ഇനി പലിശ കുറയുന്ന കാലം
റ്റി.സി. മാത്യു
Friday, September 20, 2024 12:16 AM IST
പലിശ കുറഞ്ഞു തുടങ്ങി. അമേരിക്ക ഇന്നലെ കുറച്ചു. ഇംഗ്ലണ്ടും യൂറോപ്പും അടക്കം ചിലേടങ്ങളിൽ നേരത്തേ കുറഞ്ഞു. അമേരിക്ക നാലു വർഷത്തിനു ശേഷമാണു പലിശ കുറച്ചത്. ഇന്ത്യ ഉടനേ പലിശ കുറയ്ക്കില്ല എന്നാണ് അധികാരികൾ പറയുന്നത്. പക്ഷേ, വൈകാതെ കുറയ്ക്കാൻ നിർബന്ധിതമാകും എന്നു പലരും കരുതുന്നു. ഭവന, വാഹന വായ്പകൾ അടക്കം എല്ലാ വായ്പകൾക്കും നിക്ഷേപങ്ങൾക്കും പലിശ കുറയാം.
അമേരിക്കയിലെ റിസർവ് ബാങ്ക് എന്നു പറയാവുന്ന ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) അടിസ്ഥാന പലിശ നിരക്ക് 0.50 ശതമാനമാണു കുറച്ചത്. 5.25 -5.50 ശതമാനം ആയിരുന്നത് 4.75-5.00 ശതമാനം ആയി കുറച്ചു. ഈ വർഷം അര ശതമാനം കൂടി കുറയ്ക്കും. 2025ൽ ഒരു ശതമാനവും 2026ൽ അര ശതമാനവും കുറവാണു ഫെഡ് ലക്ഷ്യമിടുന്നത്. 2.75 -3.00 ശതമാനമായി താക്കാേൽ നിരക്ക് കുറച്ചെടുക്കും.
വിലക്കയറ്റം കുറഞ്ഞു
2022ൽ വിലക്കയറ്റം ഉയർന്ന നിലവാരത്തിലായപ്പോഴാണു പലിശ ഉയർത്തിത്തുടങ്ങിയത്. 11 തവണ കൂട്ടി. ഒരു വർഷമായി നിരക്ക് മാറ്റമില്ലാതെ തുടർന്നു. കുറയ്ക്കാൻ വൈകുന്നു എന്നു വിമർശനമുണ്ടായി. പക്ഷേ, വിലക്കയറ്റം വരുതിയിൽ ആകാതെ കുറയ്ക്കില്ല എന്നു ഫെഡ് ചെയർമാൻ ജെറോം പവൽ വാശിപിടിച്ചു. ഇങ്ങനെ പോയാൽ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലാകും എന്ന് വിമർശകർ വാദിച്ചു.
യുഎസ് വിലക്കയറ്റം രണ്ടു മാസമായി രണ്ടു ശതമാനത്തിനടുത്തേക്കു വന്നിട്ടുണ്ട്. തൊഴിലില്ലായ്മ 4.2 ശതമാനമായി വർധിച്ചു. സാമ്പത്തിക വളർച്ച തൃപ്തികരവുമാണ്. ഇതോടെ ഫെഡ് നയം മാറ്റാൻ തീരുമാനിച്ചു. അതാണ് ഇന്നലെ ഉണ്ടായത്.
അര ശതമാനം കുറവ് വിപണിയുടെ പ്രതീക്ഷയ്ക്കപ്പുറമായി. കാൽ ശതമാനമായിരുന്നു പ്രതീക്ഷ. അതിനപ്പുറം വന്നപ്പോൾ ഒരു സംശയം. മാന്ദ്യം വരുമെന്നു കണ്ടാണോ ഇത്രയും കുറച്ചതെന്ന്. എന്നാൽ, സാമ്പത്തിക മാന്ദ്യത്തിനു സാധ്യത ഇല്ലെന്ന് ജെറോം പവൽ ഉറപ്പിച്ചു പറഞ്ഞു. തൊഴിൽ വിപണിക്കു കരുത്തു പകരാനാണ് അര ശതമാനം കുറച്ചത് എന്ന് അദ്ദേഹം വിശദീകരിച്ചു.
