കാസർഗോഡ് ജില്ലാ പഞ്ചായത്തിന് മുന്നിലെ വിക്ടിംസ്, ഫ്രീഡം ശിൽപങ്ങളുടെ അനാച്ഛാദനം കാനായി കുഞ്ഞിരാമൻ നിർവഹിക്കുന്നു.
കാസർഗോഡ്: ശിൽപങ്ങൾ അനാച്ഛാദനം ചെയ്യാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എത്താത്തതിൽ പ്രതിഷേധം. കാസർഗോഡ് ജില്ലാ പഞ്ചായത്തിന് മുന്നിൽ കാനായി കുഞ്ഞിരാമൻ പൂർത്തിയാക്കിയ വിക്ടിംസ്, ഫ്രീഡം ശിൽപങ്ങളുടെ അനാച്ഛാദനത്തിന് സ്പീക്കർ എത്താതിരുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
രാവിലെ 9.30ന് ചടങ്ങ് ആരംഭിക്കുമെന്നും സ്പീക്കർ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങിനെത്തിയപ്പോഴാണ് അനാച്ഛാദനം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിക്കുമെന്ന വിവരം പലരും അറിയുന്നത്. ഇതോടെ കലാനിരൂപകൻ എ.ടി. മോഹൻരാജിന്റെ നേതൃത്വത്തിൽ കലാകാരന്മാർ നാട മുറിച്ച് പ്രതിഷേധ അനാച്ഛാദനം നടത്തി. പിന്നീട് നാട വീണ്ടും കെട്ടി കാനായി കുഞ്ഞിരാമൻ തന്നെ ശിൽപങ്ങൾ അനാച്ഛാദനം നിർവഹിച്ചു.
തുടർന്ന് കാസർഗോഡിനോടുള്ള രാഷ്ട്രീയ അവഗണനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എ.കെ.എം. അഷ്റഫ് എംഎൽഎ രംഗത്തെത്തി. കാസർഗോഡിനെ മന്ത്രിമാർ തിരിഞ്ഞുനോക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സ്പീക്കർ എത്തില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാമാണ് അറിയിച്ചത്. ചടങ്ങിന്റെ പ്രാധാന്യം സ്പീക്കറെ നേരിട്ട് വിളിച്ച് ബോധ്യപ്പെടുത്തിയിട്ടും എത്താതിരുന്നത് നിരാശാജനകമാണെന്ന് എംഎൽഎ പറഞ്ഞു.
ചടങ്ങ് തിരുവനന്തപുരത്തായിരുന്നെങ്കിൽ മന്ത്രിമാരുടെ നിരതന്നെ ഉണ്ടാകുമായിരുന്നുവെന്നും കാസർഗോഡിനോട് ഇതൊക്കെ മതിയെന്ന ധാരണ തിരുത്തണമെന്നും അദ്ദേഹം തുറന്നടിച്ചു. കർണാടക മന്ത്രിസഭാ യോഗം മംഗളൂരുവിൽ ചേർന്നതുപോലെ കേരള മന്ത്രിസഭാ യോഗം കാസർഗോഡ് നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും അഷ്റഫ് പറഞ്ഞു.
കാസർഗോഡിനെ ഭയക്കാൻ എന്ത് സാഹചര്യമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം ചോദിച്ചു.എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും കാസർഗോഡിനോടുള്ള സമീപനത്തിൽ മാറ്റമില്ലെന്നാണ് അഷ്റഫിന്റെ വിമർശനം.
Tags : Speakers absence Kasaragod Kanayi Kunhiraman Victims Sculpture Freedom Sculpture Speaker Protest DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash