുസരിച്ചു റാഫ്റ്റ് ഫൗണ്ടേഷനുകൾ, സ്ട്രിപ്പ് ഫൗണ്ടേഷനുകൾ, പൈൽ ഫൗണ്ടേഷനുകൾ മുതലായവ തെരഞ്ഞെടുക്കാവുന്നതാണ്. അടിത്തട്ടിൽ പാറയുടെ മുകളിൽ ഫൗണ്ടേഷനുകൾ നിർമിക്കാം, അതു സാധ്യമല്ലെങ്കിൽ പാറയുടെ മുകളിൽ ഉറച്ച പ്രതലം കിട്ടുന്നതുവരെ കുഴിച്ച്, ആ കുഴിയിൽ കോണ്ക്രീറ്റ് നിറച്ചതിനുശേഷം കെട്ടിടം നിർമിക്കാം. അടിത്തട്ടിലെ പാറയിലേക്ക് ആങ്കർ ചെയ്യുന്ന പില്ലർ ഉപയോഗിച്ചുള്ള വീടുകളാണ് കൂടുതൽ അഭികാമ്യം.
കെട്ടിടങ്ങളുടെ അടിത്തറയുടെ നിർമാണത്തെ മരങ്ങൾ തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക. ഡ്രെയിനേജ് സംവിധാനങ്ങൾ മികവുറ്റതാക്കണം. കൂടാതെ സ്വാഭാവിക ജലനിരപ്പിനെയും ജലാശയങ്ങളെയും ബാധിക്കരുത്.അടിത്തറയുടെ ഏറ്റവും കുറഞ്ഞ ആഴം സ്വാഭാവിക ഭൂനിരപ്പിൽനിന്നു കുറഞ്ഞത് 50 സെന്റിമീറ്റർ താഴെയായിരിക്കണം. ഭൂമിയിലേക്ക് പ്രസരിക്കുന്ന ലോഡുകൾ ലഘൂകരിക്കണം.
ഉയർന്ന മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിലെ വിസ്തീർണം കൂടിയ കെട്ടിടനിർമാണ അനുമതിക്കു ജിയോളജി/ജിയോടെക്നിക്കൽ പഠന റിപ്പോർട്ട് കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ കെട്ടിടനിർമാണ ചട്ടം ഭേദഗതി നടത്തുക.
വഴുക്കലിന്റെ (Sliding) പ്രധാന കാരണം ഭൂഗർഭജലത്തിന്റെ ഒഴുക്ക് ആയതിനാൽ നീരുറവകളോ കനത്ത ഭൂഗർഭലജലത്തിന്റെ ഒഴുക്കോ ഉള്ള കുത്തനെയുള്ള ചെരിവുകളുടെ ചുവടുഭാഗത്തുള്ള സ്ഥലങ്ങൾ കെട്ടിടനിർമാണത്തിൽനിന്ന് ഒഴിവാക്കണം.
പൊതുവേ നീർച്ചാലിനു സമീപം കെട്ടിടങ്ങൾ ഒഴിവാക്കുക. കുറഞ്ഞത് 30 മീറ്റർ എങ്കിലും അകലം പാലിക്കുക. സാധാരണ ഉയർന്നപ്രദേശങ്ങളിൽ ഉരുൾപൊട്ടുന്പോൾ അത് നീർച്ചാലുകൾ വഴിയാണ് താഴ്ന്നപ്രദേശങ്ങളിൽ എത്തുന്നത്.
നിർണായകമായ മണ്ണൊലിപ്പു നിരക്കുള്ള ചെരിവുകളുടെ ചുവടുഭാഗത്തോ സമീപമോ ഉള്ള സ്ഥലങ്ങൾ കെട്ടിടനിർമാണത്തിൽനിന്ന് ഒഴിവാക്കണം.
അടിക്കടി മണ്ണൊലിപ്പിനു സാധ്യതയുള്ളതിനാൽ അയഞ്ഞ അവശിഷ്ടങ്ങളോ ഏകീകരിക്കപ്പെടാത്ത കളിമണ്ണോ ഉള്ള ചെരിവുകളിലെ സ്ഥലങ്ങൾ കെട്ടിടനിർമാണത്തിൽനിന്ന് ഒഴിവാക്കണം.
അസ്ഥിരമായ ഭൂഗർഭഘടനകൾക്കു സമീപമുള്ള സ്ഥലങ്ങൾ കെട്ടിടനിർമാണത്തിൽനിന്ന് ഒഴിവാക്കണം. ഉദാഹരണത്തിന്, ഷിയർ സോണുകളിൽ കണ്ടുവരുന്ന ബലഹീനതയുള്ള ചെരിഞ്ഞ പ്രദേശങ്ങൾ ഒഴിവാക്കണം.
മണ്ണിടിച്ചിലും അനുബന്ധ പരാജയചരിത്രമുള്ള ചെരിവുകളും തൊട്ടടുത്തുള്ള സ്ഥലങ്ങളും മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഉള്ളതിനാൽ അവ ഒഴിവാക്കേണ്ടതാണ്.
മലയോര മേഖലകളിൽ പിഡബ്ല്യുഡി, പഞ്ചായത്ത് പ്രധാനപാതകൾ നിർമിക്കുന്പോഴോ ചെറിയ റോഡുകൾ വീതി കൂട്ടുന്പോഴോ ആ റോഡ് കട്ടിംഗിന്റെ മുകൾഭാഗത്തുള്ള ദൃഢത നിലനിർത്തുവാൻ വിദഗ്ധരുടെ സഹായത്തോടെ നടപടികൾ സ്വീകരിക്കണം. കട്ടിംഗിനു സംരക്ഷണഭിത്തികൾക്കൊണ്ടു താങ്ങു കൊടുക്കണം. അതിൽ വെള്ളം ഒഴുകാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കേണ്ടതു പ്രധാനമാണ്.
പ്രകൃത്യാ ഉള്ള നീർച്ചാലുകൾ തടസപ്പെടുത്താതെ വേണം റോഡ് നിർമിക്കാൻ. റോഡുകളിലും ഓടകളിലും വെള്ളം കെട്ടിക്കിടക്കാത്ത രീതിയിൽ റോഡ് ഡിസൈൻ ചെയ്യുക.
അസ്ഥിരമായ ചെരിവുകളിൽ, പ്രത്യേകിച്ച് മണ്ണിന്റെ കനം കൂടുതലുള്ള ഭാഗങ്ങളിൽ മതിയായ എൻജിനിയറിംഗ് ഡിസൈൻ ഇല്ലാത്ത റോഡുകളുടെ നിർമാണം ഒഴിവാക്കണം.
ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലെ പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള എല്ലാ പാർശ്വഭിത്തികൾക്കും മണ്ണിടിച്ചിൽ പ്രതിരോധശേഷി ഉറപ്പു വരുത്തുന്ന എൻജിനിയറിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കണം.
ശാസ്ത്രീയമായ ഖനനം: മാർഗനിർദേശങ്ങൾ
പാറകളും മൂല്യാധിഷ്ഠിത വസ്തുക്കളും മാനവരാശിക്കു കൂടിയേ തീരു. പാറമടകൾ എവിടെയാവാം, എങ്ങനെ ശാസ്ത്രീയമായി പ്രവർത്തിക്കാം എന്നതു പരിശോധിക്കാം.
NONEL ബ്ലാസ്റ്റിംഗ് (Non-Electrical Blasting) മാത്രമേ ഖനനത്തിന് ഉപയോഗിക്കാവൂ.
മൺസൂണ് സമയത്തു ബ്ലാസ്റ്റിംഗ് നിർത്തിവയ്ക്കുക.
ഉരുൾപൊട്ടൽസാധ്യത കൂടിയ പ്രദേശങ്ങളിൽ ക്വാറികൾക്ക് പുതിയ പ്രവർത്തനാനുമതി നല്കാതിരിക്കുക.
