പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ വരെ പിഴ ഈടാക്കുമെന്നും പിഴ അടയ്ക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും ശബരിമല എഡിഎം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കമായതോടെ പമ്പാനദിയിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നിരുന്നു. മുൻ തീർഥാടന കാലയളവിൽ ടൺ കണക്കിന് വസ്ത്രമാലിന്യങ്ങളാണ് പമ്പയിൽ നിന്ന് നീക്കം ചെയ്തത്. എന്നാൽ, ശുചീകരണം നടത്തി രണ്ട് ദിവസത്തിനുള്ളിൽ തന്നെ നദി വീണ്ടും മലിനമാകുന്ന സാഹചര്യമാണുണ്ടായിരുന്നത്.
വിവിധ ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചും ബോധവൽക്കരണം നടത്തിയിട്ടും തീർഥാടകർ വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. പമ്പയിൽ തുണിമാലിന്യങ്ങൾ കുന്നുകൂടുന്നത് തടയാൻ കർശന നടപടി വേണമെന്ന് നേരത്തെ ഹൈക്കോടതിയും നിർദേശിച്ചിരുന്നു.
Tags : Sabarimala Pamba Clothes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash