ജീവിച്ചിരിക്കുന്പോൾ മാനവികതയുടെയും പരസ്പരസ്നേഹത്തിന്റെയും ഔദാര്യപൂർവമായ ത്യാഗത്തിന്റെയും പേരിൽ ബന്ധുക്കൾക്കോ യാതൊരു പരിചയമില്ലാത്തവർക്കോവേണ്ടി അവയവദാനം നടത്തുന്നത് വളരെ ഹൃദ്യമായ ഒരു സത്കർമ്മമാണ്. അവശരായ, പാവപ്പെട്ടവരായ, അവയവമാറ്റമല്ലാതെ മറ്റൊരു രീതിയിലും ജീവൻ രക്ഷിക്കാൻ മാർഗമില്ലാത്തവർക്കുവേണ്ടി അവയവം നൽകാനും ചികിത്സാ ചെലവിനായി ലക്ഷങ്ങൾ ആളുകൾ പിരിവെടുത്ത് പണം സമാഹരിക്കാനും നല്ലവരായ മനുഷ്യർ തയാറാകുന്നത് രാഷ്ട്രീയവൈരത്തിന്റെയും വർഗീയ വിദ്വേഷത്തിന്റെയും നടുവിലും മനുഷ്യത്വം മരവിച്ചിട്ടില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന സംഭവങ്ങളാണ്. അതേസമയം ഇത്തരം അവസരത്തെ കൊള്ള നടത്താനുള്ള അവസരമായി ചില ആശുപത്രികളെങ്കിലും ദുരുപയോഗപ്പെടുത്തുന്നു എന്നുള്ളത് സങ്കടകരമായ വസ്തുതയാണ്.
സാധാരണ ചികിത്സയും അസാധാരണ ചികിത്സയും കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് ഒരു ചികിത്സ സാധാരണമാണോ അസാധാരണമാണോ എന്നു നിശ്ചയിക്കുന്നത് ഓരോ രോഗിയുടെയും സാഹചര്യവും അവസ്ഥയും പരിഗണിച്ചാണ്. രോഗിക്ക് ഒരു തരത്തിലുള്ള അഭിവൃദ്ധിയും വൈദ്യശാസ്ത്രപരമായ ചികിത്സകൊണ്ട് ലഭിക്കാതിരിക്കുകയും രോഗിക്കും കുടുംബത്തിനും സാന്പത്തികമായും ആരോഗ്യപരമായും കൂടുതൽ ഭാരവും ബുദ്ധിമുട്ടും ഉണ്ടാവുകയും ചെയ്താൽ അത്തരം ചികിത്സകളെയാണ് അസാധാരണ ചികിത്സകൾ എന്നു വിളിക്കാവുന്നത്. രോഗിക്ക് കൂടുതൽ പ്രയോജനമാണോ പ്രയാസമാണോ ചികിത്സാനന്തരം ഉണ്ടാകുന്നത് എന്നതാണ് പ്രധാന മാനദണ്ഡം.
പലപ്പോഴും രോഗിക്ക് വലിയ പ്രയോജനമൊന്നുമില്ല എന്നു തിരിച്ചറിഞ്ഞിട്ടും സാന്പത്തിക ലാഭം മാത്രം ലക്ഷ്യംവച്ചുകൊണ്ട് അസാധാരണ ചികിത്സകൾക്ക് ചില ആശുപത്രികളെങ്കിലും മുൻകൈയെടുക്കാറുണ്ട്.
മരണം ഉറപ്പായ സാഹചര്യത്തിൽപോലും ലോകത്തിൽ ലഭ്യമായ സർവ യന്ത്രങ്ങളും ഉപയോഗിച്ച് കൃത്രിമമായി ശ്വാസോച്ഛ്വാസത്തെയോ ഹൃദയത്തിന്റെ പ്രവർത്തനത്തെയോ അനാവശ്യമായി വലിച്ചു നീട്ടിയല്ല ആ ജീവനോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത്. മരണം സുനിശ്ചിതമായ ഒരു രോഗിയെ അനാവശ്യമായ ചികിത്സയിലൂടെ ഭാരപ്പെടുത്താതെ അന്തസായി മരിക്കാൻ അനുവദിക്കുന്നതും കുടുംബത്തോടൊപ്പം അവസാന നിമിഷങ്ങൾ ചെലവഴിക്കാൻ അനുവദിക്കുന്നതും നമ്മുടെ നാട്ടിൽ ഇനിയും ഉണ്ടാകേണ്ട ഒരു സംസ്കാരമാണ്. അനാവശ്യവും അസാധാരണവുമായ ചികിത്സകൾ ഒഴിവാക്കുന്നത് ഒരിക്കലും രോഗിയെ മരണത്തിലേക്ക് മനഃപൂർവം തള്ളിവിടുന്നതിനല്ല മറിച്ച് മരണാസന്നനായ ഒരു രോഗിയുടെ സ്വാഭാവികവും സുനിശ്ചിതവുമായ മരണത്തെ അംഗീകരിച്ച് സമാധാനത്തോടെ മരിക്കാൻ അനുവദിക്കുന്നതിനാണ്.
