കാലിഫോർണിയ: ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ 11 ദൗത്യ സംഘം സുരക്ഷിതരെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ അറിയിച്ചു. നാലുപേരെയും വിദഗ്ധ പരിശോധനകൾക്കായി സാൻ ഡിയാഗോ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അസുഖബാധിതനായ വ്യക്തിക്ക് പ്രാഥമിക ചികിത്സകൾ ഇവിടെ നൽകും.
ഒരു രാത്രി ആശുപത്രിയിൽ ചെലവഴിച്ച ശേഷം സംഘത്തെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോകുമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ സമയം ഇന്ന് ഉച്ചയോടെയാണ് ദൗത്യ സംഘം ഭൂമിയിലിറങ്ങിയത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു അടിയന്തര മടക്കം. ക്രൂ-11 സംഘവുമായി സ്പേസ്എക്സിന്റെ ഡ്രാഗൺ എൻഡവർ പേടകം കാലിഫോര്‍ണിയ തീരത്താണ് സ്പ്ലാഷ്ഡൗണ്‍ ചെയ്തത്.
ബഹിരാകാശ നിലയത്തില്‍നിന്ന് അണ്‍ഡോക്ക് ചെയ്ത ശേഷം പത്തര മണിക്കൂര്‍ സമയമെടുത്താണ് ഡ്രാഗണ്‍ പേടകത്തിന്റെ ലാന്‍ഡിംഗ്. പ്രത്യേക ബോട്ട് ഉപയോഗിച്ച് ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി കരയിലെത്തിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു ഡ്രാഗൺ എൻഡവർ പേടകത്തിന്റെ അൺഡോക്കിങ് പ്രക്രിയ.
Tags : NASA mission team returning iss International Space Station