പലായനമല്ല പോംവഴി
Tuesday, June 14, 2022 1:12 AM IST
ഡോ. ഹിമ സുബിൻ മാത്യു , ജോസഫ് മാത്യു കൂനംതടത്തിൽ
കേരളത്തിൽ ധാരാളമായി കാണുന്ന ഐഇഎൽടിഎസ് കോച്ചിംഗ് കേന്ദ്രങ്ങളും വീസാ റിക്രൂട്ടിംഗ് ഏജൻസികളും നാട്ടിൽനിന്നു പലായനം ചെയ്യുന്ന യുവജനങ്ങളുടെ എണ്ണം കൂടുന്നതിന്റെ പ്രതീകങ്ങളാണ്. ഇങ്ങനെ പലായനം ചെയ്യുന്നവരിൽ ഗണ്യമായ പങ്ക് ക്രൈസ്തവരാണെന്നതു ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്.
കേരള രൂപീകരണസമയത്ത്, കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ 20.9 ശതമാനം ആയിരുന്നു. (1951 സെൻസസ് പ്രകാരം) എന്നാൽ, അതിനുശേഷമുള്ള പതിറ്റാണ്ടുകളിൽ ഈ ജനസംഖ്യയിൽ വലിയ ഇടിവുണ്ടായി. 2011 സെൻസസ് പ്രകാരം കേരളത്തിന്റെ ക്രൈസ്തവ ജനസംഖ്യ 18.4 ശതമാനം ആണ്. കോവിഡ് മൂലം മാറ്റിവയ്ക്കപ്പെട്ട 2021 സെൻസസ് വിവരങ്ങൾ പുറത്തുവരുന്പോൾ ഞെട്ടിക്കുന്ന ഇടിവ് സാമുദായിക ജനസംഖ്യയിൽ പ്രത്യക്ഷപ്പെടാം.
ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജനനനിരക്കിലുള്ള കുറവാണ്. എന്നാൽ, അതിനപ്പുറമുള്ള മറ്റൊരു കാരണമാണ് വിദേശ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് പാശ്ചാത്യനാടുകളിലേക്കുള്ള കുടിയേറ്റം. 2013ലെ ഒരു പഠന റിപ്പോർട്ടു പ്രകാരം കുറഞ്ഞത് അഞ്ചു ലക്ഷത്തിലധികം കേരള ക്രൈസ്തവർ വിദേശത്തുള്ളതായി കണക്കാക്കപ്പെടുന്നു. ഇവരിൽ ഭൂരിഭാഗവും യുവജനങ്ങളാണ് എന്നു മാത്രമല്ല മിക്കവരും തിരികെ നാടുപിടിക്കാൻ ആഗ്രഹിക്കുന്നവരുമല്ല.
പോയവരെക്കാൾ പതിന്മടങ്ങാണ് പോകാനുള്ള അവസരത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം. കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനായി പഠിക്കുന്നവരുടെയും ആഗ്രഹിക്കുന്നവരുടെയും എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
പഠനത്തിനൊത്ത ജോലിയില്ല
ഇത്തരം കുടിയേറ്റത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന് നാട്ടിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മയാണ്. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ ലഭിക്കാതെ വരുന്പോൾ യുവജനങ്ങൾ വിദേശത്തേക്കു ചേക്കേറാൻ ആഗ്രഹിക്കുന്നു. അതിനൊപ്പം പാശ്ചാത്യരാജ്യങ്ങളിലെ ഉയർന്ന ജീവിതനിലവാരവും തൊഴിൽ സംസ്കാരവും കൂടുതൽ ആകർഷണം നൽകുന്നു.
കുടിയേറുന്നവരിൽ കുറേയധികം ആളുകൾ ആദ്യകാലങ്ങളിൽ ചെയ്യുന്നത് ചെറിയ പാർട്ട് ടൈം ജോലിയാണ്. ഇത്തരം തൊഴിലുകൾ നാട്ടിൽ ചെയ്യുന്നതിൽനിന്ന് അവരെ വിലക്കുന്നത് ഇവിടെ നിലനിൽക്കുന്ന മോശപ്പെട്ട തൊഴിൽ സംസ്കാരമാണ്. ചെറിയ തൊഴിലുകളെ തരംതാഴ്ത്തി കാണുന്നതു വിലങ്ങുതടിയാകുന്നു.
ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം, സർക്കാർ ആനുകൂല്യങ്ങളും സർക്കാർ ഉദ്യോഗവും നേടിയെടുക്കുന്നതിൽ സമുദായം പിന്നോട്ടുപോയി എന്നുള്ള വസ്തുതയാണ്. സംവരണത്തിന്റെ രീതികളും എടുത്തു പറയപ്പെടേണ്ട കാര്യമാണ്. നിലവിൽ ഇന്ത്യയിലെ സംവരണരീതി- പട്ടികവർഗത്തിന് 7.5 ശതമാനം, പട്ടികജാതി വിഭാഗത്തിന് 15 ശതമാനം, ഒബിസി വിഭാഗത്തിന് 27 ശതമാനം, ഇഡബ്ല്യുഎസ് വിഭാഗത്തിനു പത്തു ശതമാനം. അങ്ങനെ ആകെ മൊത്തം 60 ശതമാനം ഉന്നത വിദ്യാഭ്യാസ- സർക്കാർ തൊഴിൽ സീറ്റുകൾ സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു സംവരണവും ഇല്ലാതെ ഓപ്പൺ മെറിറ്റിൽ അവശേഷിക്കുന്നത് 40 ശതമാനം സീറ്റുകൾ മാത്രം.
തീർച്ചയായും അർഹതപ്പെട്ട വിഭാഗങ്ങൾക്ക് അവർ അനുഭവിച്ച സാമൂഹിക അനീതിയുടെ പേരിൽ സംവരണം ലഭ്യമാക്കണം. എന്നാൽ, ക്രൈസ്തവ സമുദായത്തിലെ അർഹതപ്പെട്ടവർക്ക് അതു നേടിയെടുക്കാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പുതുതായി പ്രഖ്യാപിച്ച ഇഡബ്ലുഎസ് സംവരണംപോലും സമുദായാംഗങ്ങളിൽ പലർക്കും ലഭിക്കുന്നില്ല. അതിനാൽത്തന്നെ രാജ്യത്തെ മികച്ച അവസരങ്ങൾ കൈപ്പിടിയിലൊതുക്കാൻ യുവജനങ്ങൾക്കു സാധിക്കാതെവരുന്നു.
കാർഷികമേഖല തകർന്നു
വിദേശ കുടിയേറ്റത്തിന് മറ്റൊരു പ്രധാനപ്പെട്ട കാരണം കൃഷിമേഖലയിലെ തകർച്ചയാണ്. കാർഷികഅധിഷ്ഠിത സമൂഹമായതിനാൽ കാർഷികരംഗത്തെ വിലത്തകർച്ചയും വിളനാശവും നാട്ടിലെ കൃഷിമേഖലയിൽനിന്നു പിന്തിരിഞ്ഞോടാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നു.
വിദേശ കുടിയേറ്റവും പ്രവാസവും പുതിയ പ്രതിഭാസമല്ല. 1980കളിലെ ഗൾഫ് പ്രവാസമാണ് കേരളത്തെ സാന്പത്തിക അഭിവൃദ്ധിയിലെത്തിച്ചത്. ദേശത്തിന്റെ പ്രധാന സാന്പത്തിക സ്രോതസുകളിലൊന്ന് ഗൾഫ് പണം തന്നെയാണ്. ഭൂരിഭാഗം ഗൾഫ് മലയാളികളും നാടുമായി ബന്ധം വച്ചുപുലർത്തുന്നവരാണ്.
യൂറോപ്യൻ ഉപരിപഠനവും പ്രവാസവും നല്ലതുതന്നെ. ആ രാജ്യങ്ങളിലെ മികച്ച സാങ്കേതികവിദ്യയും അനുഭവസന്പത്തും ഇന്ത്യയുടെ വികസനത്തിന് അത്യന്താപേക്ഷിതമാണ്.
