കുക്കികളും നാഗന്മാരും ഒരുമിച്ചു നിന്നിരുന്നെങ്കിൽ മെയ്തെയ്കൾ പണ്ടേ അനുരഞ്ജനത്തിലെത്തുമായിരുന്നു. പക്ഷേ നാഗന്മാരെ നിഷ്പക്ഷരാക്കി നിറുത്തുന്നതിൽ ബിരേന്റെ നേതൃത്വം വിജയിച്ചിട്ടുണ്ട്. ഇടയ്ക്കിടെ താങ്കൂൾ നേതൃത്വം കുക്കികൾ ‘വരത്തന്മാരാ’ണെന്നും അവർക്ക് മണിപ്പുരിൽ ഭൂമിയവകാശമില്ലെന്നും തുരത്തപ്പെടേണ്ട ‘നാർകോ ഭീകരരാ’ണെന്നും പ്രസ്താവനകൾ ഇറക്കി തങ്ങളുടെ നിഷ്പക്ഷമതിത്വവും മെയ്തെയ്കളോടുള്ള സഹാനുഭൂതിയും വ്യക്തമാക്കുന്നുണ്ട്. പകരമായി, താങ്കൂൾ തങ്ങളുടെ ജ്യേഷ്ഠസഹോദരന്മാരാണെന്നും അവരുമായി നൂറ്റാണ്ടുകളായുള്ള ഉറ്റചങ്ങാത്തം തങ്ങൾക്കുണ്ടെന്നും മെയ്തെയ്കൾ വീരവാദം മുഴക്കുന്നു. നാഗന്മാരുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്നതിനായി മെയ്തെയ്കൾ കുക്കികളെ ബഫർ സോണ് പോലെ ഇരുവരുടെയുമിടയിൽ വിന്യസിച്ചതാണെന്നചരിത്രബോധം ഇതിനിടയിൽ നാഗന്മാർ മറന്നുപോയി.
ഒരു ലക്ഷത്തോളം വരുന്ന പാങ്ങന്മാർ എന്നറിയപ്പെടുന്ന മുസ്ലിംകൾ താഴ്വരനിവാസികളാണ്. നിഷ്പക്ഷമാണവരുടെ നിലയെങ്കിലും കുക്കികൾക്കെതിരേ ഇടയ്ക്കിടെ അവർ ക്ഷോഭിക്കുകയും പ്രസ്താവനകൾ വഴി മുന്നറിയിപ്പുകൾ നൽകി തങ്ങൾ ആരുടെ ഭാഗത്താണെന്ന നിലപാട് വ്യക്തമാക്കുകയും ചെയ്യുന്നു. ആരുടെയും സഹായ-സഹകരണമില്ലാതെ, എവിടെയും പോകാനാവാതെ മരണംവരെ പോരാടും; അല്ലെങ്കിൽ മലയോര നിവാസികൾക്കായുള്ള ഭരണ സിരാകേന്ദ്രം ഉറപ്പാക്കും എന്ന നിലപാടിൽ കുക്കി-ചിൻ-സോമികൾ ഉറച്ചുനിൽക്കുന്നു.
നാഗന്മാരെ കൊന്ന മെയ്തെയ്കൾക്കു മാപ്പു നൽകി, അവർ ശത്രുപക്ഷത്തേക്കു പോവാതെ പിടിച്ചുനിർത്തുന്നത് ബിരേന്റെ നാഗാ ഭാര്യമാരാണെന്ന ആരോപണമുണ്ട്. നാഗന്മാരുമായി മെയ്തെയ്കൾക്കുള്ള പാലമായി വർത്തിച്ച് കുക്കികളെ ഒറ്റപ്പെടുത്താൻ ബിരേനെ സഹായിക്കുന്നത് ചന്ദേലിൽനിന്നുള്ള എംഎൽഎഎയായ ഒല്ലീഷും അവരുടെ അനുയായിസംഘവുമാണെന്നും കുക്കികൾ കരുതുന്നു. അങ്ങനെ കുക്കികളെ പത്മവ്യൂഹം ചമച്ച് തോല്പിക്കാമെന്ന വിശ്വാസമാണ് അടപടലം കടപുഴകി വീണുകൊണ്ടിരിക്കുന്നത്.
യുഎൻ, യൂറോപ്യൻ യൂണിയനുകളുടെ ശാസനഅന്താരാഷ്ട്രതലത്തിൽ യുഎൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ സംഘടനകൾ മെയ്തെയ്കളെ അതിനിശിതിമായി വിമർശിച്ചു. ഇതിനെതിരേ താഴ്വരയിലെ പത്രങ്ങളും മെയ്തെയ്കളും ഒച്ചപ്പാടുയർത്തി. എങ്കിലും മെയ്തെയ് ഭൂരിപക്ഷം കുക്കി ന്യൂനപക്ഷത്തെ ഭരണപക്ഷ സഹായത്തോടെ ഉന്മൂലനം ചെയ്യുന്നുവെന്ന ആരോപണം ഉറപ്പിക്കാനേ, മെയ്തെയ്കളുടെയും അവരുടെ നേതാവായ ബിരെന്റെയും ഓരോ നടപടിയും സഹായിക്കുന്നുള്ളൂ.
ചുരാചാന്ദ്പുരിലെ ആക്രമണവും കാംഗ്പോക്പിയിലെ കൊലപാതകങ്ങളും പത്രപ്രവർത്തകരെ പ്രതിചേർത്ത്കേസെടുത്തതുമെല്ലാം പാളിപ്പോയി. എഡിറ്റേഴ്സ് ഗിൽഡിന്റെ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ പേരിലെടുത്ത കേസിൽ പത്രപ്രവർത്തകരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തരത്തിലുണ്ടായ തിരിച്ചടികൾ മെയ്തെയ്കളെ കൂടുതൽ നിരാശപ്പെടുത്തുകയും ആക്രമണോത്സുകരാക്കുകയും ചെയ്യുന്നു. ഇതേത്തുടർന്നുണ്ടായതാണ് ചുരാചാന്ദ്പുരിലെ ആക്രമണവും മെയ്തെയ്കളുടെ ആൾനാശവും.
(തുടരും)