സന്തുഷ്ട അധ്യാപകർ - സന്തുഷ്ട പഠനംആഗോള തലത്തിലും ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസനയത്തിലും സന്തുഷ്ട പാഠ്യപദ്ധതിക്ക് ഊന്നൽ കൊടുക്കുന്നു. സ്വാഭാവികസന്തോഷം നഷ്ടമായിക്കൊണ്ടിരിക്കുന്നതിനാലും, സമ്മർദങ്ങൾ ഏറുന്നതിനാലും “എന്റെ ആനന്ദം - എന്റെ സ്വാതന്ത്ര്യം” എന്ന ചിന്തയിൽ കൃത്രിമ സന്തോഷ ഉപാധികൾ തേടുന്ന പ്രവണത വർധിക്കുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും സമൃദ്ധി ലക്ഷ്യമാക്കുന്ന ആഹ്ളാദമാകണം വിദ്യാഭ്യാസ അനുഭവം എന്നാണ് നൂറ്റാണ്ടുകൾക്കുമുമ്പ് പ്ലേറ്റോയും അരിസ്റ്റോട്ടിലും പറഞ്ഞുവച്ചത്. ഏതു വിധേനയും ആനന്ദിക്കുന്ന അഭിനിവേശത്തിനായി വിദ്യാഭ്യാസത്തെ ഉപാധിയാക്കുന്ന പ്രവണതകൾ കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്നത് അധ്യാപകർക്കുണ്ടാക്കുന്ന സമ്മർദം ഇരട്ടിപ്പിക്കുന്നു. സന്തോഷകരമായ പഠനാനുഭവങ്ങൾ വിദ്യാർഥികൾക്കു നൽകാൻ സന്തോഷചിത്തരായ അധ്യാപകസമൂഹം വേണം. അധ്യാപകർ നേരിടുന്ന പ്രയാസങ്ങൾ മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനും യോജ്യമായ സംവിധാനങ്ങളുടെ അഭാവം നമ്മുടെ വിദ്യാഭ്യാസരംഗത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും അവാർഡുകൾ ഏറ്റുവാങ്ങുന്ന അധ്യാപകർ മാത്രമല്ല, ഓരോ കുഞ്ഞിന്റെയും പിന്നാലെ നന്മ നിറഞ്ഞ ഭാവി പ്രത്യാശയോടെ വീക്ഷിക്കുന്ന ശ്രേഷ്o അധ്യാപകർ ആദരവ് അർഹിക്കുന്നു. മാതാപിതാക്കളേക്കാൾ കൂടുതലായി പകൽ വെളിച്ചത്തിൽ കുഞ്ഞുങ്ങളുടെ കണ്ണുകൾ നോക്കി കാഴ്ചപ്പാടുകൾ അറിഞ്ഞ്, തിരിച്ചറിവിലേക്ക് നയിക്കുന്ന അധ്യാപകരുടെ വെളിച്ചത്താൽ സർവ അന്ധകാരങ്ങളും മായട്ടെ.
(പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളജ് പ്രഫസറാണ് ലേഖിക)