ക്വാറികളിൽ ഡ്രില്ലിംഗും ബ്ലാസ്റ്റിംഗും നടത്തുന്പോൾ അനുവർത്തിക്കേണ്ട വ്യവസ്ഥകൾ, ബഞ്ചുകൾ സംബന്ധിച്ച നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ ലോക്കൽ എംപവേർഡ് കമ്മിറ്റി പ്രാദേശികതലത്തിൽ രൂപീകരിക്കണം. ഏതെങ്കിലും മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ ആ വിവരം ജില്ലാ കളക്ടറെയോ മറ്റ് അധികൃതരെയോ അടിയന്തരമായി അറിയിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തയാറെടുപ്പുകൾ
ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രധിനിധികൾക്കും മറ്റുദ്യോഗസ്ഥർക്കും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയെപ്പറ്റി ശാസ്ത്രീയ അവബോധം നല്കുന്ന അവബോധപരിപാടികൾ ജിയോളജിസ്റ്റുകളുടെയും ജിയോടെക്നിക്കൽ എൻജിനിയർമാരുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുക.
ഉരുൾപൊട്ടൽ പ്രതിഭാസത്തെക്കുറിച്ചു പ്രദേശവാസികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക.
സന്നദ്ധസംഘടനകളുടെ പങ്കാളിത്തം ദുരന്തലഘൂകരണ പ്രവർത്തനങ്ങളിൽ ഉറപ്പാക്കണം.
ഓരോ പഞ്ചായത്തിലും ഉരുൾപൊട്ടൽ അപകടസാധ്യത കൂടിയ പ്രദേശങ്ങൾ രേഖപ്പെടുത്തിയ കഡസ്ട്രൽ സ്കെയിൽ (1:5000) മാപ്പുകൾ (മൈക്രോസോനേഷൻമാപ്പ്) വിദഗ്ധരുടെയും പ്രാദേശിക സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ തയാറാക്കണം.
മേല്പറഞ്ഞ ഭൂപടങ്ങൾ പരിശോധിച്ചു വിദഗ്ധരുടെ സഹായത്തോടെ ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളിൽ എന്തൊക്കെ ചെയ്യാം, ചെയ്യാൻ പാടില്ല എന്നു ജനങ്ങളെ ബോധവത്കരിക്കണം.
ഉരുൾപൊട്ടൽസാധ്യതാപ്രദേശങ്ങളിൽ മുന്നറിയിപ്പു നൽകുന്ന പരസ്യ ബോഡുകൾ സ്ഥാപിക്കുക.
മലയോര പഞ്ചായത്തുകളിൽ 22 ഡിഗ്രിക്കു മുകളിലുള്ള ചെരിഞ്ഞ പ്രദേശങ്ങളിൽ നടത്തുന്ന വിവിധ വികസന പ്രവർത്തനങ്ങൾ, റോഡ് നിർമാണം, കെട്ടിട നിർമാണം, ഖനനം എന്നിവയ്ക്കു നേരത്തേ സൂചിപ്പിച്ച ദുരന്തലഘൂകരണ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.
മലയോരപ്രദേശങ്ങളിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളിലും ജിയോളജി / ജിയോടെക്നിക്കൽ എൻജിനിയർമാരുടെ സേവനം ഉറപ്പുവരുത്തുക.
ഉരുൾപൊട്ടലിനെ ലഘൂകരിക്കാൻ വേണ്ടി പ്രാദേശികമായ, പരന്പരാഗതമായ അറിവുകൾ ശേഖരിക്കുക.
മലയോരപ്രദേശങ്ങളിൽ കാലവർഷത്തിനു മുന്പായി ഗ്രാമസഭകൾ കൂടി പ്രാദേശികമായ ഉരുൾപൊട്ടൽ ലഘൂകരണ തയാറെടുപ്പുകളും ഇടപെടലുകളും നടത്തുക.
