Thursday, September 14, 2023 1:43 AM IST
കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. 2018ല്‍ പേരാന്പ്ര സൂപ്പിക്കടയില്‍ നിപ ഭീതി പടര്‍ത്തിയ സമയത്ത് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (എന്‍സിഡിസി) അഡീഷണല്‍ ഡയറക്ടറും കോഴിക്കോട് കേന്ദ്രത്തിന്റെ മേധാവിയുമായിരുന്നു ഞാൻ. സൂപ്പിക്കടയില്‍ പഠനം നടത്തിയ കേന്ദ്ര സംഘത്തിലെ അംഗവുമായിരുന്നു. കേന്ദ്രസംഘത്തിലെ അംഗങ്ങള്‍ വരുന്നതിനു മുമ്പുതന്നെ ഞാന്‍ സൂപ്പിക്കടയില്‍ എത്തിയിരുന്നു.
എന്നോടൊപ്പം ഡോ. രാജേന്ദ്രനും ഉണ്ടായിരുന്നു. നിപ അന്തരീക്ഷവായുവിലൂടെ പകരുമെന്ന വാര്‍ത്തകളെത്തുടര്‍ന്ന് ഭീതിയിലായിരുന്നു അവിടത്തുകാർ. പേടിച്ച് പലായനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു അവർ. ഞാന്‍ അവിടെ പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പൊതുയോഗം സംഘടിപ്പിച്ചു. പൊതുയോഗത്തില്‍ പ്രസംഗിച്ചു. ഭീതി വേണ്ടെന്നും ജാഗ്രതയാണ് വേണ്ടതെന്നും അവരോടു പറഞ്ഞുകൊടുത്തു. രോഗത്തിന്റെ നിജസ്ഥിതി അവരെ ബോധ്യപ്പെടുത്തി.അവരുടെ സംശയങ്ങള്‍ക്കു മറുപടി നല്കി. സൂപ്പിക്കടയിലെയും സമീപത്തെയും രണ്ടു മോസ്കുകളിലും ഞാന്‍ പ്രസംഗിച്ചു.
ജനങ്ങളുടെ ഭീതി അകറ്റാന്‍ ഇതു ഏറെ സഹായകമായി. അതിനുശേഷം കേന്ദ്രസംഘം എത്തിയപ്പോള്‍ ഞാന്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജിത്ത്, ജോയിന്റ് ഡയറക്ടര്‍ ഡോ. ജയിന് എന്നിവരാണ് എനിക്കു പുറമേ സംഘത്തില്‍ ഉണ്ടായിരുന്നത്. സൂപ്പിക്കടയില്‍ നിപയുടെ ഉറവിടം കണ്ടെത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. വവ്വാലുകളാണ് അവിടെ രോഗവാഹകര്‍ എന്നു കണ്ടെത്തി. വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹായത്തോടെ വവ്വാലിനെ പിടികൂടി ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. അന്ന് നിപ ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള എസ്ഒപിയും രോഗനിയന്ത്രണത്തിനുള്ള മൈക്രാ പ്ലാനും തയാറാക്കിയത് കേന്ദ്രസംഘമാണ്. അന്നത്തെ കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെയും കോര്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. എം.ആർ. ഗോപകുമാറിന്റെയും സേവനങ്ങള്‍ എടുത്തുപറയേണ്ടതാണ്.
വവ്വാലുകളില്‍നിന്നാണ് നിപ വൈറസ് പടരുന്നത്. സൂപ്പിക്കടയിലും വവ്വാലുകളില്‍നിന്നാണ് നിപ ഉടലെടുത്തത്. സാധാരണയായി വനപ്രദേശങ്ങളിലും അതിനോടടുത്ത സ്ഥലങ്ങളിലുമാണ് വവ്വാലുകള്‍ കൂടുതല്‍ കാണപ്പെടുന്നത്. നാട്ടിന്‍പ്രദേശങ്ങളില്‍ മരക്കൊമ്പുകളിലും ഇവയെ കാണാറുണ്ട്. പഴവര്‍ഗങ്ങള്‍ ഭക്ഷിക്കാനും പഴുത്ത അടയ്ക്ക പോലുള്ളവയുടെ നീരു കുടിക്കാനും ഇവ എത്തുന്നു. ഈ സാഹചര്യത്തില്‍ രോഗം വന്ന പ്രദേശത്തും അതിനടുത്ത സ്ഥലങ്ങളിലും വവ്വാലുകളെ സ്ഥിരമായി നിരീക്ഷിക്കുകയാണ് വേണ്ടത്.