എന്നാൽ, പാശ്ചാത്യനാടുകളിലേക്കു കുടിയേറുന്നവരിൽ സിംഹഭാഗവും കാലക്രമേണ ആ രാജ്യങ്ങളിലെ പൗരന്മാരായി തീരുന്നു. തലമുറകൾക്കുള്ളിൽ നാടുമായുള്ള ബന്ധം പാടേ വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. രക്ഷ വിദേശത്തുമാത്രമാണെന്നുള്ള ചിന്ത നമ്മുടെ യുവതലമുറയെ പിടികൂടിക്കഴിഞ്ഞു. നാട്ടിലെ അവസരങ്ങൾക്കുവേണ്ടി ശ്രമിക്കുകപോലും ചെയ്യാതെ വിദേശ കുടിയേറ്റത്തിനായി ആഗ്രഹിക്കുന്നവരായി അവർ മാറി. ഈ പാശ്ചാത്യ കുടിയേറ്റ ഭ്രമത്തിന്റെ അനന്തരഫലങ്ങൾ ദൂരവ്യാപകമായിരിക്കും. അത് കുടുംബങ്ങളിലും സമൂഹത്തിലും വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
പരിഹാരം ഉണ്ടാവണം
ഈ വിഷയത്തിൽ ക്രിയാത്മക ഇടപെടലുകൾ ക്രൈസ്തവ സമുദായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഇന്ത്യയിൽ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ നന്മയെക്കുറിച്ചും യുവത്വത്തെ ബോധവത്കരിക്കേണ്ടിയിരിക്കുന്നു. രാജ്യം നൽകുന്ന അവസരങ്ങളെ പൂർണമായും ഉപയോഗപ്പെടുത്താൻ അവരെ പ്രാപ്തരാക്കണം. ഇതിനായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൈപുണ്യ വികസനവും നൽകേണ്ടിയിരിക്കുന്നു.
പ്രതിഭാശാലികളായ യുവജനങ്ങളെ രാജ്യത്തെ ബിസിനസ് സാധ്യതകൾ ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കണം. തൊഴിലന്വേഷകരായി മാറാതെ തൊഴിൽ ദാതാക്കളായി മാറാൻ ഇവർക്കു സാധിക്കണം. സ്വയം തൊഴിൽ സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും പരമാവധി പ്രോത്സാഹിപ്പിക്കണം. ഇതിനെ പ്രമോട്ട് ചെയ്യാനായി സഭയ്ക്കു കീഴിലുള്ള ബിസിനസ് മാനേജ്മെന്റ് സ്ഥാപനങ്ങളുടെ സഹായത്തോടെ സ്റ്റാർട്ട് അപ്പ് സീഡ് ഫണ്ടുകൾ ആരംഭിക്കാവുന്നതാണ്.
135 കോടിയിൽ പരം ജനസംഖ്യയുള്ള ഇന്ത്യയിൽ മികച്ച വിപണി സാധ്യതകളുണ്ട്. ബിസിനസ് സ്റ്റാൻഡേർഡ് നടത്തിയ പഠനം അനുസരിച്ച് 67 ശതമാനം മൾട്ടി നാഷണൽ കന്പനികൾ ഇന്ത്യയെ അവരുടെ പ്രധാന വിപണിയായി കാണുന്നു. ഇത്തരം ബിസിനസ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ മാർവാഡി സമൂഹത്തെ കണ്ടു പഠിക്കണം. കുടുംബപരമായുള്ള ഒത്തൊരുമയും പരസ്പര വിശ്വാസവും ഇത്തരം സംരംഭങ്ങൾ വിജയിപ്പിക്കാൻ അവർക്കു തുണയാകുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട കന്പനികളായ ബിർള, ഗോയങ്ക തുടങ്ങി ഫ്ളിപ്കാർട്ട്, ഓല, ഒയോ തുടങ്ങിയ ന്യൂജൻ കന്പനികളും ഈ സമൂഹത്തിൽപ്പെട്ടവരുടേതാണ്.
മാത്രമല്ല, കൃഷിമേഖലയിലെ പുതിയ സാധ്യതകൾ കണ്ടെത്താൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കണം. ഭക്ഷ്യ സംസ്കരണം, മൂല്യവർധനം തുടങ്ങിയവ വഴി ഈ മേഖലയിൽ കൂടുതൽ സാധ്യതകൾ സൃഷ്ടിക്കാൻ സാധിക്കും. ഒപ്പംതന്നെ സർക്കാർ ആനുകൂല്യങ്ങളും ഉദ്യോഗവും നേടിയെടുക്കാൻ പരിശ്രമവും പരിശീലനവും ആവശ്യമാണ്. ഇക്കാര്യത്തിൽ പാലാ രൂപതയുടെ സിവിൽ സർവീസ് അക്കാഡമി, താമരശേരി രൂപതയുടെ സ്റ്റാർട്ട് പോലുള്ള സ്ഥാപനങ്ങൾ പ്രശംസനീയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു. യുവജനങ്ങൾക്കു രാജ്യത്തുനിന്നു പ്രവർത്തിക്കാനും ശോഭിക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണു വേണ്ടത്.
