Tuesday, September 5, 2023 11:27 PM IST
പ്രഫ. റോണി കെ. ബേബി
"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന അജണ്ടയിലേക്ക് അതിവേഗം മോദി സർക്കാർ നടന്നടുക്കുകയാണ് എന്നാണ് പുറത്തുവരുന്ന സൂചനകൾ. 2024 ലെ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ മാസം 18 മുതൽ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇതു സംബന്ധിച്ച് നിയമനിർമാണം നടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. താൻ അധ്യക്ഷനായ സമിതി ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പുതന്നെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇക്കാര്യത്തിൽ ഏറെ ചർച്ചകൾ നടത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഉയരുന്ന വാദപ്രതിവാദങ്ങൾ
ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ "ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ രാജ്യത്തുടനീളം ചർച്ചകൾ അഴിച്ചുവിടാൻ കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ലോക്സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടക്കുമെന്നതാണ് യഥാർഥത്തിൽ ആശയത്തിന്റെ അർഥം. ഈ ആശയത്തിന്റെ പ്രധാന വക്താവ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്.
ഇന്ത്യയിൽ ഈ ആശയം പുതിയതാണെന്ന് ഒരാൾക്ക് തോന്നിയേക്കാമെങ്കിലും "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' രീതി പിന്തുടരുകയും 1952, 1957, 1962, 1967 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകൾ ഈ ആശയത്തെ അടിസ്ഥാനമാക്കി നടക്കുകയും ചെയ്തിരുന്നു. എന്നാൽ, അന്നത്തെ സാഹചര്യങ്ങളല്ല ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത് എന്നാണ് നിർദേശത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ ഇന്ത്യയിൽ വിരലിലെണ്ണാവുന്ന സംസ്ഥാന നിയമസഭകൾ ഉണ്ടായിരിക്കെ അന്ന് ഇതു പ്രായോഗികമായിരുന്നു.
ഇന്ത്യയിൽ വിവിധ ഘട്ടങ്ങളിലായി നടത്തുന്ന വ്യത്യസ്തമായ തെരഞ്ഞെടുപ്പുകള്‍ ഒരു ജനാധിപത്യ രാജ്യത്തിന് ബാധ്യതയാണെന്നും ഒറ്റ തെരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് രാജ്യം മാറേണ്ടതുണ്ടെന്നുമാണ് ബിജെപിയുടെ നിലപാട്. ഭരണം മെച്ചപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പുചെലവ് കുറയ്ക്കുന്നതിനും രാഷ്ട്രീയസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമായി വാദിക്കുന്ന ഈ നിർദേശത്തിനെതിരേ വിവിധ കോണുകളിൽനിന്നു പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
എന്നാൽ, അടുത്ത പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബിജെപിയുടെ തിരക്കിട്ട രാഷ്ട്രീയനീക്കമായാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ബിജെപി അജണ്ടയ്ക്കെതിരേ "ഇന്ത്യ' മുന്നണിയിലെ വിവിധ പാർട്ടികൾ ഇതിനകം ശക്തമായി രംഗത്തു വന്നുകഴിഞ്ഞു. ബിജെപിയുടെ നീക്കം ഭരണഘടനയ്ക്കും ജനാധിപത്യ തത്വങ്ങൾക്കും വിരുദ്ധമാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്. അഞ്ചു വർഷത്തിലൊരിക്കൽ മാത്രം സംസ്ഥാനങ്ങളിലേക്കും കേന്ദ്രത്തിലേക്കും തെരഞ്ഞെടുപ്പു നടത്തുന്നതാണ് നിലവിലെ രീതിയെന്നിരിക്കെ പാർലമെന്ററി ജനാധിപത്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്ന നീക്കമാണ് മോദി സർക്കാരിന്റെയും ബിജെപിയുടെയും ഭാഗത്തുനിന്ന് ഉയരുന്നത്.
ബിജെപിയുടെ അജണ്ടകൾ
2014ലെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലാണ് "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം ബിജെപി മുന്നോട്ടു വയ്ക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ബിജെപി ഇതുൾപ്പെടുത്തിയിരുന്നു. 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഈ നയം നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്.