അതിവർഷം ഉണ്ടാകുന്ന സമയങ്ങളിൽ പ്രാദേശികമായി മലമുകളിലും ചെരുവുകളിലും ഉരുൾപൊട്ടലിനു സാധ്യത ഉണ്ടോ എന്നു നിരീക്ഷിക്കാൻ ഉരുൾപൊട്ടൽ ലഘൂകരണ നിയുക്തസംഘങ്ങൾ (Task force) പ്രാദേശികമായി രൂപീകരിക്കുക.
മേല്പറഞ്ഞ നിയുക്തസംഘങ്ങൾ പ്രകൃതിയിൽ കാണുന്ന മുന്നറിയിപ്പുകൾ ശ്രദ്ധയോടെ വീക്ഷിക്കുക . പ്രത്യേകിച്ചു പാറയിൽ കാണുന്ന വിള്ളലുകൾ, വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ, അമിതമായി ചെളിവെള്ളം കലർന്ന തോട്, പുഴ എന്നിവ കണ്ടാൽ ഉടൻ അധികൃതർക്ക് റിപ്പോർട്ട് ചെയ്യുക.
പുനരധിവാസം ഹ്രസ്വകാല പദ്ധതി
കുടിയൊഴിപ്പിക്കപ്പെട്ടവർക്കും ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്കും വേണ്ടതു സുരക്ഷിതമായി താമസിക്കാൻ മാന്യമായ ഒരിടമാണ്. അതിനായി വിദഗ്ധരുടെ സഹായത്തോടെ സുരക്ഷിതസ്ഥലങ്ങൾ പഞ്ചായത്ത് അധികൃതർ കണ്ടെത്തുക.
കണ്ടെയ്നർ വീടുകളോ പ്രീ ഫാബ്രിക്കേറ്റഡ് വീടുകളോ സുരക്ഷിതമായ ഇടങ്ങളിൽ ദുരിതത്തിലായവർക്കു നൽകുക. ഒപ്പം കുടിവെള്ളവും പാചകവാതകവും നൽകണം.
പൊതുസമൂഹ കെട്ടിടങ്ങളായ സ്കൂളുകൾ, കോളജുകൾ, മതപഠനശാലകൾ മുതലായവ സാധാരണയായി സുരക്ഷിതമായ ഇടക്കാല ഡിസാസ്റ്റർ റിലീഫ് ഷെൽട്ടറുകൾ ആണ്.
അതുപോലെ ദുരിതത്തിലായവരുടെ കന്നുകാലികളെ പാർപ്പിക്കാൻ ഒരു പൊതുയിടം കണ്ടെത്തുക.
പുനരധിവാസം ദീർഘകാല പദ്ധതി
കുടിയൊഴിപ്പിക്കപ്പെട്ടവർക്കും ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്കും സ്ഥിരമായി താമസിക്കുവാൻ ബഹുനില ഫ്ലാറ്റ് സമുച്ചയങ്ങൾ പണിയുവാൻ സുരക്ഷിതസ്ഥലങ്ങൾ പഞ്ചായത്ത് അധികൃതർ കണ്ടെത്തുക. ഇതു കെട്ടിടനിർമാണ ചെലവുകൾ കുറച്ച് ഒന്നിൽക്കൂടുതൽ കുടുംബങ്ങളെ ഒന്നിച്ചു താമസിക്കാൻ സഹായിക്കും.
അവരുടെ പ്രശ്നബാധിതഭൂമി സാധാരണനിലയിൽ ആയിക്കഴിഞ്ഞാൽ അവിടെ അനുയോജ്യമായ കൃഷി ചെയ്യുവാനും കന്നുകാലികളെ വളർത്തുവാനും വിദഗ്ധരുടെ സഹായത്തോടെ അനുവദിക്കുക.
