പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: അരിയിൽ അബ്ദുൽ ഷുക്കൂർ വധത്തിൽ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. കേസിൽ കോടതി വിധിയുടെ പൂർണരൂപം ലഭിച്ചശേഷം പ്രതികരണം അറിയിക്കാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യാദൃച്ഛികമായി സംഭവിച്ച ഒരു കൊലപാതകമല്ല ഇത്. വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ചിലർക്ക് ശിക്ഷ ലഭിക്കുകയും ചിലരെ വെറുതേവിടുകയും ചെയ്തിട്ടുണ്ട്. ഗൂഢാലോചന തെളിയിക്കേണ്ട സാക്ഷികളെ ഭീഷണിപ്പെടുത്തിയതും സ്വാധീനിച്ചതുമാണ് കേസിൽ തിരിച്ചടിയായതെന്നും മന്ത്രി പറഞ്ഞു.
ഭയംകാരണം പല സാക്ഷികളും കോടതിമുറ്റത്തുനിന്ന് മടങ്ങിപ്പോകുന്ന സാഹചര്യമുണ്ടായി. പാർട്ടി ഈ കേസ് വളരെ സൂക്ഷ്മതയോടെയും ഭംഗിയായുമാണ് നടത്തിയത്. ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളിൽ തീർച്ചയായും അപ്പീൽ പോകുമെന്നും നിയമപരമായി അവസാനംവരെ പോരാടുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
Tags : PKKunhalikutty MuslimLeague Malappuram NewsUpdate Headlines