ലോക കേരളസഭ വീണ്ടും സമ്മേളിക്കുമ്പോള്‍
Thursday, June 16, 2022 12:44 AM IST
ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തിരിതെളിയുകയാണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ക്കൊപ്പം കേരളത്തിന്റെയും പ്രവാസികളുടെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരുമിച്ചു ചേരുന്നു. പ്രവാസിമലയാളികളുടെ ആഗോളസഹകരണവും കൂട്ടായ്മയും ഉറപ്പാക്കുകയും കേരളത്തിന്റെ സാമൂഹിക - സാംസ്കാരിക - സാമ്പത്തിക വികസനത്തിനായി ആ കൂട്ടായ്മയെ സമന്വയിപ്പിക്കുകയുമാണ് ലക്ഷ്യം. ലോകമലയാളികളുടെ കൂട്ടായ്മ ശക്തിപ്പെട്ടതിന്റെ നേട്ടങ്ങള്‍ പ്രളയം, കോവിഡ്, യുക്രെയ്ന് യുദ്ധം തുടങ്ങിയ സാഹചര്യങ്ങളില്‍ നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. ലോകകേരളസഭയില്‍ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് ഈ സഭ. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാവും. പ്രവാസികളോടുള്ള കേരളത്തിന്റെ പ്രതിബദ്ധതയുടെയും കടപ്പാടിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ലോകകേരള സഭ എന്ന ആശയം.
ഇന്ത്യന്‍ പൗരന്മാരല്ലാത്ത മലയാളികളുടെ അഭിപ്രായങ്ങളും ആശയങ്ങളും പോലും നാം പ്രയോജനപ്പെടുത്തുന്നുണ്ട്. പൗരത്വമുള്ളവര്‍ക്ക് മാത്രമായി ലോകകേരളസഭാ അംഗത്വം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പൗരന്മാരല്ലാത്ത കേരളീയരെയും മറ്റുനിലകളില്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാന്‍ സ്വാഗതം ചെയ്യുന്നുണ്ട്. അകംകേരളവും പുറംകേരളവും കൈകോര്‍ത്തുകൊണ്ട് കൂടുതല്‍ ശോഭനമായ ഭാവിയിലേക്ക് ചുവടുവയ്ക്കാനുള്ള മാര്‍ഗങ്ങളാണ് മൂന്നാം ലോകകേരള സഭ ചര്‍ച്ച ചെയ്യുന്നത്.
ഒന്ന്, രണ്ട് ലോക കേരളസഭകള്‍
ലോകകേരള സഭയുടെ പ്രഥമ സമ്മേളനം 2018 ജനുവരിയിലാണ് ചേർന്നത്. ആ സമ്മേളന തീരുമാനങ്ങളില്‍ മുഖ്യമായതായിരുന്നു ലോക കേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിക്കുക, ഏഴ് വിഷയ മേഖലാ സ്റ്റാന്റിംഗ് കമ്മിറ്റികൾ രൂപീകരിക്കുക എന്നിവ. വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി വിവിധ വിഷയങ്ങളെക്കുറിച്ച് പഠനം നടത്തി കേരളത്തിന്റെ തനത് സാഹചര്യങ്ങള്‍ക്കൂടി കണക്കിലെടുത്ത് പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ഉദ്ദേശ്യം. ഇവ രണ്ടും നിലവില്‍ വന്നിട്ടുണ്ട്. ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ ഒരു പ്രത്യേക ഓഫീസ് നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിച്ചു വരുന്നു. രണ്ടാം ലോക കേരള സഭ 2020 ജനുവരിയിൽ തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ നടന്നു. ഈ സമ്മേളനത്തില്‍ ജിസിസി , സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ, മറ്റു രാജ്യങ്ങളിലും 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്തു.
നോര്‍ക്കയുടെ കാല് നൂറ്റാണ്ട്
പ്രവാസികള്‍ക്കു വേണ്ടി ഒരു ഇന്ത്യന്‍ സംസ്ഥാനത്തില്‍ ആദ്യമായി പ്രത്യേക വകുപ്പ് രൂപീകൃതമായത് കേരളത്തിലാണ്. നോര്‍ക്ക പ്രവര്‍ത്തന പന്ഥാവില്‍ 25 വര്‍ഷം പിന്നിടുന്ന വേളയിലാണ് മൂന്നാം ലോകകേരളസഭ സമ്മേളിക്കുന്നത്. നിലവിലുള്ള പദ്ധതികള്‍ സജീവമായി മുന്നോട്ടുകൊണ്ടുപോകന്നതിനൊപ്പം കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ പല പദ്ധതികളും നോര്‍ക്ക ആവിഷ്കരിച്ചുവരുന്നുണ്ട്. പ്രവാസി സാന്ദ്രത കൂടിയ കേരളത്തില്‍ ആ മേഖലയിലെ പുതിയ പ്രവണതകള്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു ദേശീയ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ ലക്ഷ്യം വച്ച് ഒരു പരിരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതിയും പരിഗണനയിലാണ്. പ്രവാസികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് മറ്റൊരു പ്രധാന ചുവടുവയ്പ്പ്. ലോകമലയാളികളുടെ ഏകീകരണം വച്ചുകൊണ്ടുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനുള്ള മികച്ച മുതല്‍ക്കൂട്ടായിരിക്കും.
പി.ശ്രീരാമകൃഷ്ണന് (റസിഡന്റ് വൈസ് ചെയര്മാന് നോര്‍ക്ക റൂട്ട്സ്)