എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ജീവ സുയാത്ര മിഷന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീ
കൊച്ചി: ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവരെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ശിപാര്‍ശയുമായി ആരു വന്നാലും ഉദ്യോഗസ്ഥര്‍ വഴങ്ങേണ്ടതില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്. നിയമമനുസരിച്ചുള്ള നടപടികള്‍ കൃത്യമായി ചെയ്താല്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉദ്യോഗസ്ഥര്ക്കുണ്ടാകുമെന്നും ഗതാഗത വകുപ്പിന്റെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ജീവ സുയാത്ര മിഷന് പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു.
റോഡപകടങ്ങളുടെ കാര്യത്തില്‍ കേരളം ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ദിവസവും നിരവധി ജീവനുകളാണ് റോഡുകളില്‍ പൊലിയുന്നത്. റോഡ് സുരക്ഷ ഗതാഗത വകുപ്പിന്റെയോ പൊലിസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ മാത്രം ഉത്തരവാദിത്വമല്ല. നിയമങ്ങള്‍ പാലിക്കുന്നതും മറ്റുള്ളവരുടെ ജീവനു വില കല്പിക്കുന്നതും ജീവിതശൈലിയുടെ ഭാഗമാകണം. റോഡ് സംസ്കാരം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.
നിയമലംഘനങ്ങള്‍ക്കെതിരേ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കണം. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനൊപ്പം റോഡുകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ സര്‍ക്കാരും ബാധ്യസ്ഥരാണ്. അടുത്ത ആറുമാസക്കാലം ശക്തമായ പരിശോധനകളും നടപടികളും തുടര്‍ന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മികച്ച റോഡ് സുരക്ഷാ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡ്രൈവിംഗില്‍ ദുഷ്പേര്, അതു മാറ്റും: മമ്മൂട്ടി
കൊച്ചി: ഡ്രൈവിംഗില്‍ ദുഷ്പേരുള്ള തന്നെ ഗതാഗതവകുപ്പിന്റെ ജീവ സുയാത്ര മിഷന് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാക്കിയത് അദ്ഭുതപ്പെടുത്തിയെന്ന് നടന് മമ്മൂട്ടി. കാറുകളോടുള്ള താത്പര്യം കാരണം അത്യാവശ്യം വേഗത്തില്‍ വാഹനമോടിക്കാന്‍ ആഗ്രഹിക്കുന്നയാളാണു താന്‍. പക്ഷേ, നന്നാകാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഇപ്പോള്‍ സ്വന്തമായി ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കിയിരിക്കുകയാണെന്നും എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ഗതാഗതവകുപ്പിന്റെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ജീവ സുയാത്ര മിഷന് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തവേ മമ്മൂട്ടി പറഞ്ഞു.
റോഡപകടങ്ങളില്‍ 99 ശതമാനവും മാനുഷികമായ പിഴവുകളില്നിന്നുണ്ടാകുന്നതാണ്. അമിതവേഗവും അശ്രദ്ധയുമാണു പ്രധാന കാരണങ്ങള്‍. റേസിംഗിനുള്ള സ്ഥലമല്ല പൊതുവഴികള്‍. അതിന് അതിന്റേതായ സ്ഥലങ്ങള്‍ കണ്ടെത്തണം.
ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ട്രിപ്പിന്റെ സമയം ക്രമീകരിക്കേണ്ടതുണ്ടെങ്കില്‍ അതു ചെയ്യണം. നമ്മുടെ സുരക്ഷപോലെ മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കാനുള്ള ബാധ്യത ഓരോരുത്തര്‍ക്കും ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
ജീവ സുയാത്ര മിഷന്
2030ഓടെ റോഡപകട മരണങ്ങളും പരിക്കുകളും പകുതിയായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണു സമഗ്ര ജീവന്‍രക്ഷാ പദ്ധതിയായ ജീവ സുയാത്ര മിഷന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. സുരക്ഷിത നിരത്തുകള്‍, സുരക്ഷിത പെരുമാറ്റം, അപകടാനന്തര അടിയന്തര പ്രതികരണം, സുരക്ഷിത വേഗം, സുരക്ഷിത വാഹനങ്ങള്‍ എന്നീ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണു മിഷന് പ്രവര്‍ത്തിക്കുക.
സ്കൂളുകളിലും കോളജുകളിലും റോഡ് സുരക്ഷാ ബോധവത്കരണം, അപകടമേഖലകള്‍ കണ്ടെത്തിയുള്ള അത്യാധുനിക എന്‍ജിനിയറിംഗ് പരിഹാരങ്ങള്‍, നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള ഗതാഗത നിയമപാലനം എന്നിവയാണു നടപ്പാക്കുന്നത്. കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സജീവ പങ്കാളിത്തവും പദ്ധതിയില്‍ ഉറപ്പാക്കുന്നുണ്ട്.
Tags : traffic violations Deepika DeepikaNewspaper BreakingNews NewsUpdate Chief Minister issues strict directive regarding traffic violations.