നദികൾ വറ്റിവരണ്ടപ്പോൾ തെളിഞ്ഞ മാമോത്തിന്റെ അവശിഷ്ടങ്ങൾ.
ലണ്ടൻ: മധ്യ-കിഴക്കൻ യൂറോപ്പിൽ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്നതോടെ നേരിട്ടത് വൻ കെടുതികൾ. ഇറ്റലിയിൽ 27 പ്രധാന നഗരങ്ങളിലും ചരിത്രത്തിലാദ്യമായി ആരോഗ്യമന്ത്രാലയം ഒരേസമയം 'റെഡ് അലർട്ട്' പ്രഖ്യാപിച്ചു. റോമിലെ കൊളോസിയം അടക്കമുള്ള ചരിത്രസ്മാരകങ്ങളുടെ പ്രവർത്തനസമയം വൈകുന്നേരങ്ങളിലേക്ക് മാറ്റുകയും സന്ദർശകർക്കായി മിസ്റ്റ് ഫാനുകളും അർബൻ ബീച്ചുകളും സജ്ജമാക്കുകയും ചെയ്തു.
സ്ലൊവാക്യയിലെ ദക്ഷിണ മേഖലയായ ഡോൾനെ പ്ലാക്റ്റിൻസെയിൽ എക്കാലത്തെയും ഉയർന്ന താപനിലയായ 42.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. വെള്ളക്കുറവ് മൂലം രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുത നിലയമായ ഗാബ്ചികോവോയിലെ എട്ടിൽ ഏഴു ടർബൈനുകളും പ്രവർത്തനം നിർത്തി.
ഹംഗറിയിലെ കിഷ്കുൻഫെലെഗ്യഹാസയിൽ താപനില 41.8 ഡിഗ്രി സെൽഷ്യസിലെത്തി. ഡാന്യൂബിലെ ജലനിരപ്പ് താഴ്ന്നതോടെ രാജ്യത്തെ ഏക ആണവനിലയമായ പാക്സിന്റെ പ്രവർത്തനം നിലച്ചു.
ജർമനിയിലെ റൈൻ നദി വറ്റിയത് ഗതാഗതത്തെ ബാധിച്ചപ്പോൾ, ഫ്രാൻസിലും സെർബിയയിലും കാട്ടുതീ പടർന്നുപിടിക്കുകയാണ്. ലണ്ടനിൽ ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിനു സമീപം പുല്ലിന് തീപിടിച്ചതിനെത്തുടർന്ന് റൺവേ അടച്ചിടേണ്ടി വന്നു.
ചൂടൻ കെട്ടിടങ്ങൾ
തണുപ്പുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ നിർമിച്ച നിർമിതികളും കെട്ടിടങ്ങളുമാണ് യൂറോപ്പിൽ ഭൂരിഭാഗവും എന്നത് നിലവിലെ സാഹചര്യത്തിൽ തിരിച്ചടിയാകുന്നുണ്ട്. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വീടുകൾ തണുപ്പ് നിലനിർത്താൻ എയർ കണ്ടീഷണറുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും ഉയർന്ന വൈദ്യുതിനിരക്ക് തിരിച്ചടിയാകുന്നു.
ഫ്രാൻസിൽ എസി സജ്ജീകരിക്കുന്നത് രാഷ്ട്രീയ ചർച്ചകൾക്കുതന്നെ വഴിവച്ചിട്ടുണ്ട്. പഴയകാല നിർമാണ രീതികൾ മാറ്റി പുതിയ സാങ്കേതികവിദ്യയിൽ നിർമിച്ച കെട്ടിടങ്ങൾ ചൂട് പുറത്തുപോകാതെ നിലനിർത്തുന്നത് ചൂടിന്റെ തീവ്രത വർധിപ്പിക്കുന്നു. വരുന്ന വാരാന്ത്യത്തിലും മേഖലയിൽ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

മരിച്ചവരുടെ എണ്ണം 25,000 കടന്നു
യൂറോപ്യൻ വൻകരയെ ഒന്നാകെ ഗ്രസിച്ച കടുത്ത ഉഷ്ണതരംഗത്തിലും കടുത്ത ചൂടിലും മരിച്ചവരുടെ എണ്ണം 25,000 കവിഞ്ഞതായി റിപ്പോർട്ട്.
ഏപ്രിൽ മാസത്തിനുശേഷം ഉയർന്ന ചൂട് കാരണം ജർമനിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്.
ജർമനിയിലെ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 11,900ലേറെ മരണങ്ങളാണ് ചൂടുമായി ബന്ധപ്പെട്ട് രാജ്യത്തു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്പെയിൻ, ഫ്രാൻസ്, യുകെ, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിലെ സർക്കാർ ഏജൻസികളും ഗവേഷണ സ്ഥാപനങ്ങളും പുറത്തുവിട്ട വിവരങ്ങൾക്കൂടി ചേർത്താണ് യൂറോപ്പിലെ ആകെ മരണസംഖ്യ 25,000 കടന്നതായി സ്ഥിരീകരിച്ചത്.
ഉഷ്ണതരംഗങ്ങൾ
ലോകത്ത് ഏറ്റവും വേഗത്തിൽ താപനില ഉയരുന്ന വൻകരയായ യൂറോപ്പിൽ കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗങ്ങളുടെ എണ്ണത്തിലും തീവ്രതയിലും വൻ വർധനവാണ് ഉണ്ടാകുന്നത്. ഈ വേനൽക്കാലത്തു മാത്രം പടിഞ്ഞാറൻ യൂറോപ്പിനെ നാലു ശക്തമായ ഉഷ്ണതരംഗങ്ങളാണു ബാധിച്ചത്. ഇതു താപനിലയിലെ മുൻകാല റിക്കാർഡുകളെല്ലാം തകർക്കുകയും മേഖലയിലെ സാമ്പത്തികമേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
പകലും രാത്രിയും അനുഭവപ്പെടുന്ന കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും കുട്ടികൾ, വയോധികർ തുടങ്ങിയ പ്രതിരോധശേഷി കുറഞ്ഞവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. തളർച്ച, തലകറക്കം, ഛർദി, അസ്വസ്ഥതകൾ എന്നിവയിൽ തുടങ്ങി സൂര്യാഘാതത്തിനും മരണത്തിനും വരെ കടുത്ത ചൂട് കാരണമാകുന്നു. നിലവിലെ മരണസംഖ്യ ഓഗസ്റ്റ് ആദ്യം ആരംഭിച്ച ഏറ്റവും പുതിയ ഉഷ്ണതരംഗത്തിന് മുമ്പുള്ളതാണ് എന്നതിനാൽ യഥാർഥ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Tags : Europe SummerHeatwave Temperatures warming Climate Meteorology Atmosphere ClimateChange GlobalWarming ClimateCrisis