വഖഫ് ബോർഡിന്റെ ഒരു തീരുമാനത്തിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അത് വഖഫ് ട്രിബ്യൂണലിലാണ് സമർപ്പിക്കേണ്ടത്. നോക്കണേ, ജനാധിപത്യം ഭരണക്രമമായിട്ടുള്ള ഒരു രാജ്യത്ത് പൗരാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നു. നിങ്ങളുടെ ഒരു കോഴിയെ കുറുക്കൻ പിടിച്ചുകൊണ്ടുപോയാൽ കോഴിയുടെ അവകാശി കുറുക്കൻ മാത്രമാണെന്നു പറയുന്ന അതേ ന്യായം.
കോഴിയുടെ ഉടമസ്ഥൻ എന്തു നടപടി സ്വീകരിച്ചാലും ഇന്ത്യയിൽ അതിന് നിയമസാധുതയില്ല. കുറുക്കന്റെയടുത്തുനിന്ന് കോഴിയെ വിട്ടുതരണേ എന്ന് അപേക്ഷിക്കാനേ ഒരു ഇന്ത്യൻ പൗരന് അവകാശമുള്ളൂ. ഒരു സ്വതന്ത്ര പരമാധികാരരാജ്യത്ത് ഇതു നടക്കണമെങ്കിൽ അതിന്റെ പ്രയോക്താക്കൾ എത്ര ശക്തരാണെന്നും വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ എത്ര സ്വാധീനമുള്ളവരാണെന്നും വ്യക്തം.
നമ്മുടെ പ്രബുദ്ധകേരളത്തിൽപോലും ഈ കാടൻ നിയമത്തിന്റെ കരാളഹസ്തങ്ങൾ പിടിമുറുക്കാൻ തുടങ്ങിയിരിക്കുന്നു. ചെറായി, മുനന്പം തീരപ്രദേശങ്ങളിൽ താമസിക്കുന്ന അറുന്നൂറോളം കുടുംബങ്ങളുടെ ഭാവി വഖഫിന്റെ തുലാസിൽ തൂങ്ങിക്കിടക്കുകയാണ്. മുനന്പം വേളാങ്കണ്ണിമാതാ പള്ളിയുൾപ്പെടെ ആ പ്രദേശം തങ്ങളുടേതാണെന്നു വഖഫ് ബോർഡ് അവകാശമുന്നയിച്ചിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായ ഭരണഘടനയെത്തന്നെ നോക്കുകുത്തിയാക്കിക്കൊണ്ടാണീ അതിക്രമം.
എന്നാൽ, ഒരാശ്വാസ കിരണമായി തെളിഞ്ഞുനിൽക്കുന്ന ഒരു ചോദ്യം, മധ്യപ്രദേശിലെ ഒരു ഹൈക്കോടതി ജഡ്ജി - ജസ്റ്റീസ് ഗുർബൽ സിംഗ് അഹലുവാലിയ - തന്റേടത്തോടെ ചോദിച്ചിരിക്കുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കെതിരേ ഏതാനും പറന്പുകളും ചരിത്രസ്മാരകങ്ങളും തങ്ങളുടേതാണെന്ന വഖഫ് ബോർഡിന്റെ വിധിതീർപ്പ് തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിലാണ്, ഇനി താജ്മഹലിനും ചെങ്കോട്ടയ്ക്കും ഇന്ത്യ മുഴുവനുംവേണ്ടി വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുമോ എന്ന്. ഇത്തരമൊരു ധീരമായ നിലപാടെടുത്തതിന് ഈ ജഡ്ജിക്ക് ബിഗ് സല്യൂട്ട്!