Sunday, September 10, 2023 11:22 PM IST
ഭൂകന്പത്തിന്റെ പശ്ചാത്തലത്തിൽ മൊറോക്കോയോടുള്ള ശത്രുത എന്നന്നേക്കുമായി അവസാനിപ്പിച്ച് അയൽരാജ്യമായ അൾജീരിയ. മൊറോക്കൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപരിധിയിൽ പ്രവേശിക്കാൻ രണ്ടു വർഷമായി തുടരുന്ന നിരോധനം പിൻവലിക്കുകയാണെന്ന് അൾജീരിയ അറിയിച്ചു.
ദുരിതബാധിതർക്ക് എത്രയും വേഗം സഹായം എത്തിക്കുന്നതിനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും രാജ്യാന്തര രക്ഷാപ്രവർത്തകർക്ക് തടസമില്ലാതെ എത്തിച്ചേരുന്നതിനുമായാണ് തീരുമാനമെന്നും അൾജീരിയൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി. മൊറോക്കോ ആവശ്യപ്പെടുന്ന ഏതു സഹായവും നൽകാൻ തയാറാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
1994 മുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇതെത്തുടർന്ന് അതിർത്തികൾ അടഞ്ഞുകിടക്കുകയാണ്. ഇതിന്റെ തുടർച്ചയെന്നോണം മൊറോക്കോ ശത്രുതാപരമായ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് ആരോപിച്ച് 2021ൽ അൾജീരിയ തങ്ങളുടെ വ്യോമമേഖല അടയ്ക്കുകയും മൊറോക്കോയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തു.
തങ്ങൾക്കെതിരേ മൊറോക്കോ സ്പൈവെയർ ഉപയോഗിക്കുകയാണെന്നും വിമത ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നുവെന്നുമൊക്കെയാണ് അൾജീരിയയുടെ ആരോപണം. കൂടാതെ പടിഞ്ഞാറൻ സഹാറയിലെ തർക്കപ്രദേശവും ബന്ധം വഷളാകാനിടയാക്കി. കഴിഞ്ഞ മൂന്നു വേനൽക്കാലങ്ങളിൽ രാജ്യത്തുണ്ടായ വൻ കാട്ടുതീ അണയ്ക്കാൻ മൊറോക്കോ സഹായം വാഗ്ദാനം ചെയ്തെങ്കിലും അൾജീരിയ നിരസിക്കുകയായിരുന്നു.
സർക്കാരുകൾ തമ്മിലുള്ള ബന്ധം മോശമാണെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായും സാംസ്കാരികമായും ഏറെ ഇഴയടുപ്പമുണ്ട്. മെഡിറ്ററേനിയൻ മുതൽ സഹാറ വരെ ഇരു രാജ്യങ്ങൾക്കും വളരെ നീണ്ടുകിടക്കുന്ന അതിർത്തിപ്രദേശവുമുണ്ട്.
ഇന്ത്യക്കാർ സുരക്ഷിതർ
മൊറോക്കോയിലുണ്ടായ ഭൂകന്പത്തിൽ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് മൊറോക്കോയിലെ ഇന്ത്യൻ എംബസി കൗൺസിലർ നീരജ് അഗർവാൾ അറിയിച്ചു. ഭൂകന്പം കനത്ത നാശം വിതച്ച മാരക്കെഷിൽ ഇന്ത്യൻ കന്പനിയായ ഒബറോയ് ഗ്രൂപ്പിന് റിസോർട്ടുണ്ട്.
തങ്ങൾക്കു നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും റിസോർട്ട് പ്രവർത്തിക്കുന്നുണ്ടെന്നും കന്പനി അറിയിച്ചു. 2019ലാണ് ഒബറോയ് ഗ്രൂപ്പ് മാരക്കെഷിൽ 28 ഏക്കർ സ്ഥലത്തായി 84 റൂമുകളും വില്ലകളുമുള്ള റിസോർട്ട് ആരംഭിച്ചത്.
വലിയ ഭൂകന്പദുരന്തങ്ങൾ
ഒരു നൂറ്റാണ്ടിനിടെ എണ്‍പതിലധികം വലിയ ഭൂകമ്പങ്ങളിലായി ലക്ഷക്കണക്കിനു പേരാണ് ലോകത്തെമ്പാടുമായി മരിച്ചിട്ടുള്ളത്. ചില വലിയ ദുരന്തങ്ങള്‍ താഴെ.
☛ 2023 ഫെബ്രുവരി ആറ്: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 59,259 പേര് മരിക്കുകയും 250ഓളം പേരെ കാണാതാവുകയും ചെയ്തു. ഒരുലക്ഷത്തിലധികം പേര്‍ക്കു പരിക്കേറ്റു.
☛ 2022 ജൂണ്‍ 21: അഫ്ഗാനിസ്ഥാന്. മരണം 1,163.
☛ 2021 ഓഗസ്റ്റ് 14: ഹെയ്തി. മരണം 2,248.
☛ 2018 സെപ്റ്റംബര്‍ 28: ഇന്തോനേഷ്യയിലെ സുലവേസിയില്‍ ഭൂകമ്പവും സുനാമിയും. മരണം 4,340.
☛ 2015 ഏപ്രില്‍ 25: നേപ്പാള്‍. മരണം 9,182.
☛ 2011 മാര്‍ച്ച് 11: ജപ്പാനില്‍ ഭൂകമ്പവും സുനാമിയും. 19,747 പേര് മരിച്ചു.
☛ 2010 ജനുവരി 12: ഹെയ്തിയില്‍ 92,000 മുതല്‍ 3.16 ലക്ഷംവരെ മരണം.
☛ 2008 മേയ് 12: ചൈനയിലെ സിചുവാനില്‍ 87,587 പേര് മരിച്ചു.
☛ 2006 മേയ് 27: ഇന്തോനേഷ്യയില്‍ യോഗ്യകര്ത്തായില് 28,903 പേര് മരിച്ചു.
☛ 2005 ഒക്ടോബര്‍ എട്ട്: പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ 87,351 മരണം.
☛ 2003 ഡിസംബര്‍ 26: ഇറാനിലെ ബാമില്‍ 26,271 മരണം.
☛ 2001 ജനുവരി 26: ഇന്ത്യയിലെ ഭുജില്‍ 20,085 മരണം.
☛ 1999 ഓഗസ്റ്റ് 17: തുര്‍ക്കിയിലെ ഇസ്മിത്തില് 17,127 മരണം.
☛ 1990 ജൂണ്‍ 21: ഇറാനിലെ ഗിലാനില്‍ 35,000-40,000 മരണം.
☛ 1988 ഡിസംബര്‍ ഏഴ്: അര്‍മേനിയയില്‍ 25,000 മുതല്‍ 50,000 വരെ മരണം.
☛ 1976 ജൂലൈ 28: ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍ ഔദ്യോഗിക കണക്കു പ്രകാരം 2,42,719 മരണം. അനൗദ്യോഗികമായി മരണം 6,55,000 വരെ.
☛ 1968 ഓഗസ്റ്റ് 31: ഇറാനിലെ ഖുറാസാനില്‍ 15,900 മരണം.
☛ 1939 ഡിസംബര്‍ 27: തുര്‍ക്കിയില്‍ 32,700 മരണം.