ചെങ്ങറ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഐയുടെ മുതിർന്ന നേതാവും മുൻ ലോക്സഭാംഗവുമായ ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി നേതൃത്വവുമായി അദ്ദേഹം പലവട്ടം ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. സിപിഐ നേതൃത്വവുമായി ഏറെക്കാലമായി അകൽച്ചയിലുള്ള ചെങ്ങറയുടെ പുതിയ നീക്കം കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുകയാണ്.
ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായിരിക്കെ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് ചെങ്ങറ സുരേന്ദ്രനെതിരെ സിപിഐ അച്ചടക്ക നടപടി സ്വീകരിച്ചത്. 2025 മാർച്ചിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. നടപടി പിൻവലിക്കാൻ സിപിഐ നേതൃത്വം ഇതുവരെ തയാറായിട്ടില്ല.
കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സിപിഐയുടെ പ്രമുഖ നേതാവായിരുന്ന ചെങ്ങറ സുരേന്ദ്രൻ രണ്ടുതവണ ലോക്സഭാംഗമായിട്ടുണ്ട്. 1998ലും 2004ലും അടൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെ പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തിയത്. 2014ൽ മാവേലിക്കരയിൽ മത്സരിച്ചെങ്കിലും കൊടിക്കുന്നിൽ സുരേഷിനോട് പരാജയപ്പെട്ടു.
നേരത്തേ സിപിഐയുടെ മുൻ എംഎൽഎമാരായ കെ. അജിത്തും സി.സി. മുകുന്ദനും ബിജെപിയിലെത്തിയിരുന്നു . ഇതിനുപിന്നാലെയാണ് മറ്റൊരു മുതിർന്ന നേതാവായ ചെങ്ങറ സുരേന്ദ്രനും ബിജെപിയിലേക്ക് നീങ്ങുന്നതായുള്ള സൂചനകൾ പുറത്തുവരുന്നത്.
Tags : KeralaPolitics ChengaraSurendran Bjp Cpi PartySwitch DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash