Tuesday, September 26, 2023 3:53 AM IST
മലയാളസിനിമയിൽ വിപ്ലവകരമായ മാറ്റത്തിനു നാന്ദി കുറിച്ച സംവിധായകശ്രേഷ്ഠനാണ് കെ.ജി. ജോർജ്. സിനിമയെ ക്രാഫ്റ്റായാണ് അദ്ദേഹം കണ്ടത്. സിനിമ ഒരു കലാസൃഷ്ടി മാത്രമല്ല, അതൊരു ക്രാഫ്റ്റ് വർക്കാണ്. ക്രാഫ്റ്റ്സ്മാൻഷിപ്പിൽ ഏതാണ്ട് പരിപൂർണത കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
1971ൽ പൂന ഫിലിം ഇൻസ്റ്റിറ്റൂട്ടിലെ പഠനം പൂർത്തിയാക്കി രാമു കാര്യാട്ടിന്റെ മായ, നെല്ല് തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി. തുടർന്ന് സ്വപ്നാടനം (1976) എന്ന ചിത്രത്തിൽ സ്വതന്ത്ര സംവിധായകനായി. സൈക്കോളജിക്കൽ ഡ്രാമ ആയിരുന്നു ഈ ചിത്രം. ആദിമധ്യാന്തപൊരുത്തമുള്ള ഒരു കഥ പറയുക എന്നതിനപ്പുറം, സിനിമ എന്ന മാധ്യമത്തിലൂടെ മനസിന്റെ വിഭ്രമാത്മകതകൾ പകർത്താൻ കഴിയുക എന്ന ഒരു ദൗത്യമാണ് ‘സ്വപ്നാടനം’ നിർവഹിച്ചിരിക്കുന്നത്. ഇതിനായി റിയലിസ്റ്റിക് സങ്കേതം വിട്ട്, ഒട്ടൊക്കെ ഫാന്റസിയുടെയും അയഥാർഥ്യത്തിന്റെയും വഴികൾ ഈ സിനിമ തെരഞ്ഞടുക്കുന്നുണ്ട്.
മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം, മികച്ച പ്രാദേശിക ഭാഷാചിത്രത്തിനുള്ള ദേശീയ പുരസ്കാരം, മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരം എന്നിവ ‘സ്വപ്നാടനം' നേടി. 1977-79 കാലത്ത് വ്യാമോഹം, രാപ്പാടികളുടെ ഗാഥ, ഓണപ്പുടവ, മണ്ണ്, ഇനി അവൾ ഉറങ്ങട്ടെ എന്നീ ചിത്രങ്ങൾ ജോർജിന്റേതായി പുറത്തിറങ്ങിയെങ്കിലും അവയൊന്നും അദ്ദേഹത്തിന്റെ കൈയൊപ്പു പതിഞ്ഞ ചിത്രങ്ങളായിരുന്നില്ല എന്നും ഇവിടെ സൂചിപ്പിക്കട്ടെ. (പിൽക്കാലത്ത് അവസാനം പുറത്തിറങ്ങിയ ഇലവങ്കോട് ദേശവും).
പക്ഷേ, ആ കാലഘട്ടത്തിനൊടുവിൽ പുറത്തിറങ്ങിയ ഉൾക്കടൽ വിഷാദമധുരമായ പുതിയൊരു ഈണവും താളവുംതന്നെ സൃഷ്ടിച്ചു. ‘ഉൾക്കടൽ’ സംഗീതപ്രാധാന്യമുള്ള ഒരുചിത്രംകൂടിയായിരുന്നു. ഉൾക്കടലിലെ ഗാനങ്ങളായ "ശരദിന്ദു മലർദീപനാളം', എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ "ക്യഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രുകുടീരം', "നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ' എന്നിവ മലയാള ചലച്ചിത്രസംഗീതത്തിലെ എക്കാലത്തെയും മികച്ചവ തന്നെയായി. ഉൾക്കടലിലെ സംഗീതം ഒരുക്കിയത് എം.ബി. ശ്രീനിവാസനും ഗാനരചന നിർവഹിച്ചത് ഒ.എൻ.വി. കുറുപ്പുമാണ്. ജോർജിന്റെ ഉജ്വലമായ തിരിച്ചുവരവുകൂടിയായിരുന്നു ഈ ചിത്രം.
