ഈ പശ്ചാത്തലത്തിലാണ് ലിബറൽ മുതൽ തീവ്ര യാഥാസ്ഥിതികർ വരെയുള്ള യഹൂദ ഗ്രൂപ്പുകളിലെ അംഗങ്ങൾ അയേക്കാ എന്ന പേരിൽ പുതിയൊരു പ്രസ്ഥാനത്തിനു രൂപംകൊടുത്തിരിക്കുന്നത്. ജർമനിയിലെ ദ്രെസ്ദെൻ പട്ടണത്തിൽ റബ്ബി എമിൽ ആക്കർമാൻ നേതൃത്വം കൊടുക്കുന്ന ഈ പ്രസ്ഥാനം യഹൂദചരിത്രം, സംസ്കാരം, വിശുദ്ധഗ്രന്ഥം, അനുഷ്ഠാനങ്ങൾ, മതനിയമങ്ങൾ എന്നിവ ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ നൂതനമായി വ്യാഖ്യാനിക്കാനും മനസിലാക്കാനും ശ്രമിക്കുന്നു.
ഒക്ടോബർ ഏഴിന് കൂട്ടക്കൊലയും ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും നടത്തിയ ഹമാസിനെ പിന്തുണയ്ക്കുകയും ബന്ദികളെ സ്വതന്ത്രരാക്കാൻ യുദ്ധത്തിലേർപ്പെട്ട ഇസ്രയേലിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന നിലപാട് യഹൂദർക്കു മാത്രമല്ല, സമാധാനജീവിതം കാംക്ഷിക്കുന്ന ആർക്കും മനസിലാകുന്നില്ല. പലസ്തീനിലെ അഭയാർഥികൾക്കുവേണ്ടിയുള്ള യുഎൻആർഡബ്ല്യുഎ പ്രസ്ഥാനത്തിന്റെ പ്രവർത്തകരിൽ പലരും ഹമാസിന്റെ സഹകാരികളായിരുന്നെന്നു വളരെ അടുത്തയിടെയാണ് പുറത്തുവന്നത്.
യുഎൻ തന്നെ നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ ഫലമായി അവരെ പ്രസ്ഥാനത്തിൽനിന്നു പുറത്താക്കുകയുണ്ടായി. ആക്രമണം നടന്ന ഒക്ടോബറിൽ ജർമനി യുഎൻ പ്രസ്ഥാനത്തിനു നൽകിയത് 20 കോടി യൂറോയാണ്. ഹമാസുമായുള്ള രഹസ്യബാന്ധവം പുറത്തുവരാതിരിക്കാനാണ് യുഎൻ ശ്രമിച്ചതെന്ന് ജർമനി കുറ്റപ്പെടുത്തി.
ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ ജർമൻ-ഇസ്രേലി വനിതയായ ഷാനി നിക്കോൾ ലുവൂക്കിന്റെ മൃതദേഹം കാണപ്പെട്ടത് ഗാസയിലെ യുഎൻ മന്ദിരത്തിലാണ്. യുഎൻ ആഭിമുഖ്യത്തിലുള്ള സ്കൂളുകളിൽ വർഷങ്ങളായി പഠിപ്പിച്ചുവരുന്ന യഹൂദവിദ്വേഷത്തിന്റെ ഫലമാണ് ഒക്ടോബർ ഏഴിന്റെ ഭീകരാക്രമണമെന്ന് ഷാനിയുടെ അമ്മ റിക്കാർദ കുറ്റപ്പെടുത്തിയതിൽ സത്യമില്ലേ?
ഒക്ടോബർ ഏഴിനു ശേഷം യൂറോപ്യൻ, അമേരിക്കൻ, ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിൽ യഹൂദർക്കെതിരായ അതിക്രമങ്ങൾ കുതിച്ചുയരുകയുണ്ടായി. താൻ യഹൂദനാണ് എന്ന് ആർക്കൊക്കെ അറിയാം എന്ന പേടിയിലാണ് യഹൂദവിദ്യാർഥികൾ കഴിയുന്നത്. സ്ഥിരമായ ഭയമാണ് ഇപ്പോൾ തങ്ങളുടെ മുഖമുദ്രയെന്ന് ജർമൻ യഹൂദ വിദ്യാർഥി സഖ്യത്തിന്റെ പ്രസിഡന്റായ ഹന്നാ ഫൈലർ പറയുന്നു.
ക്ലാസ്മുറിയിലും ശുചിമുറിയിലും ഭക്ഷണശാലയിലുമൊക്കെ യഹൂദ വിദ്യാർഥികൾ കൂട്ടം ചേർന്നാണു പോകുന്നത്. ഒഴിവുസമയത്ത് അവർ കാന്പസിൽ പ്രത്യക്ഷപ്പെടാതെ നോക്കുന്നു. ജർമനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇരകളായ യഹൂദവിദ്യാർഥികളെ മാനസികമായി ശക്തിപ്പെടുത്താൻ പ്രത്യേക സഹായകേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുകയാണ്.
