Monday, September 4, 2023 11:00 PM IST
ഇന്ന് അന്താരാഷ്ട്ര ജീവകാരുണ്യ ദിനം / ടോണി ചിറ്റിലപ്പിള്ളി
അനാഥരെ സനാഥരാക്കുകയും രോഗികൾക്കും നിർധനർക്കും അത്താണിയായിത്തീരുകയും ചെയ്ത അഗതികളുടെ അമ്മ, കൽക്കട്ടയിലെ വിശുദ്ധ മദർതെരേസയുടെ ചരമ ദിനം ലോക ജീവകാരുണ്യദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു.1997 സെപ്റ്റംബർ അഞ്ചിനാണ് വിശുദ്ധ മദർ തെരേസ ദിവംഗതയായത്. ആത്മസാക്ഷാത്കാരം തനിച്ചല്ല, പതിതരോടൊപ്പമാണെന്ന് അറിയുന്നതാണ് നല്ല സാമൂഹ്യബോധമെന്ന് ഈ വിശുദ്ധ തെളിയിച്ചു.
“ആശയങ്ങളല്ല ആളുകളാണ് വലുത്”
ജീവകാരുണ്യപ്രവർത്തനം ഭിന്ന മതസംസ്കാരങ്ങളിൽപ്പെട്ട വ്യക്തികൾ തമ്മിലുള്ള സംഭാഷണവും അതുപോലെതന്നെ ഐക്യദാർഢ്യവും പരസ്പരധാരണയും പരിപോഷിപ്പിക്കുന്നതിനു സഹായകവുമാണെന്ന ബോധ്യത്തോടുകൂടിയാണ് ഐക്യരാഷ്ട്രസഭ ഈ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. മനുഷ്യന്റെ അസ്തിത്വദുഃഖങ്ങളെ താത്വികമായി അഭിസംബോധന ചെയ്യാനല്ല സുകൃതകർമങ്ങൾകൊണ്ടു തലോടാനാണ് മദർ മുതിർന്നത്. ആശയങ്ങളല്ല ആളുകളാണ് വലുതെന്നും പിന്നീടല്ല ഇപ്പോഴാണ് വേണ്ടതെന്നും ഉറച്ചുവിശ്വസിച്ച മദർ അപരനുകൂടിയല്ലെങ്കിൽ എന്റെ ജീവിതം എത്ര നിരർത്ഥകം എന്ന് തന്റെ ജീവിതംകൊണ്ടു തെളിയിച്ചു.
എല്ലാം നേടാനായി നാം മുന്നോട്ടു പായുമ്പോഴും അതിനിടയില്‍ ഒരു നിമിഷമെങ്കിലും പുറകോട്ട് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ജീവിതം പൂര്‍ണമായും നമുക്ക് മാത്രമുളളതല്ല മറ്റുള്ളവര്‍ക്കും കൂടി ഉപകാരപ്പെടുമ്പോള്‍ മാത്രമേ അത് പൂര്‍ണമാകൂ. കഷ്ടപ്പെടുന്നവരോടുള്ള ദയ, അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള മനസ്, ജീവകാരുണ്യം, മാനവികത, പരസ്പരസഹായം എന്നിവയെല്ലാം തന്നെ നമ്മില്‍ ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ സങ്കടങ്ങളും വേദനയും നമ്മുടേതു കൂടിയാണെന്നു തിരിച്ചറിഞ്ഞ് അതിനുവേണ്ടിയുള്ള കൂട്ടായ പരിശ്രമമാണ് ജീവകാരുണ്യ ദിനത്തിന്റെ പ്രധാന ലക്ഷ്യമായി കണക്കാക്കുന്നത്.
കാരുണ്യമായ മദർ
മദർ തേരേസ തന്റെ ജീവിതത്തിന്റെ എല്ലാ അർഥത്തിലും ദൈവകാരുണ്യത്തിന്റെ ഉദാരമതിയായ കാര്യസ്ഥയായിരുന്നു. പിറക്കാതെ, ഉപേക്ഷിക്കപ്പെട്ട, തള്ളിക്കളഞ്ഞ മനുഷ്യ ജീവനു സ്വാഗതമോതിയും സംരക്ഷിച്ചും എല്ലാവർക്കും മദർ സംലഭ്യയായി. ജീവന്റെ സംരക്ഷണത്തിനു വേണ്ടി അവൾ തന്നെത്തന്നെ സമർപ്പിച്ചു. പിറക്കാത്ത കുഞ്ഞുങ്ങൾ ഏറ്റവും ബലഹീനരും ചെറിയവരും ഏറ്റവും സഹായം ആവശ്യമുള്ളവരുമാണെന്നും നിർഭയം മദർ പ്രഖ്യാപിച്ചു.
തെരുവോരങ്ങളിൽ മരിക്കാനായി കിടന്നവരുടെ മുമ്പിൽ, അവരിൽ ദൈവമഹത്വം ദർശിച്ച് മദർ താണിറങ്ങി. ലോകശക്തികളുടെ മുമ്പിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. അതുവഴി അവർ ചെയ്ത കുറ്റകൃത്യങ്ങളും അവർ സൃഷ്ടിച്ച ദാരിദ്ര്യവും അവർക്കു മനസിലാക്കിക്കൊടുക്കാൻ തയാറായി. മദർ തേരേസയ്ക്ക് കാരുണ്യം ‘ഉപ്പ്’പോലെ തന്റെ ജോലികളിൽ സ്വാദ് പകരുന്നതായിരുന്നു. ഇത് ദാരിദ്ര്യവും പട്ടണിയും മൂലം കണ്ണീരുപോലും പൊഴിക്കാൻ കഴിയാതെ അന്ധകാരത്തിൽ കഴിഞ്ഞ അനേകർക്ക് പ്രതീക്ഷ പകരുന്ന പ്രകാശമായിരുന്നു.
ബഹുമതികൾ കൊണ്ടുമൂടി ലോകം
പതിറ്റാണ്ടുകൾ ദീർഘിച്ച അമ്മയുടെ ഉപവിശുശ്രൂഷകൾ ലോകം ആദരവോടെയാണ് നോക്കിക്കാണുന്നത്. നൊബേൽ സമ്മാനം, ഭാരതരത്നം തുടങ്ങി നിരവധി ബഹുമതികളും മദറിനെ തേടിയെത്തി. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ പ്രചാരകർ പോലും അവരുടെ ഹൃദയത്തിലും പൊതുവേദികളിലും മദറിന് സ്ഥാനം നൽകി അവരെ പാവപ്പെട്ടവരുടെ അമ്മയായി അംഗീകരിച്ചു. ജന്മനാടായ അൽബേനിയയോട് വിടപറഞ്ഞ്, പ്രവാസജീവിതത്തിന്റെ നാൾവഴിയിൽ ഭാരതത്തിന്റെ സ്വന്തമാകുകയും തുടർന്ന് ഭാരതത്തെ സ്വന്തമാക്കുകയും ചെയ്ത വിശുദ്ധയാണ് കൊൽക്കത്തയിലെ തെരേസ. ആർഷഭാരതത്തിന്റെ മനസും ആത്മാവും കണ്ടറിഞ്ഞവൾ .
മനുഷ്യവ്യക്തിത്വത്തിൽ തുടിക്കുന്ന ഈശ്വര സാന്നിധ്യത്തെ തിരിച്ചറിഞ്ഞ ഒരു അമ്മ. ഈ നേർക്കാഴ്ചയിൽ രാജ്യവും നിറവും ജാതിയും മതവും സംസ്കാരവും ഒന്നും ഈ അമ്മയുടെ മുന്നിൽ തടസങ്ങളായിരുന്നില്ല. മനുഷ്യ ജാതിയായിരുന്നു അവരുടെ ജാതി. സ്നേഹമായിരുന്നു അവർ കണ്ടുമുട്ടിയ മനുഷ്യരുടെ നിറം. ഇക്കാരണത്താലാണ് ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തകയായി ലോകം മദറിനെ ആദരിക്കുന്നത്.
അക്ഷീണയായ കാരുണ്യത്തിന്റെ ഈ ശുശ്രൂഷക, നമ്മുടെ പ്രവൃത്തികളുടെ ഏക മാനദണ്ഡം സൗജന്യമായി കൊടുക്കുന്ന സ്നേഹമാണന്നുള്ള അവബോധം നമ്മിൽ വർധിപ്പിക്കുന്നു. മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന ഭാഷയുടെ, സംസ്കാരത്തിന്റെ, വർഗത്തിന്റെ, മതങ്ങളുടെ, വർണത്തിന്റെ ആശയസംഹിതകളിൽനിന്നു നമ്മെ വിമോചിപ്പിക്കുന്നു.