ക്രൈസ്തവസമൂഹം ഇല്ലാതാകും
വിവിധ രാജ്യങ്ങളിലേക്കു ചിതറി പോകുന്നതിനാൽ ക്രൈസ്തവ സമുദായത്തിന് ഉണ്ടാകുന്ന സാംസ്കാരികപരവും സംഘടനാപരവുമായ ക്ഷയം ഗുരുതരമായിരിക്കും. ഇതിന് ഉത്തമ ഉദാഹരണമാണ് കേരളത്തിലെ ജൂതസമൂഹം. 1950-കളിൽ കേരളത്തിൽ പതിനായിരത്തിന് അടുത്ത് ജൂതർ ഉണ്ടായിരുന്നു. വിദേശരാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഇസ്രയേലിലേക്കുള്ള കുടിയേറ്റത്തിനുശേഷം ഇവിടെ അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവർ മാത്രം. ഫലമോ, ആളൊഴിഞ്ഞ ജൂത സിനഗോഗുകളും സ്ഥാപനങ്ങളും.
ഇതുപോലെ മറ്റൊരു ഉദാഹരണമാണ് ഇന്ത്യയിലെ പാഴ്സി സമൂഹം. ഇന്ത്യൻ സ്വാതന്ത്ര്യ സമയത്ത് ഒരു ലക്ഷത്തിൽപ്പരം പാഴ്സികൾ ഇന്ത്യയിലുണ്ടായിരുന്നു എന്നു കണക്കാക്കപ്പെടുന്നു. എന്നാൽ, 2011 സെൻസസ് പ്രകാരം അവശേഷിക്കുന്നത് 57,000 പേർമാത്രം, 2070-ഓടുകൂടെ ഈ സമൂഹം പാടേ മാഞ്ഞുപോകും എന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ ചില പഠന റിപ്പോർട്ടുകൾ പുറത്തുവിട്ടുകഴിഞ്ഞു. സ്വതന്ത്ര ഇന്ത്യയെ പടുത്തുയർത്താൻ സഹായിച്ച മഹാരഥന്മാരായ ജെആർഡി ടാറ്റ, ഹോമി ജഹാംഗീർ ബാബ തുടങ്ങിയവർ ഈ സമൂഹത്തിൽപ്പെട്ടവരാണെന്നുള്ളതാണു മറ്റൊരു സത്യം.
നിലവിലെ സ്ഥിതി തുടർന്നാൽ, കേരളത്തിലെ ക്രൈസ്തവസമൂഹവും ഈ അവസ്ഥയിലേക്കെത്തിച്ചേരും. വിദേശ കുടിയേറ്റത്തിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിക്കാൻപോകുന്നതു പ്രായമായ മാതാപിതാക്കളാണ്. കൊട്ടാര സമാനമായ ഗൃഹങ്ങളിൽ ജീവിതത്തിന്റെ അവസാനകാലത്ത് തനിച്ചായി പോകുന്നത് ഇവരെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. ഒപ്പം, പരന്പരാഗത ഭൂസ്വത്തുക്കളും വസ്തുവകകളും അന്യാധീനപ്പെട്ടുപോകാൻ കാലമേറെ വേണ്ടിവരില്ല. അതുപോലെ കേരളത്തിലെ ക്രൈസ്തവ സമുദായത്തിന്റെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും ആളില്ലാതെ അന്യംനിന്നുപോകുന്ന സ്ഥിതിപോലും സംജാതമാകും. അപ്പോൾ അവശേഷിക്കുക ശുഷ്കമായ കുടിയേറ്റ ഗ്രാമങ്ങളും ക്ഷയിച്ചുപോയ തറവാടുകളും മാത്രം.