2023ലെ ആദ്യത്തെ ഒന്പതു മാസങ്ങളിൽ ജർമനിയിൽ ഇസ്ലാമിക തീവ്രവാദപരമായ 2,200 ആക്രമണങ്ങൾ നടന്നെങ്കിൽ അത്രയുംതന്നെയാണു പിന്നീടുള്ള മൂന്നു മാസങ്ങളിലും നടന്നത്. അപരൻ ക്രിസ്ത്യാനിയായതുകൊണ്ട് അവനോടു സംസാരിക്കാതെ നടന്ന ഒരു വിദ്യാർഥിയെപ്പറ്റി ഫെഡറൽ ക്രിമിനൽ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇത്തരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അപരമതവിദ്വേഷം പ്രചരിപ്പിക്കുന്നതിൽ മതപ്രസംഗകർക്കുള്ള പങ്ക് റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾക്കും വിദ്വേഷപ്രചാരണത്തിൽ വ്യക്തമായ പങ്കുണ്ട്. യുവജനങ്ങളാണു വിദ്വേഷപ്രചാരകരുടെ മുഖ്യലക്ഷ്യം. ജർമനിയിൽ ഖാലിഫേറ്റ് സ്ഥാപിക്കണം എന്ന മുദ്രാവാക്യവുമായി നടത്തിയ റാലിയിൽനിന്ന് അതു വ്യക്തമാണ്.
മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടാതിരിക്കാനാണ് യഹൂദർ ഇപ്പോൾ ശ്രമിക്കുന്നത്. മതഭക്തരായ യഹൂദർ ധരിക്കുന്ന കിപ്പ (പപ്പടത്തൊപ്പി) വയ്ക്കാതെയാണ് അവരിപ്പോൾ പുറത്തിറങ്ങുന്നത്. യഹൂദരുടെ അടയാളങ്ങളെല്ലാം അവർ ഒഴിവാക്കുന്നു. കാരണം, അസഭ്യവർഷമോ ദേഹോപദ്രവമോ കത്തിയാക്രമണമോ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം.
തീവ്രവാദികളായ ഇസ്ലാമിസ്റ്റുകളുടെ അതിക്രമങ്ങളെക്കുറിച്ചു പറയാൻ മാധ്യമങ്ങൾക്കും ഭയമാണെന്ന് ബർലിനിലെ ജൂഡിഷെൻ ആൾഗെമൈനൻ എന്ന യഹൂദവാരികയുടെ പത്രാധിപർ ഫിലിപ് പേമെൻ എങ്ങൽ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. തീവ്ര ഇസ്ലാമിസ്റ്റുകളാണോ തീവ്ര ഇടതുപക്ഷക്കാരാണോ യഹൂദ വിദ്വേഷത്തിൽ മുന്പിൽ എന്നതു മാത്രമാണ് പ്രശ്നമെന്നും അദ്ദേഹം പറയുന്നു. ഒരു ജനതയ്ക്ക് എത്രകാലം ഒളിജീവിതം സാധ്യമാകുമെന്ന് അദ്ദേഹം ലോകമനഃസാക്ഷിയോടു ചോദിക്കുന്നു.
മൂന്നാം ദേവാലയമോ?യഹൂദരുടെ ആദ്യത്തെ രണ്ടു ദേവാലയങ്ങളും നിന്നിരുന്ന ജറൂസലെമിലെ ടെന്പിൾ മൗണ്ടിലാണ് ഇപ്പോൾ അൽഅക്സാ മോസ്കും ശിലാസൗധവും (ഡോം ഓഫ് ദി റോക്ക്) സ്ഥിതിചെയ്യുന്നത്. അവിടെത്തന്നെ മൂന്നാം ദേവാലയം പണിയാൻ യഹൂദരുടെ ടെന്പിൾ ഇൻസ്റ്റിറ്റ്യൂട്ട് തീവ്രമായി ശ്രമിച്ചുവരികയാണ്. പഴയനിയമ വിധിപ്രകാരമുള്ള നിർമിതികളെല്ലാം പൂർത്തിയായത്രേ. ബലിയർപ്പണത്തിനുള്ള ചെമന്ന രോമങ്ങളുള്ള ബലിമൃഗങ്ങളെ ഷീലോ ഗ്രാമത്തിൽ വളർത്തുന്നുണ്ടെന്നാണു കഴിഞ്ഞ മാർച്ച് 27നു ഷീലോയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചത്.
ടെന്പിൾ മൗണ്ട് യഹൂദ ദേവാലയത്തിന്റെ സ്ഥാനമായിരുന്നു എന്ന വസ്തുത, ആരാണ് ജറൂസലെമിന്റെ അവകാശികൾ, ആരാണ് അധിനിവേശക്കാർ എന്നു വ്യക്തമാക്കുന്നുണ്ട്. അവിടെ പുതിയ ദേവാലയം പണിയാനുള്ള ശ്രമം മതാടിസ്ഥാനത്തിലുള്ള ആഗോളയുദ്ധമായി പരിണമിക്കുമെന്ന് ഏപ്രിൽ എട്ടിനു ജറൂസലെമിൽ കൂടിയ സർവമത പ്രതിനിധികൾ മുന്നറിയിപ്പു നൽകിയത് ശ്രദ്ധേയമാണ്.