കൊച്ചി: വാര്‍ഷിക അറ്റകുറ്റപ്പണിക്കായി ഡ്രൈഡോക്ക് ചെയ്ത ലക്ഷദ്വീപിലേക്കുള്ള ഏറ്റവും വലിയ കപ്പലായ എംവി കവരത്തി സര്‍വീസ് പുനരാരംഭിക്കാന്‍ വൈകുന്നതോടെ ലക്ഷദ്വീപ് നിവാസികളുടെ യാത്രദുരിതം ഇരട്ടിയായി. ദ്വീപിലേക്കു പോകാനുള്ള യാത്രാ ടിക്കറ്റ് ലഭിക്കാതെ നൂറു കണക്കിനു പ്രദേശവാസികളാണ് കൊച്ചിയില്‍ കുടുങ്ങിക്കിടക്കുന്നത്.
അവസരം മുതലെടുത്ത് വിമാനകമ്പനികള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതും ദ്വീപ് നിവാസികള്‍ക്കു തിരിച്ചടിയായി. ജോലിക്കും പഠനത്തിനും ചികിത്സയ്ക്കുമായി ദ്വീപ് നിവാസികളുടെ പ്രധാന ആശ്രയമാണു കൊച്ചി. അവധിക്കാലമായതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിനു പുറമേ വിനോദ സഞ്ചാര സംഘങ്ങള്‍ കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടിരിക്കുന്നതും പ്രദേശവാസികളുടെ യാത്രയെ ബാധിച്ചിട്ടുണ്ട്.
ജനുവരി അവസാന ആഴ്ചയിലാണ് വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി എംവി കവരത്തി കൊച്ചി ഷിപ്പ്യാര്ഡില് ഡ്രൈഡോക്കിനു കയറ്റിയത്. സാധാരണയായി മൂന്നു മാസത്തിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് കപ്പല്‍ തിരികെ എത്തേണ്ടതാണ്. ഇപ്പോള്‍ നാലു മാസമായിട്ടും പണികള്‍ പൂര്‍ത്തിയായിട്ടില്ല. കപ്പലിന്റെ സാധാരണയുള്ള അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച ശേഷം നടത്തിയ വിശദ പരിശോധനയില്‍ എന്ജിന് ഭാഗത്ത് ചില തകരാറുകള്‍ കണ്ടെത്തിയതാണു കാരണം. ഇതിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ കുറച്ചു ദിവസങ്ങള്‍കൂടി വേണ്ടിവരുമെന്നാണ് സിഎസ്എല്‍ പറയുന്നത്.
യാത്രക്കാരുടെ എണ്ണം കൂടിയതോടെ ദ്വീപുകള്‍ക്ക് ഇടയില്‍ ഉപയോഗിക്കുന്ന 150 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഫെറി വെസലുകള്‍ അഡ്മിനിസ്ട്രേഷന് ഇടപെട്ട് കൊച്ചിയിലേക്കു സര്വീസിനിട്ടിരുന്നു. ആദ്യ ദിവസങ്ങളില്‍ വിജയകരമായി യാത്ര പൂര്ത്തീകരിക്കാനായെങ്കില് പിന്നീട് കടല്‍ പ്രക്ഷുബ്ധമായതോടെ ഫെറിയാത്ര അസാധ്യമായി. തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചു. ദ്വീപ് നിവാസികളുടെ യാത്രപ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണമെന്ന് ലക്ഷദ്വീപ് എംപി ഹമദുള്ള സയീദ് ആവശ്യപ്പെട്ടു.
Tags : MV Kavarathi service suspended Lakshadweep residents travel