ജറൂസലെം: ജറൂസലെമിലെ തിരുവുത്ഥാന പള്ളിയിൽ വിശുദ്ധ വാരത്തിലെ വരുംദിവസങ്ങളിലും ഉയിർപ്പുതിരുനാൾ ദിനത്തിലും തിരുക്കർമങ്ങൾ നടത്താൻ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബതിസ്ത പിസബല്ലയുടെ നേതൃത്വത്തിലുള്ള സഭാധികൃതർക്ക് അനുമതി നൽകുമെന്ന് ഇസ്രേലി സർക്കാർ അറിയിച്ചു.
സുരക്ഷാ കാരണങ്ങളാൽ വിശ്വാസികൾക്കു പ്രവേശനമുണ്ടായിരിക്കില്ല. പകരം, തിരുക്കർമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. ഇതു സംബന്ധിച്ച് ഇന്നലെ കർദിനാൾ പിയർബതിസ്ത പിസബല്ലയുടെ നേതൃത്വത്തിൽ സഭാധികൃതരും ഇസ്രേലി പോലീസും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് വരുംദിവസങ്ങളിൽ വിശുദ്ധ സ്ഥലത്തെ പള്ളികളിൽ പ്രാർഥന നടത്താൻ അനുമതി നൽകുമെന്ന് സർക്കാർ അറിയിച്ചത്.
ലാറ്റിൻ പാത്രിയാർക്കീസും ജറൂസലെമിലെ പോലീസ് കമാൻഡറും തമ്മിൽ ഇന്നലെ രാവിലെ നടന്ന ചർച്ച ഊഷ്മളമായിരുന്നുവെന്ന് ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു.
സുരക്ഷാ കാരണങ്ങളാലാണു പള്ളിക്കുള്ളിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുള്ള തിരുക്കർമങ്ങൾക്ക് അനുമതി നൽകാതിരുന്നതെന്നും കഴിഞ്ഞദിവസവും തിരുവുത്ഥാന പള്ളിക്കു സമീപം ഇറാനിൽനിന്നുള്ള മിസൈലിന്റെ അവശിഷ്ടം പതിച്ചതായും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൂണ്ടിക്കാട്ടി.
ലാറ്റിൻ പാത്രിയാർക്കീസിനെയും സംഘത്തെയും പള്ളിക്കുള്ളിൽ പ്രവേശിക്കുന്നതിൽനിന്നു തടഞ്ഞ സംഭവത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ തുടങ്ങി നിരവധി പാശ്ചാത്യ നേതാക്കൾ പ്രതിഷേധം അറിയിച്ചിരുന്നു.
ഇസ്രേലി സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടാൻ ഇറ്റാലിയൻ സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിഷയത്തിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിക്കുകയും ചെയ്തു.
നൂറ്റാണ്ടുകൾക്കിടെ ഇതാദ്യമായാണു തിരുവുത്ഥാന പള്ളിയിൽ വിശുദ്ധ നാടിന്റെ ചുമതലയുള്ള സഭാധ്യക്ഷന്മാർക്ക് ഓശാന ഞായറാഴ്ച പ്രവേശനം നിഷേധിക്കുന്നത്.
ലാറ്റിൻ പാത്രിയാർക്കീസ് ഓശാന ഞായറാഴ്ചത്തെ തിരുകർമ്മങ്ങൾ നടത്തിയത് കെദ്രോൻ തോടിനു സമീപം ഗത്സമേനിയിലുള്ള ‘സർവരാജ്യങ്ങളുടെയും പള്ളി’യിലാണ്. പതിനായിരങ്ങൾ പങ്കെടുക്കാറുള്ള കുരുത്തോല പ്രദക്ഷിണവും ഇത്തവണ റദ്ദാക്കേണ്ടിവന്നിരുന്നു.