പാർലമെന്റിലേക്കും നിയമസഭകളിലേക്കും ഒരേസമയത്ത് തെരഞ്ഞെടുപ്പു നടത്തുന്നതിന്റെ പ്രായോഗികതയെപ്പറ്റി പഠിക്കാൻ നിയമ നീതികാര്യങ്ങൾക്കായുള്ള പാർലമെന്റ് കമ്മിറ്റി പൊതുജനങ്ങളുടെയും അംഗീകൃത രാഷ്ട്രീയകക്ഷികളുടെയും അഭിപ്രായങ്ങൾ കേൾക്കാൻ ആരംഭിച്ചത് 2015ലാണ്. സർക്കാരിയ കമ്മീഷൻ റിപ്പോർട്ട് (1988), എസ്.ആർ. ബൊമ്മൈ കേസ് വിധി (ഒമ്പതംഗ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് -1994), നിയമ കമ്മീഷന്റെ 170-ാം റിപ്പോർട്ട് (1999), 1951ലെ ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പുകൾ, തെരഞ്ഞെടുപ്പു കമ്മീഷൻ വിജ്ഞാപനങ്ങൾ, മാതൃകാ പെരുമാറ്റച്ചട്ടം തുടങ്ങിയവയെല്ലാം വിശദമായി പരിശോധിച്ച കമ്മിറ്റി 2015 ഡിസംബർ 15ന് 79-ാം നമ്പർ റിപ്പോർട്ട് പാർലമെന്റിന്റെ ഇരുസഭകൾക്കും സമർപ്പിച്ചു.
2017ല്‍ നീതി ആയോഗും 2018ല്‍ നിയമ കമ്മീഷനും ഇതിന് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചിരുന്നു. 2022 ഡിസംബറില്‍ 22-ാം നിയമ കമ്മീഷന് ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ആറ് സെറ്റ് ചോദ്യങ്ങള്‍ മുന്നോട്ടു വച്ചിരുന്നു.
ഭരണഘടന പറയുന്നത്
രാജ്യത്തെ നിലവിലുള്ള ഭരണഘടനയിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ പ്രതിനിധീകരിക്കുന്ന വകുപ്പുകൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. ആർട്ടിക്കിൾ 83 (2) ലോക്സഭയുടെ കാലാവധിയെക്കുറിച്ച് പ്രതിപാദിക്കുന്നു, നേരത്തെ പിരിച്ചുവിട്ടില്ലെങ്കിൽ ലോക്സഭ അഞ്ച് വർഷത്തേക്ക് ആയിരിക്കുമെന്നും പറയുന്നു. അതുപോലെ, ആർട്ടിക്കിൾ 172 പറയുന്നത് നേരത്തേ പിരിച്ചുവിട്ടില്ലെങ്കിൽ സംസ്ഥാന നിയമസഭകളുടെ കാലാവധി അഞ്ച് വർഷമായിരിക്കും എന്നാണ്.
ലോകത്തിലെ മറ്റു രാജ്യങ്ങളിലെ ഭരണഘടനാ വ്യവസ്ഥകൾ പരിശോധിച്ചാൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് നിയമപ്രകാരം പിന്തുടരുന്നത് മൂന്ന് രാജ്യങ്ങളിൽ മാത്രമാണ്. ബെൽജിയം, സ്വീഡൻ, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഒരേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യങ്ങൾ. സ്വീഡനിൽ കൗണ്ടി, മുനിസിപ്പൽ കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും പൊതുതെരഞ്ഞെടുപ്പുകളും നാലു വർഷത്തിലൊരിക്കൽ നടത്തുന്നു.
ഫെഡറലിസത്തിനു ഭീഷണി
"ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' നിർദേശം നിരവധി സാധ്യതകൾ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അതോടൊപ്പം ഉയരുന്ന വെല്ലുവിളികളും വിമർശനങ്ങളും നിരവധിയാണ്. കേന്ദ്രതലത്തിൽ അധികാരം കേന്ദ്രീകരിക്കുന്നതിലൂടെ അത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഫെഡറൽ ഘടനയെ തകർക്കുമെന്നത് നഗ്നമായ യാഥാർഥ്യമാണ്. ഇന്ത്യയെപ്പോലെ വിശാലവും വൈവിധ്യവുമുള്ള ഒരു രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പ്രാദേശിക, സംസ്ഥാന, ദേശീയ തലങ്ങളിൽ ഒറ്റ ദിവസം തെരഞ്ഞെടുപ്പുകൾ ഏകോപിപ്പിക്കുന്നത് എളുപ്പമല്ല.
