തളിപ്പറമ്പ്: വേടന്റെ ഗാനമേളയ്ക്കിടെ ഒരാൾ വലിഞ്ഞു ഫ്ലഡ്ലൈറ്റിൽ കയറി അഭ്യാസം കാണിച്ചതു സംഘാടകർക്കും പോലീസിനും തലവേദനയായി. തളിപ്പറമ്പ് ധർമശാലയിൽ ഹാപ്പിനെസ് ഫെസ്റ്റിന്റെ സമാപന പരിപാടിയുടെ ഭാഗമായി ആന്തൂർ നഗരസഭയുടെ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റാപ്പർ വേടന്റെ ഗാനമേള ആസ്വദിക്കാനെത്തിയ ആളാണ് ഫ്ലഡ്ലൈറ്റ് തൂണിൽ വലിഞ്ഞുകയറിയത്.
ഉദയഗിരി അരിവിളഞ്ഞപൊയിൽ സ്വദേശി സാബു ഡൊമിനിക്കാണ് (59) വേടന്റെ പാട്ട് ആസ്വദിക്കുന്നതിനിടെ അതീവ സാഹസം കാട്ടിയത്. പരിപാടി നടക്കുന്നതിനിടെ ഫ്ലഡ് ലൈറ്റിന്റെ തൂണിലേക്കു വലിഞ്ഞു കയറി ഏറ്റവും മുകളിൽ കയറി അഭ്യാസ പ്രകടനങ്ങൾ നടത്തുകയായിരുന്നു. ഇതോടെ പരിപാടി താത്കാലികമായി നിർത്തിവച്ചു.
താഴെയിറങ്ങാൻ സംഘാടകരും പോലീസും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഒടുവിൽ വേടൻതന്നെ "സാബുചേട്ടാ... അപകടകരമായ അവസ്ഥയിലാണ്, താഴെയിറങ്ങൂ..' എന്നഭ്യർഥിച്ചതോടെ സ്വമേധയാ താഴേക്കിറങ്ങുകയായിരുന്നു. താഴെയിറങ്ങിയ സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു.
Tags : floodlight singer's concert climbed disrupting