Monday, January 23, 2023 12:20 AM IST
ജനാധിപത്യ ഭരണക്രമത്തിൽ മുക്കാൽ നൂറ്റാണ്ടു പിന്നിട്ട കേരളം വിവിധ രംഗങ്ങളിൽ തിളങ്ങിനിൽക്കുമ്പോഴും, നാട് അക്ഷരാർത്ഥത്തിൽ അരാജകമായിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയം എന്നത് സമൂഹത്തിൽ ബോധപൂർവം വിഭജനവും അരാജകത്വവും വളർത്തി അധികാരം കൈക്കലാക്കാനും നിയമവാഴ്ചയെ ചൊല്പടിയിൽ നിർത്തി അഴിമതിയും അക്രമവും അധോലോക പ്രവർത്തനവും നടത്താനുമുള്ള ഉപാധിയായി പരിണമിക്കുകയും ചെയ്യുന്ന സമകാലിക സമൂഹത്തിൽ, സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയക്കാരും നമ്മെ നിരാശപ്പെടുത്തുന്നെങ്കിൽ, അതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു! നിയമം മാനിക്കപ്പെടുന്നത് ഉന്നതമായ സംസ്കൃതിയും ദാർശനിക ധിഷണയും ധാർമിക അടിത്തറയുമുള്ള സമൂഹങ്ങളിലാണ്.
ഇവയൊക്കെയും വളർത്തിക്കൊണ്ടുവരേണ്ടതും പരിപോഷിപ്പിക്കപ്പെടേണ്ടതും പ്രധാനമായും വിദ്യാഭ്യാസപ്രക്രിയയിലൂടെയാണ്. എന്നാൽ ഇവയെയൊക്കെ തകർക്കുന്ന വിദ്യാഭ്യാസസമ്പ്രദായവും അക്രമ സമരങ്ങളും പ്രതിലോമകരമായ മൂല്യ സങ്കൽപ്പങ്ങളും വളർത്തിക്കൊണ്ടു വരുന്നതിനു ബോധപൂർവം ശ്രമിക്കുന്ന ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളുമുള്ള നാട്ടിൽ, മതങ്ങൾ പോലും ആദ്ധ്യാത്മിക തലംവിട്ട് ആചാരങ്ങളിൽ അഭിരമിക്കുകയും പരസ്പരം കലഹിക്കുകയും ചെയ്യുന്നു!
സമൂഹത്തിന്റെ ആകുലതകൾ
പ്രത്യാശയോടെ ഉറ്റുനോക്കാൻ ഒന്നുമില്ലാത്ത ഒരു സമൂഹമായി മലയാളി സമൂഹം മാറിക്കൊണ്ടിരിക്കുകയാണോ? കാട്ടുതീയിൽപ്പെട്ട കിളിക്കൂടിൽനിന്നെന്നപോലെ, കഷ്ടിച്ചു പറക്കമുറ്റിയവരെല്ലാം പറന്നകലാൻ വെമ്പുന്ന ഒരിടമായി കേരളം മാറുകയാണോ? അപരിഷ്കൃതത്വവും അക്രമവാസനയും വളർത്തുന്നതും പരസ്പര നിന്ദയും ശത്രുതാ മനോഭാവവും മുതലെടുത്തുമാത്രം അധികാരത്തിലെത്താൻ ശ്രമിക്കുന്നവയുമായി നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാറിയിരിക്കുന്നു എന്നതു നിരസിക്കാൻ കഴിയുമോ?
വ്യത്യസ്തമായ ആശയഗതികളും കാഴ്ചപ്പാടും നിലപാടുകളുമുള്ളവരെ ‘വെട്ടി നിരത്തുന്ന’താണ് രാഷ്ട്രീയ പ്രവർത്തനം എന്ന കാഴ്ചപ്പാട് ഇനിയും നമ്മൾ വച്ചുപുലർത്തണമോ? ഇതിന് ഒരു മാറ്റമുണ്ടാകേണ്ടത് ഈ നാടിനും സമൂഹത്തിനും മുന്നോട്ടു പോകാൻ അനിവാര്യമല്ലേ? പിന്നിലേക്ക് നടക്കുകയും കീഴ്പ്പോട്ടു വളരുകയും അപരിഷ്കൃതിയിലേക്ക് കൂപ്പുകുത്തുകയും അരാജകത്വം ആഘോഷിക്കപ്പെടുകയും ചെയ്യുന്ന, നമ്മുടെ സാമൂഹ്യാവസ്ഥക്ക് ഒരു മാറ്റമുണ്ടാകേണ്ടത് അത്യന്താപേക്ഷിതമല്ലേ?