സർക്കസ് തന്പിലെ കലാകാരന്മാരുടെ ജിവിതത്തെ ആസ്പദമാക്കി ‘മേള’ എന്ന ചിത്രമാണ് അടുത്തതായി ചെയ്തത്. മേളയിലെ പല പ്രധാന വേഷങ്ങളും സർക്കസ് കലാകാരന്മാർ തന്നെയാണ് ചെയ്തത്. ഉയരം കുറഞ്ഞ ജോക്കറായി വേഷമിട്ട രഘു യഥാർഥത്തിൽ അങ്ങനെ ഒരു സർക്കസ് കലാകാരനായിരുന്നു. ബൈക്ക് ജംബറായ വിജയനായി വന്നത് അതേവരെ ചില ചെറിയ വേഷങ്ങൾ മാത്രം ചെയ്തിരുന്ന മമ്മൂട്ടിയായിരുന്നു. ശ്രീനിവാസനും ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു. ധീരോദാത്തനും അതിപ്രതാപഗുണവാനുമൊക്കെയായ നായകനെക്കുറിച്ചുള്ള സങ്കല്പം തിരുത്തിയ സിനിമയായിരുന്നു ‘മേള’. ചന്പാട് ശ്രീധരന്റെ നോവലാണ് സിനിമയാക്കിയത്.
ഒരു തനി മധ്യതിരുവിതാംകൂർ ഗ്രാമത്തിന്റെ പച്ചയായ ജീവിതാവിഷ്കാരമാണ് ‘കോലങ്ങൾ’. പി.ജെ. ആന്റണിയുടെ നോവലാണത്. ജോർജിന് ഏറെ പരിചിതമായ ഈ പശ്ചാത്തലത്തെ തികച്ചും അയത്നലളിതമായിത്തന്നെ സിനിമയിൽ ആവിഷ്കരിക്കാൻ കഴിഞ്ഞു. ഒരർഥത്തിൽ ‘നാട്ടിൻപുറം നന്മകളാൽ സമൃദ്ധം’ എന്ന ക്ലീഷേ ചൊല്ലിനെ വെല്ലുവിളിക്കുകയും നാട്ടിൻപുറവും ക്ഷുദ്രചിന്തകളുമായി നീങ്ങുന്ന മനുഷ്യരാൽ നഗരംപോലെതന്നെയാണെന്ന് പ്രത്യക്ഷവത്കരിക്കുകയും ചെയ്യുന്ന ആഖ്യാനമാണ് കോലങ്ങളിലുള്ളത്.
യവനിക മാസ്റ്റർപീസ്
ജോർജിന്റെ മാസ്റ്റർപീസാണ് യവനിക. എക്കാലത്തെയും മികച്ച മലയാളസിനിമകളുടെ കണക്കെടുപ്പിൽ ഏറ്റവും മുന്തിയ അഞ്ചിലോ പത്തിലോ യവനിക ഇടംപിടിക്കുന്നുണ്ട്. മലയാളത്തിലെ നാളിതുവരെയുള്ള ഏറ്റവും മികച്ച ക്രൈംതില്ലർ എന്നു വിശേഷിപ്പിക്കാവുന്ന യവനിക (1981) വൻ പ്രദർശനവിജയമാണ് നേടിയത്. മമ്മൂട്ടി എന്ന നടന് ഉയരാൻ ഒരു കൈത്താങ്ങും നൽകി ഈ ചിത്രം. യവനിക ഇത്രമേൽ വലിയൊരു വിജയമാക്കിയതിനു പിന്നിൽ കലാപരമായും സാങ്കേതികമായുള്ള നിരവധി സൂക്ഷ്മാംശങ്ങളുണ്ട്. മലയാളസിനിമ പിൽക്കാലത്ത് ഏറ്റെടുത്ത പല സാങ്കേതികരീതികളും ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് യവനികയിലാണ്.