പിന്നാലെ ഇന്ത്യയും
യുഎസ് വലിയ കുറയ്ക്കൽ പ്രഖ്യാപിച്ചത് ഇന്ത്യയിലും പലിശ കുറയ്ക്കാൻ സമ്മർദം ഉണ്ടാക്കും. ഒക്ടോബറിൽ തന്നെ റിസർവ് ബാങ്ക് പലിശ കുറയ്ക്കൽ തുടങ്ങേണ്ടി വരാം. അല്ലെങ്കിൽ രൂപ ദുർബലമാകും. ഭക്ഷ്യ വിലക്കയറ്റ ഭീഷണി ചൂണ്ടിക്കാട്ടി പലിശ കുറയ്ക്കലിനെ ഒഴിവാക്കാനാണ് റിസർവ് ബാങ്ക് ഇതുവരെ ശ്രമിച്ചിരുന്നത്. എന്നാൽ, പലിശ കൂടി നിന്നാൽ വളർച്ചയെ ബാധിക്കും.
കഴിഞ്ഞ വർഷം 8.2 ശതമാനം വളർച്ച ഉണ്ടായിരുന്നു. ഈ വർഷം ഒന്നാം ത്രൈമാസത്തിൽ 6.7 ശതമാനമേ വളർന്നുള്ളൂ. ഏഴു ശതമാനത്തിലധികം വളരുമെന്ന പ്രതീക്ഷ നടപ്പാകാൻ പലിശ കുറയ്ക്കുന്നതാണു നല്ലത്.
പലിശ കുറച്ചാൽ കമ്പനികൾക്കു ലാഭം കൂടും. അത് ഓഹരിവിപണിയെ സഹായിക്കും. വിദേശപണം ഇങ്ങോട്ടു വരും. ഉത്പന്ന കയറ്റുമതി കുറഞ്ഞുവരുന്ന സമയത്ത് അത് സഹായകമാണ്. പലിശ കുറയുന്നത് സ്വാഭാവികമായും മൂലധന നിക്ഷേപം വർധിപ്പിക്കും. അതു തൊഴിലവസരം വർധിപ്പിക്കും.
വിപണികൾ കുതിക്കുന്നു
അമേരിക്ക പലിശ കുറച്ചതോടെ മറ്റു രാജ്യങ്ങളിലെല്ലാം ഓഹരി വിപണികൾ കുതിച്ചു കയറി. ഇന്ത്യയിൽ വ്യാഴാഴ്ച സൂചികകൾ റിക്കാർഡ് കുറിച്ച് ഉയർന്നെങ്കിലും ലാഭമെടുക്കാൻ വേണ്ടി നടത്തിയ വില്പനയിൽ ആ നേട്ടം നിലനിർത്തിയില്ല. അതിനെ ഒരു അപവാദമായി കണ്ടാൽ മതി. പലിശ കുറഞ്ഞാൽ യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപത്തിൽ കുറേ അവിടെയും പുറത്തുമുള്ള ഓഹരികളിലേക്കു മാറും. അതാണ് ഓഹരികളുടെ കയറ്റത്തിനു പിന്നിൽ.
വെട്ടിത്തിളങ്ങി സ്വർണം
ഓഹരികൾ മാത്രമല്ല സ്വർണവും ഇതേ കാരണത്താൽ കുതിക്കുന്നുണ്ട്. പലിശ കുറയ്ക്കും എന്ന് ഉറപ്പായപ്പോൾ തന്നെ സ്വർണം കയറി. ഔൺസിന് (31.1 ഗ്രാം) 2574 ഡോളർ വരെ എത്തി. ഇന്ത്യയിൽ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുന്നതിനു മുമ്പുള്ള റിക്കാർഡ് നിലവാരത്തിലേക്കു പവൻവില ഉയർന്നു. പിന്നീടു കുറഞ്ഞു. ഇന്നു വീണ്ടും സ്വർണം കയറി. വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 5.30ന് സ്വർണം 2,590 ഡോളറിലാണ്. തലേന്നത്തേക്കാൾ ഒന്നേകാൽ ശതമാനം ഉയരത്തിൽ. ഈ വില നിലനിന്നാൽ നാളെ ഇന്ത്യയിൽ സ്വർണവില റിക്കാർഡിലേക്കു കയറും.
അവിടംകൊണ്ടു നിൽക്കില്ല എന്നു കാര്യവിവരമുള്ളവർ പറയുന്നു. സ്വർണം അടുത്ത വർഷം ഔൺസിനു 2,850-3,000 ഡോളറിലേക്കു കയറും എന്നാണ് അവരുടെ വിലയിരുത്തൽ. അതായതു പത്തു മുതൽ 15 വരെ ശതമാനം കയറ്റം.