കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ മൂന്നു യുവാക്കളുടെ മരണത്തിനിടയാക്കിയ സ്കൂട്ടർ അപകടത്തിൽ ദുരൂഹതയെന്ന് സംശയം. കൊയിലാണ്ടി പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. അപകടം നടന്ന സ്ഥലം പോലീസ് വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്.
സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡറ്റിനു സമീപം ഇന്നു പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. മലബാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളായ നന്ദകിഷോർ, അഭിയാൻ വർമ, അഭിനവ് സുരേഷ് എന്നിവരാണ് മരണമടഞ്ഞത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇലട്രിക് പോസ്റ്റിൽ ഇടിച്ചശേഷം മതിലിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൂന്നുപേരും തത്ക്ഷണം മരിച്ചു.
അതുവഴി പോവുകയായിരുന്ന ഓട്ടോക്കാരനാണ് അപകടത്തിൽപ്പെട്ടവരെ കണ്ടത്. ഉടൻതന്ന നാട്ടുകാരെ അറിയിച്ചശേഷം പോലീസും ചേർന്നാണ് ഇവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇവർ സഞ്ചരിച്ച ബൈക്കിന്റെ പിൻവശം തകർന്നതാണ് അപകടത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന സംശയത്തിനു കാരണം. സമീപത്തെ സിസിടിവി പരിശോധിച്ചെങ്കിലും അത്തരത്തിൽ പിറകിൽ വാഹനങ്ങൾ ഇടിച്ചില്ലെന്ന സൂചനയാണ് ലഭിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പൂർണമായ അന്വേഷണം കഴിഞ്ഞാലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ എന്ന് പോലീസ് പറഞ്ഞു.
Tags : Mystery death Accident investigation