Friday, September 29, 2023 2:34 AM IST
റെജി ജോസഫ്
രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്ക് അടിത്തറയിടുക മാത്രമല്ല പട്ടിണിമരണത്തിന് അറുതിവരുത്തുകയും ചെയ്ത കാർഷിക ഇതിഹാസമായിരുന്നു മാങ്കൊന്പ് സാംബശിവൻ സ്വാമിനാഥൻ. സ്വാമിനാഥൻ നായകനായ ഹരിതവിപ്ലവമായിരുന്നു അരിക്കും ഗോതന്പിനും ലോകരാജ്യങ്ങൾക്കു മുന്നിൽ കൈനീട്ടിയിരുന്ന കഷ്ടകാലത്തിന് പരിഹാരമായത്. പഞ്ചാബിലെയും ഉത്തരഭാരതത്തിലെയും വയലേലകളിൽ വിളഞ്ഞ നൂറുമേനിയാണ് ശരാശരി ആയുർദൈർഘ്യം 53 വയസിൽനിന്ന് 65ലേക്ക് ഉയരാൻ നിമിത്തമായത്.
യുദ്ധമോ വറുതിയോ കെടുതിയോ വന്നോട്ടെ, മൂന്നു വർഷത്തേക്കുള്ള കരുതൽ ധാന്യത്തിനു രാജ്യം കടപ്പെട്ടിരിക്കുന്നു ഈ കുട്ടനാട്ടുകാരനോട്.വേൾഡ് ഫുഡ് പ്രൈസും മഗ്സസെയും പദ്്മവിഭൂഷണും ഉൾപ്പെടെ ബഹുമതികളുടെയും ആദരവുകളുടെയും ഔന്നത്യവും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള 20 വ്യക്തികളിലൊരാളെന്ന ടൈം വാരികയുടെ പ്രശംസയും ഈ ഗവേഷകപ്രതിഭയെ തേടിയെത്തി.
കൃഷിയുടെ ദേശീയ പര്യായമായി കാലം അടയാളപ്പെടുത്തിയപ്പോഴും സ്വാമിനാഥൻ കുട്ടനാടിനെയും അറയും നിരയുമുള്ള സ്വന്തം മങ്കൊന്പ് തറവാടിനെയും മറന്നില്ല. പുഞ്ചപ്പാടത്തെ ചേറുമണവും കതിരുകളുടെ സ്വർണപ്രഭയും കണ്ടുവളർന്ന ബാല്യം. ആ വൈകാരികതയിലാണ് വാർധക്യം മറന്നും കുട്ടനാട്ടിലെ കായലും തുരുത്തും പാടവും തോടും കൃഷിയും അളന്നുപഠിച്ച് അദ്ദേഹം കുട്ടനാട് പാക്കേജ് ആസൂത്രണം ചെയ്തത്. വിശപ്പിന് അറുതി അന്നം മാത്രം എന്നതായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രമാണം.
ഗവേഷകവിദ്യാർഥിയായി തുടക്കം
സ്വാമിനാഥന്റെ ഗവേഷകമനസും കൈപ്പുണ്യവും സമ്മാനിച്ച സർബതി സോറോണ എന്ന ഗോതന്പ് ഇനമാണ് ഇന്ത്യൻ പാടങ്ങളിലെ ഉത്പാദനം ഇരട്ടിയോളമാക്കിയത്.
സമർപ്പിതമായൊരു സപര്യയായിരുന്നു എംഎസിന്റെ പഠനവഴികൾ. കോയന്പത്തൂർ കാർഷിക കോളജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ പഠനശേഷം കേംബ്രിഡ്ജ് സർവകലാശാലയിൽനിന്നു ജനിതകശാസ്ത്രത്തിൽ പിഎച്ച്ഡി നേടി ഇന്ത്യയിലെത്തി കാർഷികഗവേഷണത്തിലെ അതികായനായി മാറി.