ഫോറൻസിക് സയൻസിനെ കുറ്റാന്വേഷണത്തിൽ ഉപയോഗപ്പെടുത്തുന്ന രീതികളും ‘യവനിക’യിലൂടെയാണ് ആദ്യമായി മലയാളസിനിമയിൽ വന്നത്. മമ്മൂട്ടിയുടെ പോലീസ് ഓഫീസർ നടത്തുന്ന ചോദ്യംചെയ്യലും ഏറെ പുതുമയുള്ളതാണ്. ഗോപിയുടെ തബലിസ്റ്റ് അയ്യപ്പൻ ഇന്ത്യൻ ചലച്ചിത്രരംഗത്തെതന്നെ എക്കാലത്തെയും മുന്തിയ പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. മലയാളനാടകത്തെക്കുറിച്ച് പഠിക്കുന്ന ഒരു ചരിത്രവിദ്യാർഥി ഏതായാലും യവനിക കണ്ടേ തീരൂ. ഇനിയും 50 വർഷം ഈ ചിത്രം നിലനില്ക്കുകതന്നെ ചെയ്യും. 1981-ലെ മികച്ച ചിത്രം, മികച്ച സഹനടൻ (തിലകൻ), മികച്ച തിരക്കഥ എന്നീ സംസ്ഥാന പുരസ്കാരങ്ങളും ഇന്ത്യൻ പനോരമ പ്രദർശനവും ‘യവനിക’ കരസ്ഥമാക്കി. നാടകപശ്ചാത്തലമുള്ള സിനിമയ്ക്കുശേഷം സിനിമയ്ക്കുള്ളിലെ സിനിമയാണ് കഥയായി ജോർജ് സ്വീകരിച്ചത്.
സിനിമ പശ്ചാത്തലമായ ചില സിനിമകൾ മുൻപ് വന്നിരുന്നെങ്കിലും അവയിലൊന്നും അനുഭവപ്പെടാത്ത യാഥാർഥ്യപ്രതീതിയും ശക്തിയും ആവിഷ്കാര സൗന്ദര്യവും ഉൾക്കൊണ്ട ചിത്രമായിരുന്നു ‘ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്’. സിനിമയ്ക്കു പിന്നിലെ ജീവിതയാഥാർഥ്യങ്ങളെക്കുറിച്ച് പ്രേക്ഷകർ ആലോചിക്കാൻ തുടങ്ങിയത് "ലേഖയുടെ മരണം’ വന്നതോടെയാണ്.
വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന മൂന്നു തട്ടിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങളാണ് ആദാമിന്റെ വാരിയെല്ലിന്റെ പ്രമേയം. മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല് പോലെയൊന്ന് മുന്പും പിന്നീടും ഉണ്ടായിട്ടില്ല. ജോർജിന് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രംകൂടിയായിരുന്നു ഇത്. കഥയും തിരക്കഥയും അദ്ദേഹത്തിന്റേതു തന്നെയായിരുന്നു. 1983ലെ രണ്ടാമത്തെ ചിത്രത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഈ ചിത്രം നേടി.
മികച്ച സറ്റയർ ചിത്രം
ജോർജിന്റെ അടുത്ത ചിത്രം പഞ്ചവടിപ്പാലം (1984) മുഴുനീള രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായിരുന്നു. രാഷ്ട്രീയരംഗത്തെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പുഴുക്കുത്തുകൾ അക്ഷേപഹാസ്യരൂപത്തിൽ ചിത്രീകരിച്ച പഞ്ചവടിപ്പാലം മലയാളത്തിലെ മികച്ച സറ്റയർ അണ്. ശൈലീകൃതവും കാരിക്കേച്ചർ സ്വഭാവം പുലർത്തുന്നതുമാണ് ഇതിലെ കഥാപാത്രാവിഷ്കാരം. ഒരു സിനിമയുടെ പേരുതന്നെ പിൽക്കാലത്ത് മലയാളഭാഷയിലെ പ്രധാനപ്പെട്ട ഒരു വാക്കായി മാറിയ കഥയാണ് പഞ്ചവടിപ്പാലത്തിനുള്ളത്.
