x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഴയ ബാറ്റ്, അതേ പുഞ്ചിരി; 49 വർഷങ്ങൾക്ക് ശേഷം ഓർമകളിലേക്ക് തിരിഞ്ഞുനടന്ന് മാസ്റ്റർ ബ്ലാസ്റ്റർ

സ്പോർട്സ് ഡെസ്ക്
Published: November 16, 2026 09:15 AM IST | Updated: November 16, 2026 09:15 AM IST

നാലാം വയസിൽ ബാറ്റ് പിടിച്ച് നിൽക്കുന്ന കൊച്ചു സച്ചിന്‍റെ ചിത്രം, അതേ ബാറ്റുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സച്ചിൻ

മുംബൈ: കാലം എത്ര കടന്നുപോയാലും ചില ഓർമകൾക്കും വസ്തുക്കൾക്കും മങ്ങലേൽക്കില്ലെന്ന് തെളിയിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. തന്‍റെ ബാല്യകാലത്ത് ആദ്യമായി ക്രിക്കറ്റ് ബാറ്റുമായി നിൽക്കുന്ന പ്രശസ്തമായ ചിത്രം 49 വർഷങ്ങൾക്ക് ശേഷം അതേ ബാറ്റുമായി പുനരാവിഷ്കരിച്ചിരിക്കുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ.

തന്‍റെ ക്രിക്കറ്റ് യാത്രയ്ക്ക് തുടക്കം കുറിച്ച ആ പഴയ ബാറ്റ് ഇന്നും ഒരു നിധി പോലെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് സച്ചിൻ. നാലാം വയസിൽ ബാറ്റ് പിടിച്ച് നിൽക്കുന്ന കൊച്ചു സച്ചിന്‍റെ ചിത്രവും, അരനൂറ്റാണ്ടിനോടടുക്കുന്ന കാലയളവിന് ശേഷം അതേ ബാറ്റുമായി നിൽക്കുന്ന ഇന്നത്തെ സച്ചിന്‍റെ ചിത്രവും ചേർത്തുവെച്ചാണ് അദ്ദേഹം ഓർമകൾ പങ്കുവെച്ചത്.

'ആദ്യത്തെ ബാറ്റിന്‍റെ കാര്യമാണ്, 49 വർഷങ്ങൾക്ക് ശേഷവും അത് എന്നോടൊപ്പമുണ്ട്' എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ലോക ക്രിക്കറ്റിന്‍റെ നെറുകയിൽ എത്തിയപ്പോഴും തന്‍റെ വേരുകളും തുടക്കവും മറക്കാത്ത സച്ചിന്‍റെ ലാളിത്യത്തെയും കായികപ്രേമത്തെയും ആരാധകർ ഒരേസ്വരത്തിൽ പ്രശംസിക്കുന്നു.

ബാല്യം മുതൽ ഇതിഹാസം വരെ

മുംബൈയിലെ ഒരു സാധാരണ മറാത്തി കുടുംബത്തിൽ 1973 ഏപ്രിൽ 24-നാണ് സച്ചിൻ രമേശ് തെൻഡുൽക്കറുടെ ജനനം. അച്ഛൻ രമേശ് തെൻഡുൽക്കർ പ്രശസ്ത മറാത്തി നോവലിസ്റ്റും കവിയുമായിരുന്നു.

ക്രിക്കറ്റിലേക്കുള്ള ആദ്യ ചുവടുകൾ

കുട്ടിക്കാലത്ത് ടെന്നിസ് താരം ജോൺ മക്കൻറോയുടെ കടുത്ത ആരാധകനായിരുന്ന സച്ചിനെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയത് മൂത്ത സഹോദരൻ അജിത് തെൻഡുൽക്കറാണ്. കൊച്ചുസച്ചിന്‍റെ പ്രതിഭ തിരിച്ചറിഞ്ഞ അജിത്, പതിനൊന്നാം വയസിൽ പ്രശസ്ത പരിശീലകൻ രമാകാന്ത് അച്‌രേക്കറുടെ ശിക്ഷണത്തിൽ ശിവാജി പാർക്കിൽ സച്ചിനെ ചേർത്തു.

കഠിനാധ്വാനത്തിന്‍റെ ദിനങ്ങൾ

മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ നിന്നും ശിവാജി പാർക്കിലേക്ക് ദിവസവും യാത്ര ചെയ്ത് മണിക്കൂറുകളോളം സച്ചിൻ പരിശീലനം നടത്തി. ക്ഷീണിതനാകുമ്പോൾ സ്റ്റമ്പിൽ ഒരു രൂപ നാണയം വെച്ച്, പുറത്താകാതെ ബാറ്റ് ചെയ്താൽ ആ നാണയം സ്വന്തമാക്കാമെന്ന അച്‌രേക്കറുടെ തന്ത്രമാണ് സച്ചിനിലെ ഏകാഗ്രതയും പോരാട്ടവീര്യവും വളർത്തിയത്.

റിക്കാർഡുകളുടെ തുടക്കം

സ്കൂൾ ക്രിക്കറ്റിൽ വിനോദ് കാംബ്ലിയുമൊത്ത് നേടിയ 664 റൺസിന്‍റെ റിക്കാർഡ് കൂട്ടുകെട്ട് സച്ചിനെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. പതിനാറാം വയസിൽ 1989 നവംബർ 15ന് പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ, പിന്നീടുള്ള 24 വർഷക്കാലം ലോക ക്രിക്കറ്റിനെ അടക്കിവാണു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികളും 34,000-ത്തിലധികം റൺസും നേടിയ സച്ചിൻ, ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നേടുന്ന ആദ്യ കായികതാരമായി ചരിത്രം കുറിച്ചു.

Tags : SachinTendulkar MasterBlaster Cricket Nostalgia Childhood Legend

Recent News

Corehub Up