ഉത്പാദനത്തിലെ കുതിപ്പാണ് കാർഷികവളർച്ചയുടെ അളവുകോലെന്നിരിക്കെ ഗോതന്പിന്റെയും അരിയുടെയും വിളവുത്സവം ഹരിതവിപ്ലവത്തിൽ അപാരമായ ഉയരങ്ങൾ താണ്ടി. പരിസ്ഥിതിക്കിണങ്ങിയ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളെ വികസിപ്പിച്ച് രാജ്യത്തെ ഹരിതാഭമാക്കിയതിലൂടെ ആ കാർഷികവിസ്മയം ഭാരതരത്നമായി മാറുകയായിരുന്നു.
അന്പലപ്പുഴ രാജാവിന്റെ സമ്മാനം
നൂറ്റാണ്ടുമുൻപ് കുട്ടനാട്ടിൽ രണ്ടായിരത്തിലധികം ഏക്കർ ഭൂമിയുണ്ടായിരുന്ന ജന്മി തറവാട്ടുകാരായിരുന്നു മങ്കൊന്പുകാർ. അന്പലപ്പുഴ രാജാവ് തമിഴ്നാട് സന്ദർശിച്ച വേളയിൽ തഞ്ചാവൂർ കൊട്ടാരസദസിലെത്തുകയും അവരിലൊരാൾ തന്നോടൊപ്പം വരണമെന്ന് ആഗ്രഹം അറിയിക്കുകയും ചെയ്തു. സ്വാമിനാഥന്റെ പിതാമഹൻ ഇഞ്ചി വെങ്കിടാചല അയ്യർ അങ്ങനെ അന്പലപ്പുഴയിലെത്തി. വേദങ്ങളിൽ അദ്ദേഹത്തി നുള്ള അപാര പാണ്ഡിത്യം മനസിലാക്കിയ രാജാവ് ഗ്രാമം അടങ്ങുന്ന പ്രദേശം അയ്യർക്ക് സമ്മാനമായി നൽകിയതാണ് രണ്ടായിരം എക്കർ. ഇത്രയധികം പ്രൗഢപ്രതാപമുള്ള പിന്മുറക്കാരനാണ് സ്വാതന്ത്യാനന്തര ഇന്ത്യയിലെ കർഷകരുടെ രക്ഷകനായി അവതരിച്ചത്. കാർഷികരംഗത്തെ നൊബേൽ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേൾഡ് ഫുഡ് പ്രൈസ് 1987ൽ സമ്മാനിക്കപ്പെട്ട വേളയിൽ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ജാവിയർ പെരസ് ഡിക്വർ സ്വാമിനാഥനെ വിശേഷിപ്പിച്ചത് ജീവിക്കുന്ന ഇതിഹാസമെന്നാണ്.
അധ്യാപകനാകാതെ മടക്കം
സ്വാമിനാഥൻ നടത്തിയ പഠന, ഗവേഷണങ്ങളുടെ വിസ്തൃതി രണ്ടായിരം ഏക്കറിനേക്കാളേറെ വലുതായിരുന്നു. തിരുവനന്തപുരം മഹാരാജാസ് (യൂണിവേഴ്സിറ്റി) കോളജിൽനിന്ന് ബിരുദം, കോയന്പത്തൂർ കാർഷിക കോളജിൽ ഉപരിപഠനം, യുനെസ്കോ ഫെലോഷിപ്പോടെ നെതർലാൻഡ്സിലെ ജനിതക ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് അഗ്രികൾച്ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പിഎച്ച്ഡി, വിസ്കോണ്‍സിൻ യൂണിവേഴ്സിറ്റിയിൽ ഉപരിഗവേഷണം... രാജ്യത്തോളം ഉയർന്ന ദേശീയതയും സ്വന്തം ജനതയോടുള്ള വൈകാരികതയുമാണ് യൂണിവേഴ്സിറ്റി ഓഫ് വിസ്കോൻസിനിൽ അധ്യാപകനാകാനുള്ള അവസരം വേണ്ടെന്നുവച്ച് 1954ൽ സ്വാമിനാഥനെ ഇന്ത്യയിലേക്കു മടങ്ങാൻ പ്രേരിപ്പിച്ചത്. തുടർന്ന് കട്ടക്കിലെ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും ദില്ലിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലും ഗവേഷണം തുടർന്നു. ഇന്ത്യൻ പോലീസ് സർവീസിലേക്ക് പ്രവേശനം ലഭിച്ചെങ്കിലും സ്വാമിനാഥന്റെ ലോകം ഇന്ത്യയിലെ മണ്ണും ഇവിടത്തെ മനുഷ്യരും ഭാവിയുടെ പച്ചപ്പുമായിരുന്നു.
