ടെഹ്റാൻ: അമേരിക്കയുമായും ഇസ്രയേലുമായും യുദ്ധം തുടരുന്നതിനിടയിൽ, രാജ്യത്ത് തടവിലാക്കപ്പെട്ട രണ്ട് രാഷ്ട്രീയ തടവുകാരെകൂടി ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കി. നിരോധിത സംഘടനയായ പീപ്പിൾസ് മുജാഹിദീൻ (എംഇകെ) അംഗങ്ങളായ മുഹമ്മദ് (നിമ) മാസൂം ഷാഹി (38), ഹമീദ് വാലിദി (45) എന്നിവരെയാണ് തിങ്കളാഴ്ച പുലർച്ചെ തൂക്കിലേറ്റിയത്.
ടെഹ്റാനു പുറത്തുള്ള കാരാജ് സെൻട്രൽ ജയിലിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് എംഇകെയുടെ രാഷ്ട്രീയ വിഭാഗമായ നാഷണൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് ഓഫ് ഇറാൻ അറിയിച്ചു. ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തി എന്ന കുറ്റമാണ് ഇറാനിയൻ അധികൃതർ ഇവർക്കെതിരെ ചുമത്തിയിരുന്നത്.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിനു ശേഷം ഇറാനിൽ രാഷ്ട്രീയ തടവുകാരുടെ വധശിക്ഷകൾ വർധിച്ചിരിക്കുകയാണ്. മാർച്ച് മാസം മുതൽ ഇതുവരെ എട്ട് എംഇകെ അംഗങ്ങളെയും ജനുവരിയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഏഴ് പേരെയുമുൾപ്പെടെ ആകെ 15 പേരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധക്കാരെയും രാഷ്ട്രീയ തടവുകാരെയും ഇറാൻ തൂക്കിലേറ്റാൻ സാധ്യതയുണ്ടെന്ന് നോർവേ ആസ്ഥാനമായുള്ള 'ഇറാൻ ഹ്യൂമൻ റൈറ്റ്സ്' ഡയറക്ടർ മഹ്മൂദ് അമിരി മൊഗദം മുന്നറിയിപ്പ് നൽകി.
Tags : Iran Execution Latest News