വാഷിംഗ്ടൺ: ഇറാനെതിരെ അതിശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രിയോടെ ഇറാനെ പൂർണമായും നാമാവശേഷമാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും, ആ രാത്രി ഒരുപക്ഷേ നാളെത്തന്നെ ആയേക്കാമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതിനും വെടിനിർത്തലിനും തയ്യാറായില്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങളും പ്രധാന പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ (അമേരിക്കൻ സമയം) ഇറാൻ ഉടമ്പടിക്ക് തയ്യാറായില്ലെങ്കിൽ കനത്ത ബോംബാക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് അറിയിച്ചു. ഇറാന്റെ വൈദ്യുതി നിലയങ്ങളും പ്രധാന പാലങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണത്തെ 'പവർ പ്ലാന്റ് ഡേ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇത് യുദ്ധക്കുറ്റമാണെന്ന വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. "ആണവായുധം കൈവശം വെക്കുന്നതാണ് ഏറ്റവും വലിയ യുദ്ധക്കുറ്റം" എന്നായിരുന്നു ട്രംപിന്റെ മറുപടി.
Tags : Trump Iran Warning West Asia Latest News