രാഷ്ട്രസേവനം
ഇന്ത്യൻ കൃഷിപാഠശാലയുടെ കുലപതിയും മഹാഗുരുവുമായി വാഴ്ത്തപ്പെട്ട സ്വാമിനാഥൻ രാജ്യനന്മയ്ക്കായി വഹിച്ച പദവികൾ ഏറെയാണ്. ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ച് തലവൻ, കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ... നൊബേൽ സമ്മാന ജേതാവ് നോർമൻ ബോർലോഗുമായി ചേർന്ന് സ്വാമിനാ
ഥൻ ഗോതന്പ് വിത്തിനങ്ങൾ വികസിപ്പിച്ചതിലൂടെയാണ് ഒരു ഹെക്ടറിലെ ശരാശരി ഗോതന്പ് ഉത്പാദനം 12 ടണ്ണിൽനിന്ന് 17 ടണ്ണിലേക്ക് ഉയരാൻ ഇടയായത്. ഇന്ത്യയിൽ മാത്രമല്ല ലോകമെന്പാടും ഹരിതവിപ്ലവം ആഘോഷമാക്കുന്നതിൽ സ്വാമിനാഥൻ വഹിച്ച പങ്ക് ബോർലോഗ് തന്റെ നൊബേൽ സമ്മാനപ്രസംഗത്തിലും പരാമർശിച്ചിരുന്നു.
ഫിലിപ്പീൻസിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യക്കാരനായ ആദ്യത്തെ ഡയറക്ടറായും സ്വാമിനാഥൻ സേവനമനുഷ്ഠിച്ചു. 2007 മുതൽ ആറു വർഷം രാജ്യസഭാംഗമായും പ്രവർത്തിച്ചു. വേൾഡ് ഫുഡ് പ്രൈസ് സമ്മാനത്തുക 1988ൽ ചെന്നൈയിൽ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കാനായി ദാനം ചെയ്യുകയായിരുന്നു.
ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപനവും ഗവേഷണവും (1955-72), ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ (1961-72), കേന്ദ്ര കാർഷിക മന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറി (1979-80), ഇന്ത്യൻ ആസൂത്രണ കമ്മീഷൻ അംഗം (1980-82), ദേശീയ കർഷക കമ്മീഷൻ അധ്യക്ഷൻ (2004-06), ഭക്ഷ്യസുരക്ഷയ്ക്കായുള്ള ആഗോള വിദഗ്ധ സമിതി അധ്യക്ഷൻ (2010-13) തുടങ്ങി ചുമതലകൾ.
1967ൽ പത്മശ്രീയും 1972ൽ പദ്മഭൂഷണും 1989ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. സാമൂഹിക സേവനത്തിന് രമണ്‍ മാഗ്സസെ അവാർഡ് (1971), ആൽബർട്ട് ഐൻസ്റ്റൈൻ അവാർഡ് (1986) സമാധാനത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് (2000), പരിസ്ഥിതി സംരക്ഷണത്തിന് യുഎൻഇപി അവാർഡ്, യുനെസ്കോയുടെ മഹാത്മാഗാന്ധി അവാർഡ് തുടങ്ങി പുരസ്കാരപ്പട്ടിക നീളുന്നു.