വ്യക്തികൾ ചെയ്യേണ്ടത്
ഒരു വ്യക്തി മലയോരമേഖലയിൽ കെട്ടിടം പണിയുന്നതിനു സ്ഥലം മേടിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ അതിനു മുന്പായി ആ സ്ഥലം ഉരുൾപൊട്ടൽ സാധ്യതാമേഖലയാണോ എന്നും അവിടെ കെട്ടിടനിർമാണം സാധ്യമാണോ എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രസ്തുത സ്ഥലത്തിന്റെ സർവേ നന്പർ ഉപയോഗിച്ച് ജില്ലാതലത്തിലും പഞ്ചായത്തു തലത്തിലും തയാറാക്കിയിട്ടുള്ള ഉരുൾപൊട്ടൽ സാധ്യതാഭൂപടത്തിൽ വസ്തുവിന്റെ സ്ഥാനം കണ്ടെത്തി വിദഗ്ധരുടെ സഹായത്തോടെ സുരക്ഷിതമായ സ്ഥാനം ആണോ എന്ന് ഉറപ്പിക്കുക. സുരക്ഷിതം അല്ലെങ്കിൽ സുരക്ഷിതമായ മറ്റിടങ്ങൾ കണ്ടെത്തുക.
ഒരു വ്യക്തി അപകടസാധ്യതാമേഖലയിൽ ചെരിവ് കട്ട് ചെയ്തു ഭൂമി നികത്തി വീടു പണിതിട്ടുണ്ടെങ്കിൽ ആ കട്ടിംഗിന്റെ മേൽഭാഗത്തു വരുന്ന ചെരിവിനെ സ്ഥിരപ്പെടുത്താൻ വേണ്ട നടപടികൾ വിദഗ്ധരുടെ സഹായത്തോടെ സ്വീകരിക്കുക. ജലനിർജലീകരണം, ചെരിവിനെ ദൃഢപ്പെടുത്തുന്ന നേരത്തേ സൂചിപ്പിച്ച മാർഗങ്ങളിൽ അനുയോജ്യമായവ സ്വീകരിക്കുക.
കൃഷിയിടങ്ങളിൽ ശ്രദ്ധിക്കേണ്ടത്
മലയോര മേഖലയിൽ കൃഷി ആവശ്യത്തിനു സ്ഥലം മേടിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ ആ സ്ഥലം ഉരുൾപൊട്ടൽ സാധ്യതാമേഖലയാണോ എന്നും അവിടെ ഏതൊക്കെ കൃഷികൾ സാധ്യമാണ് എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി നേരത്തേ പറഞ്ഞിട്ടുള്ളതുപോലെ ആ സ്ഥലം സുരക്ഷിതം ആണോ എന്നു വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ച് ഉറപ്പുവരുത്തുക. സുരക്ഷിതമല്ലെങ്കിൽ അവിടെനിന്നു പിൻവാങ്ങി സുരക്ഷിതമായ മറ്റിടങ്ങൾ കണ്ടെത്തുക.
അപകടസാധ്യതാമേഖലയിൽ കൃഷിചെയ്തു കൊണ്ടിരിക്കുന്ന ഭൂമി ഉണ്ടെങ്കിൽ നേരത്തേ പറഞ്ഞതുപോലെ ആ ഭൂമിയുടെ സുരക്ഷിതത്വം പരിശോധിക്കുക. അത് അപകടമേഖലയിൽ ആണെങ്കിൽ വിദഗ്ധരുടെ സഹായത്തോടെ അനുയോജ്യമായ കൃഷിരീതി കണ്ടെത്തുക. അതുപോലെ നേരത്തേ സൂചിപ്പിച്ച ജലനിർജലീകരണം, ചെരിവ് സ്ഥിരപ്പെടുത്തുന്ന വിവിധ മാർഗങ്ങളിൽ അനുയോജ്യമായവ എന്നിവ കണ്ടെത്തി നടപ്പാക്കുക.
(അവസാനിച്ചു)
പ്രഫ. സാബു ജോസഫ് / എൻജിനിയറിംഗ് മാർഗനിർദേശങ്ങൾ
(കേരള യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എർത്ത് സിസ്റ്റം സയൻസസ് ഡയറക്ടറാണ് ലേഖകൻ)