കണ്ണൂർ: ‘സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് ’ എന്ന മുദ്രാവാക്യവുമായി അഖില കേരള കത്തോലിക്ക കോൺഗ്രസിന്റ 108 -ാം ജന്മവാർഷിക സമ്മേളനത്തിന്റെയും മഹാറാലിയുടെയും മുന്നോടിയായിട്ടുള്ള പതാക, ദീപശിഖ പ്രയാണങ്ങൾ ഇന്ന് കണ്ണൂരിലെത്തും.
കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിന്റെ നേതൃത്വത്തിൽ താമരശേരി രൂപതയിലൂടെ കടന്നുവരുന്ന കത്തോലിക്കാ കോൺഗ്രസ് പതാകപ്രയാണവും കണ്ണൂർ പെരിങ്കരിയിൽ ആനയുടെ കുത്തേറ്റു മരിച്ച ജസ്റ്റിന്റെ കബറിടത്തിൽനിന്നാരംഭിക്കുന്ന ദീപശിഖ പ്രയാണവും വൈകുന്നേരം അഞ്ചിന് കണ്ണൂർ മഹാത്മ മന്ദിരത്തിനു സമീപത്ത് സംഗമിക്കും.
അവിടെനിന്ന് ഒരുമിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽ എത്തിച്ചേരും. തുടർന്ന്, ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ പതാക ഉയർത്തും.
വൈകുന്നേരം ആറിനു കണ്ണൂർ തെക്കിബസാറിലുള്ള തിരുക്കുടുംബ ദേവാലയത്തിൽ ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി നടക്കും. നാളെ രാവിലെ 9.30ന് കണ്ണൂർ ശ്രീപുരം ക്നാനായ പാസ്റ്ററൽ സെന്ററിൽ കത്തോലിക്കാ കോൺഗ്രസ് പ്രതിനിധി സമ്മേളനം നടക്കും.
ഉച്ചകഴിഞ്ഞു മൂന്നിനാണ് ഒരുലക്ഷം പേർ പങ്കെടുക്കുന്ന മഹാറാലി. തുടർന്ന് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നഗറിൽ നടക്കുന്ന അന്തർദേശീയ സമുദായ ശക്തീകരണ സമ്മേളനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
Tags : Catholic Congress birth anniversary conference Kannur Flag processions