പനിനീർപ്പൂക്കളുടെ സൗരഭ്യം രാജ്യത്തിനു നൽകിയ ശാസ്ത്രപ്രതിഭയാണ് സ്വാമിനാഥൻ. അതുകൊണ്ടാകാം കൊടൈക്കനാലിലെയും ബംഗളൂരുവിലെയും രണ്ടു കാർഷിക ഗവേഷകർ വികസിപ്പിച്ചെടുത്ത ഭംഗിയേറിയ റോസാപ്പൂക്കൾക്ക് എം.എസ്. സ്വാമിനാഥൻ റോസ്, ജ്യുവൽ ഓഫ് മങ്കൊന്പ് എന്നീ പേരുകൾ അവർ സമ്മാനിച്ചത്.
കുട്ടനാട് പാക്കേജ്
സ്വാമിനാഥന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു കുട്ടനാടിന്റെ രക്ഷ. അതിനായി ആ നാടിന്റെ മുക്കിലും മൂലയിലും വരെ സഞ്ചരിച്ച് അദ്ദേഹം അഹോരാത്രം അധ്വാനിച്ചുണ്ടാക്കിയതാണ് കുട്ടനാട് പാക്കേജ്. ഭൂമിയിലെ സ്വർഗമാണ് കുട്ടനാട്, മത്സ്യബന്ധനവും കൃഷിയും ജലടൂറിസവും കോർത്തിണക്കിയാൽ ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി അത് മാറും - ഇന്ദിരാഗാന്ധി നാഷണൽ യൂണിവേഴ്സിറ്റിൽനിന്ന് ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങിയ വേളയിൽ സ്വാമിനാഥൻ പറഞ്ഞു.
1840 കോടി രൂപയുടെ ത്രിവർഷ കുട്ടനാട് പാക്കേജ് ആറേഴു വർഷം ഇഴയുകയും 750 കോടി മാത്രം ചെലവഴിക്കുകയും ചെയ്തത് തീരത്തിന് തീരാനഷ്ടമായി. പാക്കേജ് പ്രതീക്ഷപോലെ പൂർണതയിൽ നടപ്പാക്കാതെ വന്നതിൽ സ്വാമിനാഥന് പരിഭവമുണ്ടായിരുന്നു. കുട്ടനാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കു വിരുദ്ധമായി കോണ്‍ക്രീറ്റ് പുറംഭിത്തികൾ നിർമിച്ചതിലെ പരിഭവം തുറന്നുപറയുകയും ചെയ്തു.
ഇടുക്കിയിലും വയനാട്ടിലും കർഷക ആത്മഹത്യകൾ പതിവായപ്പോൾ സ്വാമിനാഥൻ വിമർശിച്ചത് വ്യവസ്ഥിതിയുടെ നയവൈകല്യങ്ങളെയാണ്. കൊള്ളപ്പലിശയും അനാവശ്യ കുരുക്കുകളുമാണ് കർഷക ആത്മഹത്യയുടെ അടിസ്ഥാനമെന്ന് അദ്ദേഹം വിമർശിച്ചു.
കുട്ടനാട് പാക്കേജിന് രൂപം കൊടുക്കാൻ സ്വന്തം നാട്ടിലെത്തിയപ്പോൾ പുന്നെല്ലരിയുടെ ചോറും മാങ്ങാച്ചമ്മന്തിയും നാടൻതൈരും സാന്പാറും കൂട്ടി പാടവരന്പത്ത് കർഷകർക്കൊപ്പമിരുന്നു ഭക്ഷണം രുചിപ്പെരുമയോടെ കഴിക്കാൻ മനസുകാണിച്ച ഡോ. എം.എസ്. സ്വാമിനാഥനെപ്പോലെ മറ്റൊരാൾ ഉണ്ടാകില്ല. ചെന്നൈയിൽ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ ആസ്ഥാനവളപ്പിലേക്ക് കുട്ടനാടൻ മാവിനങ്ങളെയും തെങ്ങിനങ്ങളെയും അദ്ദേഹം പറിച്ചുനട്ടതും അതുകൊണ്ടാണല്ലോ.