റാബീസും വാക്സിനും
Tuesday, September 27, 2022 10:13 PM IST
ജോബി ബേബി
ശ്രദ്ധവച്ചാൽ നൂറു ശതമാനം രക്ഷപ്പെടുത്താനും അശ്രദ്ധയായാൽ മരണനിരക്ക് കൂട്ടാനും റാബീസിനു കഴിയും. പേപ്പട്ടിയുടെ ഉമിനീരിലൂടെ ഇടവിട്ട് മാത്രമേ വൈറസുകൾ പുറത്തേക്ക് വരൂ. അതിനാൽത്തന്നെ ഒരു പേപ്പട്ടി തന്നെ 100 പേരെ കടിച്ചാൽ 15 പേർക്കു മാത്രമേ റാബീസ് ഉണ്ടാകാൻ സാധ്യതയുള്ളൂ. ഒരിക്കൽ റാബീസിന്റെ പ്രകടമായ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ ഒരു ചികിത്സയ്ക്കും രോഗിയെ രക്ഷിക്കാനാവില്ല.
മുറിവിന്റെ പരിചരണം പരമപ്രധാനമാണ്. രക്തത്തിലൂടെയല്ല, മറിച്ച് നെർവുകളിലൂടെയാണ് വൈറസുകൾ തലച്ചോറിനെ ലക്ഷ്യമാക്കി നീങ്ങുന്നത്. വൈറസ് തലച്ചോറിലെത്തുന്നതിനു മുൻപ് വാക്സിനേഷനിലൂടെ പ്രതിരോധ ഘടകങ്ങൾ സൃഷ്ടിച്ചു റാബീസിനെ തടയാനാകും. തലച്ചോറിലെത്തുന്ന വൈറസ് ഉമിനീർ ഗ്രന്ഥികളിലെത്തി പെരുകുകയാണ് ചെയ്യുന്നത്. സാധാരണ ഗതിയിൽ മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പേവിഷബാധ പടർന്ന റിപ്പോർട്ടില്ല. നമ്മുടെ നാട്ടിൽ നായയും പൂച്ചയുമാണ് പ്രധാനമായും രോഗം പകർത്തുന്നത്. റക്കൂണുകൾ ഏറ്റവും അപകടകാരിയായ വന്യജീവിയും. തിളപ്പിച്ചാറിച്ച പാലോ പാചകം ചെയ്ത മാംസമോ കഴിക്കുന്നതിലൂടെ റാബീസ് പകരില്ല.
പട്ടിക്കുട്ടികൾ അറിയാതെ കടിച്ചാൽപോലും കുത്തിവയ്പ്പെടുക്കാതിരിക്കരുത്. മൃഗങ്ങളിൽ മാത്രമുള്ള ഒരു സവിശേഷതയാണ് ഗർഭസ്ഥാവസ്ഥയിൽ പൊക്കിൾക്കൊടിയിലൂടെ തള്ളയ്ക്ക് റാബീസ് ഉണ്ടെങ്കിൽ കുട്ടിക്കും പകരുമെന്നത്. വാക്സിനേഷനെടുത്ത നായ കടിച്ചാൽ, 10 ദിവസത്തിനുള്ളിൽ നായ ചത്തുപോയാൽ വാക്സിനേഷനെടുക്കുകതന്നെ വേണം. ഫ്രിഡ്ജിലും മറ്റും താപനില നിയന്ത്രിച്ചു വേണം വാക്സിൻ സൂക്ഷിക്കാൻ. അല്ലെങ്കിൽ പൊട്ടെൻസി കുറയും. വാക്സിനേഷൻ പരാജയപ്പെടും. നായയും പൂച്ചയുമായി അടുത്തിടപഴുകുന്നവർ 0, 7, 21, 28 എന്നീ ഇടവേളകളിൽ കുത്തിവയ്പെടുക്കുന്നത് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. നെഞ്ചിനു മുകൾഭാഗം, കൈവിരൽത്തുമ്പുകൾ, മുഖം, നെറ്റി, ചെവി, കൺപോളകൾ എന്നിവിടങ്ങളിലെ കടികൾ അപകടകരമാണ്.