വ്ലോഗർ അരുണിമ
ജൂബ:സൗത്ത് സുഡാനിലെ പ്രശസ്തമായ മുണ്ടാരി ഗോത്രവിഭാഗത്തോടൊപ്പം ജീവിക്കുന്നതിനിടയിലെ മലയാളി ട്രാവൽ വ്ലോഗർ അരുണിമയുടെ പുതിയ അനുഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ഗോത്രവിഭാഗത്തിന്റെ പരമ്പരാഗത ആചാരങ്ങളുടെ ഭാഗമായി പശുമൂത്രത്തിൽ കുളിക്കുന്ന അരുണിമയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
രാവിലെ പശു മൂത്രമൊഴിക്കുന്ന സമയത്ത് അതിന് താഴെ തലവെച്ച് കുളിക്കുന്നതാണ് മുണ്ടാരി ജനതയുടെ പതിവ് രീതി. അവരുടെ സംസ്കാരവും ജീവിതരീതികളും നേരിട്ടറിയുക എന്ന ലക്ഷ്യത്തോടെയാണ് താനും ഈ ആചാരം പരീക്ഷിച്ചതെന്ന് അരുണിമ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു അനുഭവം എന്ന് വ്യക്തമാക്കിയ അവർ, ഇതൊരു വല്ലാത്ത എക്സ്പീര്യൻസ് ആയിരുന്നെന്നും പറയുന്നു.
പശുമൂത്രത്തിൽ കുളിക്കുന്നതിന് പുറമെ, ഉണക്കിയ ചാണകം കത്തിച്ച ചാരം ദേഹത്ത് പുരട്ടുന്ന ശീലവും ഈ ഗോത്രവിഭാഗത്തിനുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള വ്യത്യസ്തമായ സംസ്കാരങ്ങൾ തേടിയുള്ള യാത്രയുടെ ഭാഗമായാണ് അരുണിമ സൗത്ത് സുഡാനിലെത്തിയത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഇത്രയധികം രാജ്യങ്ങൾ സഞ്ചരിച്ചിട്ടും ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വൃത്തികേടാണെന്നും വിവരമില്ലായ്മയാണെന്നും വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. അതേസമയം, വിവിധ ജനവിഭാഗങ്ങളുടെ സംസ്കാരത്തെ അടുത്തറിയാൻ ഇവർ കാണിക്കുന്ന താൽപര്യത്തെയും അനുകൂലിച്ചും വലിയൊരു വിഭാഗം ആളുകൾ പിന്തുണയുമായി എത്തിയിട്ടുണ്ട്.
Tags : Vlogger Arunima malayali vlogger Peculiar Ritual South Sudan Cow Urine