വവ്വാലുകളെ സ്ഥിരമായി നിരീക്ഷിക്കാന്‍ സര്‍വയ്ലന്‍സ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസംഘം സംസ്ഥാന ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചിരുന്നു. ആറുമാസം കൂടുമ്പോള്‍ അവയെ പിടികൂടി സാമ്പിളെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കണം. നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും കഴിയും. സംസ്ഥാന വനംവകുപ്പിനും മൃഗസംരക്ഷണ വകുപ്പിനുമാണ് ഇക്കാര്യത്തില്‍ പ്രധാന പങ്കു വഹിക്കാന്‍ സാധിക്കുക. അവരാണ് മുന്‍കൈ എടുക്കേണ്ടത്. പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ആരോഗ്യ വകുപ്പും ഇതോടൊപ്പം ചേരണം. മൂന്നു വകുപ്പുകളും അടങ്ങിയ സര്‍വയ്ലന്‍സ് സംവിധാനമാണ് വേണ്ടത്.
അത്തരം ഒരു സംവിധാനം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ രോഗബാധ തടയാമായിരുന്നു. പരിശോധനയില്‍ രോഗബാധയുള്ള വവ്വാലിനെ കണ്ടെത്തിയാല്‍ മുന്‍കൂട്ടി ജനങ്ങളെ അറിയിക്കാനും മുന്‍കരുതല്‍ എടുക്കാനും സാധിക്കുമായിരുന്നു. സംസ്ഥാനത്ത് ഒട്ടാകെ ഈ സര്‍വയ്ലന്‍സ് സിസ്റ്റം ആവശ്യമാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. എച്ച് വണ്‍ എന്‍ വണ്‍ പോലുള്ള രോഗങ്ങളെയും ഈ നിരീക്ഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
രോഗലക്ഷണമുള്ളവരെ പ്രാദേശിക ആശുപത്രികളില്‍ ചികിത്സിക്കുന്നതിനു പകരം മെഡിക്കല്‍ കോളജ് പോലുള്ള ആശുപത്രികളിലേക്കു മാറ്റണം. അസാധാരണ ലക്ഷണങ്ങളോടെ മരിച്ച രോഗിയുടെ രോഗനിര്‍ണയം നടത്തേണ്ടത് അനിവാര്യമാണ്. രോഗം കണ്ടെത്താന്‍ അടുത്ത ആള് മരിക്കുന്നതുവരെയുള്ള കാലതാമസം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.
സംശയാസ്പദ മരണത്തില്‍ എന്തായാലും സാമ്പിളുകള്‍ പരിശോധിക്കുകയും അവലോകനം നടത്തുകയും വേണം. ഇതിനായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന് പ്രൊസീജിയര്‍ ഉണ്ടാക്കണം. പ്രത്യേക ലക്ഷണങ്ങളോടെയുള്ള രോഗികളെ ഉയര്‍ന്ന ചികിത്സാ സംവിധാനമുള്ള ആശുപത്രികളിലേക്കു മാറ്റണം. സൂപ്പിക്കടയില്‍ ഒരു രോഗി മരിച്ച് 12 ദിവസം കഴിഞ്ഞാണ് അടുത്ത രോഗിക്ക് നിപ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നത്. ഇത്തവണ മരുതോങ്കരയിലും ഇതാണു സംഭവിച്ചത്.
ഡോക്ടര്‍മാര്‍ക്ക് ഇത്തരം രോഗങ്ങള്‍ സംബന്ധിച്ച് ബോധവത്കരണ ക്ലാസുകള്‍ നടേത്തണ്ടതുമുണ്ട്. രോഗനിര്‍ണയം, ശുശ്രൂഷ, മുന്‍കരുതല്‍ നടപടികള്‍ എല്ലാം സംബന്ധിച്ച് അവര്‍ക്ക് ഏറ്റവും പുതിയ വിവരങ്ങള്‍ കൈമാറാന്‍ സംവിധാനം വേണം. സംസ്ഥാനത്ത് ആധുനിക സംവിധാനത്തോടെയുള്ള അനുയോജ്യമായ ബിഎസ്എല്‍ ലെവല്‍ ലബോറട്ടറി ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുകയും വേണം.
പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
• മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്ക് ഉപയോഗിക്കുക, ആളകലം പാലിക്കുക.
• ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
• പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്ക് ധരിക്കേണ്ടതാണ്.
•രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
•കഴിവതും വവ്വാലിന്റെ ആവാസകേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല് കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.
•വവ്വാലുകള്‍ വളര്‍ത്തുക, അവയുടെ മാംസം ഭക്ഷിക്കുക, അവയുടെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യരുത്.
•വവ്വാല് കടിച്ചതായി സംശയിക്കുന്ന പഴങ്ങള്‍, അവയുടെ വിസര്‍ജ്യമോ ശരീരസ്രവങ്ങളോ പുരണ്ട പ്രതലങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകള്‍ ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
ഡോ. എം.കെ. ഷൗക്കത്തലി
(കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്‍ ഉപദേഷ്ടാവാണ് ലേഖകൻ)