യാതൊരു ചികിത്സയും പ്രയോജനപ്പെടാത്തരീതിയിൽ മരണാസന്നരായ രോഗികൾക്കും വാർധക്യം മൂലം മരണാസന്നരായ വ്യക്തികൾക്കും തുടർന്നു വേണ്ടത് വിലകൂടിയ അനാവശ്യ ചികിത്സകളോ മുന്തിയ ആശുപത്രികളിലെ അന്തരീക്ഷമോ അല്ല മറിച്ച് ബന്ധുക്കളുടെയും
സ്നേഹമുള്ളവരുടെയും സാന്നിധ്യവും ശുശ്രൂഷയും സാന്ത്വന പരിചരണവുമാണ്. മരണം എന്നത് ജീവിതത്തിന്റെ ഏറ്റവും ഉറപ്പുള്ള സത്യമാണ്.
സ്വാഭാവിക മരണത്തെ സ്വീകരിക്കുന്നതും അനുവദിക്കുന്നതും ജീവനെ നിഷേധിക്കലല്ല, മനുഷ്യജീവന്റെ അവസ്ഥയെ അംഗീകരിക്കലാണ്. മരിക്കുമെന്നുറപ്പുണ്ടായിട്ടും ഭീമമായ പണം ചെലവഴിച്ച് അവയവമാറ്റ ശസ്ത്രക്രിയയുൾപ്പെടെയുള്ള അസാധാരണ ചികിത്സകൾ നടത്തി ഏതാനും ദിവസങ്ങൾക്കുശേഷം രോഗി മരണപ്പെടുകയും ചികിത്സയ്ക്കുവേണ്ടി കിടപ്പാടമുൾപ്പെടെ സർവതും വിറ്റതിന്റെ ഫലമായി വഴിയാധാരമായ എത്രയോ കുടുംബങ്ങളാണ് നമ്മുടെ സമൂഹത്തിലുള്ളത്.
ഔദാര്യം അവിവേകമാകാതെയും നോക്കണം 2003ലെ ലോകരോഗീദിനത്തിൽ ജോണ് പോൾ രണ്ടാമൻ മാർപാപ്പ ഓർമിപ്പിച്ചത്: “ഒരു മനുഷ്യനെ രക്ഷിക്കാൻ മറ്റൊരു മനുഷ്യന്റെ ജീവൻ നശിപ്പിക്കുന്നത് എപ്പോഴും അധാർമികമാണെന്നാണ്’’. അതുപോലെ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നത് അവയവദാതാവിനുണ്ടാകുന്ന ശാരീരികവും മാനസികവുമായ നഷ്ടവും അപകട സാധ്യതകളും സ്വീകർത്താവ് ആഗ്രഹിക്കുന്ന നന്മയും ആനുപാതികമെങ്കിൽ മാത്രമാണ് അവയവദാനം ധാർമികവും പ്രശംസാർഹവുമാകുന്നത് ”(CCC 2296) എന്നാണ്.
ഇതു രണ്ടും കൂട്ടിവായിച്ചാൽ വളരെ ഔദാര്യത്തോടെയും പരസ്പര സ്നേഹത്തെപ്രതിയും ചെയ്യുന്ന അവയവദാനം വളരെയധികം ജാഗ്രതയോടെ വേണമെന്ന കാര്യം മനസിലാകും. അവയവം ദാനം ചെയ്തതിനുശേഷം ദാതാവിന്റെ ആരോഗ്യവും ജീവനും അപകടത്തിലായ പല സംഭവങ്ങൾ ഉള്ളതിനാൽ രോഗിയുടെ ജീവനും ആരോഗ്യവും ഉറപ്പുവരുത്തുന്നതോടൊപ്പം ദാതാവിന്റെ ആരോഗ്യവും സാഹചര്യവും പരിഗണിച്ചുമാണ് ഇത്തരം ചികിത്സകൾ നടത്തുന്നതെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അവയവദാനം എന്ന മഹത്തായ കർമം ധാർമികവും നന്മയുള്ളതുമാകുന്നത് അവയവം സ്വീകരിക്കുന്ന മാർഗം ധാർമികമാണ് എന്ന് ഉറപ്പു വരുത്തുന്പോഴും അതു സ്വീകരിക്കുന്ന വ്യക്തിയുടെ ആരോഗ്യത്തോടൊപ്പം ജീവനുള്ള ദാതാവിൽ നിന്നാണെങ്കിൽ അയാളുടെ ആരോഗ്യവും ജീവനും ഹാനി സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്പോഴുമാണ്.
ഡോ. ടോം കൈനിക്കര (കുടുംബ-വിവാഹ ദൈവശാസ്ത്ര ഗവേഷണ പഠന കേന്ദ്രമായ ചങ്ങനാശേരി കാനാ ജോണ് പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റാണ് ലേഖകൻ)