മാഡ്രിഡ്: സ്പാനിഷ് ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയുടെ മാഡ്രിഡിലെ ആസ്ഥാനത്ത് ഇന്നലെയുണ്ടായ പോലീസ് റെയ്ഡ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസിനു കനത്ത തിരിച്ചടിയായി.
പാർട്ടി പ്രമുഖർ ഉൾപ്പെട്ട അഴിമതി ആരോപണങ്ങൾ അട്ടിമറിക്കാൻ മുൻ നേതാവ് ലൈറെ ഡയസിന്റെ നേതൃത്വത്തിൽ ഒരു സംഘം ശ്രമിച്ചെന്ന ആരോപണത്തിലായിരുന്നു റെയ്ഡ്.
2018 മുതൽ സ്പെയിൻ ഭരിക്കുന്ന സാഞ്ചസ് നേരിടുന്ന ഏറ്റവും വലിയ വെല്ലവിളിയാണ് അന്വേഷണം. നിയമനടപടികളുമായി പൂർണമായി സഹകരിക്കുമെന്നാണ് അദ്ദേഹം ഇന്നലെ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്.
പാർട്ടി അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്താനും പ്രോസിക്യൂട്ടർമാരെ പണംകൊടുത്തു സ്വാധീനിക്കാനും ലൈറെ ശ്രമിച്ചുവെന്നു വ്യക്തമാക്കുന്ന ഓഡിയോ റിക്കാർഡിംഗ് 2025ൽ പുറത്തുവന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനായിരുന്നു ഇന്നലത്തെ റെയ്ഡ്. ലൈറെ നേരത്തേ പാർട്ടി വിട്ടിരുന്നു.
Tags : Police raid Spanish party office