പ്രാദേശിക പാർട്ടികളെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട് എന്നതാണ് മറ്റൊരു വെല്ലുവിളിയായി ചൂണ്ടിക്കാട്ടപ്പെടുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പ്രാതിനിധ്യം പുലർത്തുന്ന പ്രാദേശിക പാർട്ടികൾക്കിടയിൽ "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ദേശീയ പാർട്ടികൾക്ക് അനുകൂലമാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.
ഒരുമിച്ച് തെരഞ്ഞെടുപ്പു നടത്തുന്നതോടെ പ്രാദേശിക വിഷയങ്ങൾ അവഗണിക്കപ്പെടാനാണു സാധ്യത. പ്രാദേശിക പാർട്ടികളുടെ സ്വാധീനം ഇല്ലാതാകും. ദേശീയ രാഷ്ട്രീയമാകും പ്രധാനമായും തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകുക. അതായത്, പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നതുപോലെ, കേന്ദ്രത്തിലെ ശക്തനായ നേതാവിലേക്ക് വോട്ടുകൾ ഒഴുകും. ഇതുതന്നെയാണ് ബിജെപിയുടെ ലക്ഷ്യവും. മോദിയെ മുന്നിൽ നിർത്തി അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ഈ അജണ്ട എങ്ങനെയും പ്രാവർത്തികമാക്കാനാണ് ബിജെപി അക്ഷീണം പ്രയത്നിക്കുന്നത്.
പ്രത്യക്ഷത്തിൽ വളരെ ലളിതമെന്നു തോന്നുന്ന ആശയമാണെങ്കിലും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ബിജെപി അജണ്ട പ്രസിഡൻഷ്യൽ ഭരണത്തിലേക്കുള്ള ചവിട്ടുപടിയാണെന്നാണ് പ്രതിപക്ഷ പാർട്ടികളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. നീതി ആയോഗും ലോ കമ്മീഷനും ഇതുസംബന്ധിച്ച് തയാറാക്കിയ രേഖയിലെ പല നിർദേശങ്ങളും ഇതിനെ സാധൂകരിക്കുന്നതാണ്. നീതി ആയോഗ് റിപ്പോർട്ടിലെ ഒരു നിർദേശത്തിൽ, സർക്കാരിന്റെ കാലാവധി തീരാൻ കുറഞ്ഞ സമയമേ ബാക്കിയുള്ളൂവെങ്കിൽ രാഷ്ട്രപതിക്ക് ഭരണം ഏറ്റെടുക്കാനുള്ള വ്യവസ്ഥയുണ്ട്.
രാജ്യത്ത് പാർലമെന്ററി സംവിധാനങ്ങളേക്കാൾ തങ്ങൾക്ക് താത്പര്യം പ്രസിഡൻഷ്യൽ രീതിയാണെന്ന് ബിജെപി ഒരു മറയുമില്ലാതെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോൾ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, അടുത്ത പടിയായി പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്കുള്ള പരിവർത്തനം ഇതൊക്കെയാണ് ഈ നിർദേശത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ.
ആത്യന്തികമായി ഇത് തുരങ്കംവയ്ക്കുന്നത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ആയിരിക്കും. വൈവിധ്യങ്ങളുടെ ഭൂമികയായ ഇന്ത്യയിൽ അതിനെ കുറച്ചെങ്കിലും പ്രതിനിധീകരിക്കുന്ന ഭരണഘടനയുടെ ഫെഡറൽ സ്വഭാവം അട്ടിമറിക്കപ്പെട്ടാൽ അത് രാജ്യത്തിന്റെ നിലനിൽപ്പിനുമേൽ ഉയർത്തുന്ന ഭീഷണി വലുതായിരിക്കും.