മലപ്പുറം: മന്ത്രി എന്ന നിലയിൽ കെഎസ്ആർടിസിയെ നവീകരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും കെഎസ്ആർടിസി മാറ്റത്തിന്റെ പാതയിലാണെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കേരളത്തിലെ ആദ്യ രജിസ്ട്രേർഡ് വെഹിക്കിൾ സ്ക്രാപിംഗ് ഫെസിലിറ്റി (ആർവിഎസ്എഫ്) നിർമാണോദ്ഘാടനം എടപ്പാൾ കെഎസ്ആർടിസി റീജണൽ വർക്ക് ഷോപ്പിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
150 ലധികം പുതിയ നിയമനങ്ങൾ ഉടൻ കെഎസ്ആർടിസിയിൽ ഉണ്ടാകും. ഒഴിവുകൾ അപ്പോൾത്തന്നെ പിഎസ്സിയ്ക്ക് റിപ്പോർട്ട് ചെയ്യുകയും നിയമനം നടത്തുകയും ചെയ്യും. തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര പദ്ധതിയനുസരിച്ച് നിർമിക്കുന്ന ആർവിഎസ്എഫ് പ്രവർത്തനം തുടങ്ങിയാൽ 200 കോടി രൂപയാണ് കേന്ദ്രത്തിൽനിന്നു ഗ്രാന്റായി ലഭിക്കുക. ഇത് കെസ്ആർടിസിയുടെ നവീകരണത്തിന് ഉപയോഗിക്കും. അഴിമതിക്കു സാധ്യതകൾ ഏറെയുള്ള ഈ പദ്ധതി പൂർണമായും അഴിമതിരഹിതവും സുതാര്യവുമായി നടപ്പാക്കും.
സ്ക്രാപ് ചെയ്യുന്നവ മലിനീകരണമില്ലാതെ, പൂർണമായും യന്ത്രവത്കൃതമായി ഹൈഡ്രോളിക് പ്രസ് സംവിധാനമുപയോഗിച്ച് ക്യുബിക്കിളാക്കി കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. മാലിന്യ മുക്ത നവകേരളം പദ്ധതിയനുസരിച്ച് കെഎസ്ആർടിസി വാഹനങ്ങളുടെ റെക്സിൻ, ഗ്ലാസ് തുടങ്ങിയവ ഉൾപ്പെടുന്ന 500 ടണ്‍ മാലിന്യം നീക്കം ചെയ്തതായും മന്ത്രി പറഞ്ഞു.
രാജ്യത്ത് തന്നെ പൂർണമായും ഡിജിറ്റൈസ് ചെയ്ത് പ്രവർത്തിക്കുന്ന ഗതാഗത സംവിധാനം കെഎസ്ആർടിസി ആണെന്നും നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയർ വഴിയാണ് സ്പെയർ പാർട്സ് സംബന്ധമായ ഓർഡറുകളും മറ്റും നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് ഐഡിടിആറിൽ കംപ്യൂട്ടർ അധിഷ്ഠിത പരിശീലനം നൽകി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ആർവിഎസ്എഫിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. കെഎസ്ആർടിസിയും സിംകോ ആർവിഎസ്എഫ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടപ്പാക്കുന്ന ആർവിഎസ്എഫ് എടപ്പാളിൽ യാഥാർഥ്യമാകുന്നതോടെ സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് പുറമെ പൊതുജനങ്ങൾക്കും കേന്ദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളോടെ പഴയ വാഹനങ്ങൾ ഇവിടെ പ്രകൃതി സൗഹൃദമായി സ്ക്രാപ്പ് ചെയ്യാൻ സൗകര്യമുണ്ടാകും.
കെ.ടി. ജലീൽ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.ടി. ജലീൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ ചെലവിൽ എടപ്പാൾ കെഎസ്ആർടിസി ഡിപ്പോയിൽ നിർമിച്ച യാർഡും മന്ത്രി ഉദ്ഘാടനം ചെയ്തു. പൊന്നാനി കെഎസ്ആർടിസി ജീവനക്കാരന്റെ അസുഖ ബാധിതനായ മകന്റെ ചികിത്സാർഥം ജീവനക്കാർ സ്വരൂപിച്ച ഒന്‍പതര ലക്ഷം രൂപയുടെ ചെക്കും മന്ത്രി കൈമാറി.
കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ഡോ.പി.എസ്. പ്രമോജ് ശങ്കർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗായത്രി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി.പി. ശ്രീജിത്ത്, വാർഡ് മെംബർമാരായ സി.വി. സന്ധ്യ, പി.കെ. ദേവി, സിംകോ ആർവിഎസ്എഫ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ബിനു കൃഷ്ണൻ, സന്ദീപ് കൃഷ്ണൻ, ഫാസിൽ ഹബീബ്, വിവിധ യൂണിയൻ പ്രതിനിധികൾ പ്രസംഗിച്ചു.
Tags : KSRTC transformation K.B. Ganesh Kumar