‘പഞ്ചവടിപ്പാലം’ വേളൂർ കൃഷ്ണൻകുട്ടിയുടെ കഥയാണ്. കാർട്ടൂണിസ്റ്റ് യേശുദാസനാണ് സംഭാഷണം എഴുതിയത്. ""പഞ്ചവടിപ്പാലം കാലാതീതമായ സിനിമയാകുമെന്നു ചിത്രീകരിക്കുന്ന കാലത്തു കരുതിയിരുന്നില്ല, അതിൽ പറഞ്ഞ കാര്യങ്ങളാണു നമുക്കുചുറ്റും ആവർത്തിക്കുന്നതെന്ന്. പഞ്ചായത്ത് യോഗമാണ് ഏറ്റവും രസം''. ഈ സിനിമയിൽ ശിഖണ്ഡിപ്പിള്ള എന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച നെടുമുടി വേണു ഒരിക്കൽ പറഞ്ഞു. ഭരത് ഗോപിയെ നായകനാക്കി എടുത്ത സിനിമയാണ് പഞ്ചവടിപ്പാലം.
ഒരു മധ്യതിരുവിതാംകൂർ ക്രിസ്ത്യൻ കുടുംബത്തിലെ ദുരമൂത്ത ജീവതങ്ങളുടെ കഥ പറയുന്ന ‘ഇരകൾ’ (1985) ആ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രമായി. മികച്ച കഥാകൃത്തിനുള്ള പുരസ്കാരവും ജോർജ് നേടി. ഗണേഷ്കുമാർ എന്ന നടന്റെ വരവും ഈ ചിത്രത്തോടെ ആയിരുന്നു. അന്തരിച്ച പ്രശസ്ത നടൻ സുകുമാരനാണ് ഈ ചിത്രം നിർമിച്ചത്. ‘ഇരകൾ’ക്കുശേഷം ജോർജ് അഞ്ചു സിനിമകൾകൂടി സംവിധനം ചെയ്തുവെങ്കിലും അവയിൽ ഒന്നൊഴികെ മറ്റൊന്നും അദ്ദേഹത്തിന്റെ മുൻകാലചിത്രങ്ങളുടെ അടുത്തൊന്നും, മികവിന്റെയും സഹൃദയസ്വീകാര്യതയുടെയും കാര്യത്തിൽ എത്തിയില്ല.
കഥയ്ക്കു പിന്നിൽ, മറ്റൊരാൾ, ഈ കണ്ണികൂടി എന്നിവ എണ്പതുകളിലും, ഒരു യാത്രയുടെ അന്ത്യം 91ലും, ഇലവങ്കോട് ദേശം 98ലുമായിരുന്നു പുറത്തിറങ്ങിയത്. ‘ഒരു യാത്രയുടെ അന്ത്യം’ എന്ന ഏതാണ്ട് ഒരു മണിക്കൂർ മാത്രം ദൈർഘ്യമുള്ള ചെറിയ സിനിമ തന്റെ മാധ്യമത്തിനു മേലേ തികഞ്ഞ കൈയടക്കമുള്ള ഒരു സംവിധായകന്റെ മുദ്ര പതിഞ്ഞ ചിത്രമാണ്. മലയാളത്തിലെ ആദ്യത്തെ റോഡ് മൂവിയാണിത്. ഒരു യാത്രയുടെ രൂപകത്തിലൂടെ ജീവിത യാത്രയെയും മരണം എന്ന അതിലെ അനിവാര്യതയെയും കലാസുഭഗമായി ആവിഷ്കരിക്കുന്ന ഒരു കഥയുടെ ഉചിതമായ സാക്ഷാത്കാരമാണ് ഒരു യാത്രയുടെ അന്ത്യം. ദാന്പത്യം, കുടുംബസദാചാരം എന്നിവ ചർച്ചയ്ക്കെടുത്ത ചിത്രമായിരുന്നു ‘മറ്റൊരാൾ’.