രാഷ്ട്രീയ വിചാരങ്ങളിൽ മാറ്റമുണ്ടാകണം
നിലവിലുള്ള ‘ഇസങ്ങൾ’ പലതും പ്രായോഗികതലത്തിൽ പരാജയപ്പെടുകയും ജനാധിപത്യം പുതിയ പരീക്ഷണങ്ങൾക്കും ബലതന്ത്രങ്ങൾക്കും വിധേയമാവുകയും, കമ്പോള സംസ്കാരത്തിന്റെ കുത്തൊഴുക്കിൽ സർവ്വതും വസ്തുവത്കരിക്കപ്പെടുകയും, വിറ്റാൽ ലാഭം കിട്ടാത്തതൊന്നും മൂല്യമുള്ളതല്ല എന്ന കാഴ്ചപ്പാട് സർവത്ര ശക്തിയാർജിക്കുകയും ചെയ്യുമ്പോൾ, മുറുകെ പിടിക്കാൻ മൂല്യങ്ങളോ ആശ്രയിക്കാവുന്ന പ്രത്യയശാസ്ത്രങ്ങളോ ഉറച്ചുനിൽക്കാവുന്ന ആത്മീയ അടിസ്ഥാനങ്ങളോ കാണാതെ പതറിനിൽക്കുന്ന മനുഷ്യസമൂഹത്തിനു മാർഗദർശനം നൽകുന്ന ചിന്തകൾ ഉയർന്നുവരണം. മനുഷ്യനെ വീണ്ടും അന്വേഷിക്കുകയും മനുഷ്യത്വം പുനർനിർവചിക്കപ്പെടുകയും മനുഷ്യാന്തസ് മാനിക്കപ്പെടുകയും മാനുഷികമൂല്യങ്ങൾ സംരക്ഷിക്കപ്പെടുകയും മനുഷ്യ ജീവിതം സന്തോഷകരമാവുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യമുണ്ടാകണം. മനുഷ്യനെ നിർമിക്കുന്ന വിദ്യാഭ്യാസവും മനുഷ്യനു ജീവിക്കാവുന്ന സാമൂഹ്യക്രമവും മനുഷ്യസമൂഹത്തെ ഭദ്രമാക്കുന്ന ഭരണക്രമവും ഉണ്ടാകണം.
നിയമങ്ങൾ മനുഷ്യനുവേണ്ടിയാകണം
എല്ലാം മനുഷ്യനുവേണ്ടിയായാൽ പ്രകൃതിയും പക്ഷി മൃഗാദികളും ജീവജാലങ്ങളുമെല്ലാം മനുഷ്യൻ നശിപ്പിക്കുകയില്ലേ എന്ന ചോദ്യമുയരാം. മനുഷ്യൻ മൃഗങ്ങളെ ഉപദ്രവിക്കരുത് എന്നു നിയമമുണ്ടാക്കുന്നത് മനുഷ്യനുള്ളതുപോലുള്ള അവകാശം മൃഗത്തിനും ഉണ്ട് എന്നതുകൊണ്ടാണോ അതോ, അകാരണമായി ഒരു ജീവിയെ ഉപദ്രവിക്കുന്നത് മനുഷ്യത്വ വിരുദ്ധവും മര്യാദ ഇല്ലാത്തതുമായ പ്രവൃത്തി ആയതിനാലാണോ?
മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും നിയമപരമായ ‘തുല്യത’നൽകിയാൽ, മനുഷ്യനെന്നതുപോലെ മൃഗങ്ങളും മറ്റു ജീവജാലങ്ങളും നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ മനുഷ്യനെയും മൃഗത്തേയും മറ്റു ജീവജാലങ്ങളെയും ഒരുപോലെ നിയമപരമായ ശിക്ഷണ നടപടികൾക്ക് വിധേയമാക്കാൻ കഴിയണം. അതിനു ഭരണകൂടത്തിനു കഴിയുമോ? മനുഷ്യനെ കൊല്ലുന്ന കടുവയെയും ആനയെയും പുലികളെയും നിയമപരമായി ശിക്ഷിക്കാൻ കഴിയുമോ? മനുഷ്യൻ അധ്വാനിച്ചുണ്ടാക്കുന്ന കൃഷിയും പുരയിടവും നശിപ്പിക്കുന്ന വന്യജീവികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ കഴിയുമോ? ഇല്ലെങ്കിൽ, ഒരു കാര്യം മനസിലാക്കണം: എല്ലാ നിയമവും മനുഷ്യനു വേണ്ടിയാണ്! മനുഷ്യ ജീവിതം സുരക്ഷിതവും സുഗമവും സന്തോഷകരവും ആക്കുന്നതിനു വേണ്ടിയാണ്.
മര്യാദാ പുരുഷോത്തമൻ
രാമായണകാവ്യത്തിൽ ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്നാണ് വിവക്ഷിക്കുന്നത്. ശ്രീരാമനെ പുരുഷോത്തമനാക്കുന്നത് അദ്ദേഹം ജീവിതത്തിൽ പുലർത്തുന്ന മര്യാദയാണ്. മര്യാദ! അതിൽനിന്നാണ് ഭരണവും സംസ്കാരവും മതവും മറ്റെല്ലാ സാമൂഹ്യ സംവിധാനങ്ങളും ഉയിർകൊള്ളുന്നത്. മര്യാദ മറ്റുള്ളവരെക്കൊണ്ട് പാലിപ്പിക്കുന്നതിലല്ല, സ്വയം പാലിക്കുന്നതിൽനിന്നാണ് മനുഷ്യൻ മാനവികതയുടെ പടവുകൾ കയറിത്തുടങ്ങുന്നത്.
ഇന്നത്തെ സമൂഹത്തെ പ്രത്യാശാഭരിതമായ ഒരു നാളെയിലേക്ക് നയിക്കാൻ, സംസ്കാരചിത്തരും മര്യാദയുള്ളവരും മനുഷ്യത്വമുള്ളവരും, മാനുഷിക മൂല്യങ്ങളെ മാനിക്കുന്നവരും മനുഷ്യ അന്തസിനെ ഉയർത്തുന്നവരുമായ നേതാക്കൾ സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലും, വിശിഷ്യ രാഷ്ട്രീയ - ഭരണ രംഗങ്ങളിൽ ഉയർന്നു വരണം. സാമ്പ്രദായിക രാഷ്ട്രീയ നേതാക്കൾ അതിനു പരാജയപ്പെടുന്നെങ്കിൽ, അറിവും നെറിവും വിവേകവുമുള്ളവരെ ആ രംഗത്തു കൊണ്ടുവരാൻ സമൂഹം പ്രതിജ്ഞ്ഞാബദ്ധമാകണം.
ഫാ. വർഗീസ് വള്ളിക്കാട്ട്