ജറൂസലെം: പുണ്യനഗരമായ ജറൂസലെമിലെ തിരുവുത്ഥാന പള്ളിക്കു സമീപം മിസൈലിന്റെ അവശിഷ്ടം വീണത് ആശങ്കയ്ക്കിടയാക്കി.
പള്ളിക്കു സമീപമുള്ള ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റ് കെട്ടിടത്തിനുമുകളിലാണ് ഇന്നലെ പുലർച്ചെ മിസൈലിന്റെ അവശിഷ്ടം പതിച്ചത്. ഇതിനുപുറമെ അൽ-അഖ്സ മോസ്കിനു സമീപമുള്ള ടെമ്പിൾ മൗണ്ടിലും മിസൈൽ വീണതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജറൂസലെമിലെ ഓഫീസിനു സമീപവും മിസൈൽ പതിച്ചതായി റിപ്പോർട്ടുണ്ട്. ജറൂസലെമിലെ പുണ്യസ്ഥലങ്ങളിൽ മിസൈലുകൾ വിക്ഷേപിച്ച ഇറാന്റെ നടപടിയെ ഇസ്രയേൽ സർക്കാർ അപലപിച്ചു.
ജറൂസലെം പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനുമായി താൻ സംസാരിച്ചെന്നും ഇറാൻ കരുതിക്കൂട്ടി രാഷ്ട്രീയലക്ഷ്യങ്ങൾക്കുനേരേയും ക്രൈസ്തവ, മുസ്ലിം, യഹൂദ ആരാധനാലയങ്ങൾക്കുനേരേയും ആക്രമണം നടത്തുകയാണെന്നും ഇസ്രേലി വിദേശകാര്യമന്ത്രി ഗിദെയോൻ സാർ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 28ന് ഇറാനെതിരേ യുഎസ്-ഇസ്രേലി ആക്രമണം ആരംഭിച്ചതോടെ സുരക്ഷ മുൻനിർത്തി തിരുവുത്ഥാന പള്ളി അടച്ചിട്ടിരിക്കുകയാണ്.
ചരിത്രത്തിലാദ്യമായാണ് ഇത്രയും ദിവസം ഈ തീർഥാടനദേവാലയം അടച്ചിടുന്നത്. വിശുദ്ധവാരത്തിലെങ്കിലും പള്ളി തുറക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags : Holy Sepulchre Jerusalem Missile Church Holy Sepulchre church