19 സിനിമകൾ മാത്രം
ഏതാണ്ട് കാൽ നൂറ്റാണ്ട് നീണ്ടുനിന്ന തന്റെ സംവിധാനസപര്യയിൽ കെ.ജി. ജോർജിന്റേതായി 19 സിനിമകളേ സംഭവിച്ചിട്ടുള്ളു! ഇതിൽ ചിലതു വാഴുകയും ചിലതു വീഴുകയും ചെയ്തു. മലയാളസിനിമയെ കെ.ജി. ജോർജിന് മുന്പും ശേഷവും എന്നു തരം തിരിച്ചാൽ ഒട്ടും അതിശയോക്തി ഉണ്ടാവില്ല. സിനിമ സംവിധായകന്റെ കലയാണെന്ന് മലയാളത്തെ പഠിപ്പിച്ചയാളാണ് കെ.ജി. ജോർജ്.
ഏറ്റവുമധികം പരീക്ഷണാത്മക പരിശ്രമങ്ങൾ നടത്തിയ സംവിധായകൻ. പ്രമേയത്തിലാകട്ടെ, ദൃശ്യഭാഷയിലാവട്ടെ ഒരു സിനിമപോലെ മറ്റൊന്ന് ജോർജിന്റെ പട്ടികയിലില്ല. എന്നാൽ, തന്റെ സിനിമകളുടെയെല്ലാം ശക്തി തിരക്കഥയാണെന്നു പറയുന്നതിൽ ജോർജിന് പുനരാലോചനയില്ല. നടൻ തിലകൻ പറഞ്ഞത് ""കപ്പലിന്റെ ക്യാപ്റ്റനെപ്പോലെ സിനിമയുടെ ക്യാപ്റ്റനാണ് ജോർജ്’’ എന്നാണ്. മമ്മൂട്ടി പറയുന്നത്, തന്നെ കണ്ടെത്തിയത് എംടിയും വളർത്തിയത് ജോർജുമാണെന്നാണ്.
കെ.ജി. വളർത്തിയ നടീനടനടന്മാർ നിരവധിയാണ്. തിലകൻ, വേണു നാഗവള്ളി, റാണിചന്ദ്ര, ഗണേഷ്കുമാർ തുടങ്ങിയവർ ഉദാഹരണങ്ങൾ മാത്രം. എന്നിട്ടും കെ.ജി. ജോർജ് എന്ന സംവിധായകൻ വേണ്ടവിധം അംഗീകരിക്കപ്പെട്ടില്ല. എന്നറിയാൻ വലിയ സൂക്ഷ്മബുദ്ധി ആവശ്യമില്ല. എന്നാൽ സൂക്ഷ്മബുദ്ധികളായ സിനിമാഹൃദയർക്കിടയിൽ കെ.ജി. ജോർജിന്റെ സ്ഥാനം തങ്ങളുടെ ചലച്ചിത്രാവബോധത്തിന്റെ അത്യുന്നതികളിലായിരിക്കും, തീർച്ച. തന്റെ ചിത്രങ്ങൾക്ക് ദേശീയ-അന്തർദേശീയ മേളകളിൽ വിപണനസാധ്യത തേടാതെ ജോർജ് തന്റെ അടുത്തചിത്രത്തെക്കുറിച്ചാണ് എപ്പോഴും ചിന്തിച്ചത്. നാലു പതിറ്റാണ്ടു മുൻപ് മലയാള സിനിമയെ ലോകത്തിനു മുന്നിലേക്കു വഴിനടത്തിയ പ്രതിഭാശാലിയായ ജോർജിന്റെ ചിത്രങ്ങൾ ന്യൂജെൻ ഫിലിം മേക്കേഴ്സ് പാഠപുസ്തകമാക്കേണ്ടതാണ്.
തോംസണ് ആന്റണി