സുപ്രീംകോടതി വിധിയെത്തുടർന്നുണ്ടായ ശബരിമല വിവാദം ഉണ്ടാക്കിയ മുറിവുകൾ ഉണക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻകൈയെടുത്തു നടത്തിയ പരിപാടിയാണ് 2025 സെപ്റ്റംബർ 20ലെ ആഗോള അയ്യപ്പസംഗമം. പന്പയിലാണ് പരിപാടി നടന്നത്. മന്ത്രി വി.എൻ. വാസവൻ ഓഗസ്റ്റ് 16ന് സംഗമവിവരം മാലോകരെ അറിയിച്ചപ്പോൾതന്നെ വിവാദമായി. സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി സംഗമം സംഘടിപ്പിക്കുന്നതായിട്ടായിരുന്നു ആദ്യത്തെ അറിയിപ്പ്. ആഗോള സംഗമം രാഷ്ട്രീയ പരിപാടിയാണെന്നും വിലക്കണമെന്നും ആവശ്യപ്പെട്ട് അജിഷ് കളത്തിൽ ഗോപി എന്ന അയ്യപ്പഭക്തൻ പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു.
2025 സെപ്റ്റംബർ മൂന്നിന് ഹൈക്കോടതി കേസ് പരിഗണിച്ചു. ആഗോള അയ്യപ്പസംഗമത്തിന് സർക്കാരിന്റെയോ ദേവസ്വം ബോർഡിന്റെയോ പത്തുപൈസ ചെലവാക്കില്ലെന്ന് സംഘാടകർ ഹൈക്കോടതിയെ ധരിപ്പിച്ചു. സെപ്റ്റംബർ ഒന്പതിന് കേസിൽ തീർപ്പു കല്പിച്ച് ഹൈക്കോടതി സംഗമം നടത്താൻ ദേവസ്വം ബോർഡിന് സോപാധിക അനുമതി കൊടുത്തു. 1950ലെ തിരു-കൊച്ചി ഹിന്ദു മതസ്ഥാപന നിയമം അനുസരിച്ചേ എല്ലാം നടക്കാവൂ എന്നും പന്പയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. സംഗമം സംബന്ധിച്ച അക്കൗണ്ടുകൾ സുതാര്യമാവണം. സംഭാവനകൾ, സ്പോണ്സർമാർ എല്ലാവരുടെയും വിവരങ്ങൾ സുതാര്യമാക്കണം. 45 ദിവസത്തിനകം അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്ത കണക്ക് സമർപ്പിക്കണം- ഹൈക്കോടതി നിർദേശിച്ചു.
വിവാദങ്ങൾക്കിടയിൽ സംഗമം നടന്നു. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി തന്റെ കാറിൽ വെള്ളാപ്പള്ളി നടേശനെയും കയറ്റിയത് വലിയ ചർച്ചാവിഷയമായി. പക്ഷേ, സംഘാടകർ അവകാശപ്പെട്ടതുപോലെ ജനം വന്നില്ല. ഉദ്ഘാടനസമ്മേളനത്തിലൊഴികെ ഒരു സമ്മേളനത്തിലും ആളുണ്ടായില്ല. ആളില്ലാതെ കിടക്കുന്ന കസേരകളുടെ ദൃശ്യങ്ങൾ എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു.
സർക്കാരിനും ദേവസ്വം ബോർഡിനും ഒരു പൈസ ചെലവില്ലെന്നു പറഞ്ഞ് നടത്തിയ സംഗമം സംബന്ധിച്ച് ആദ്യകണക്ക് വന്നപ്പോൾ തന്നെ പണി പാളി. സംഗമത്തിന് 8.22 കോടി രൂപ ചെലവാക്കിയതായാണ് അക്കാലത്ത് പുറത്തുവന്ന വിവരം. ദേവസ്വം ബോർഡ് മൂന്ന് കോടി ചെലവാക്കി. സർക്കാർ രണ്ടുകോടിയും. കണക്കുകൾ 45 ദിവസത്തിനകം ഹൈക്കോടതിക്കു നല്കണം എന്ന നിബന്ധനയടക്കം ലംഘിക്കപ്പെട്ടു. ഫെബ്രുവരിയിൽ സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ സത്യം ചൂണ്ടിക്കാട്ടുന്നത്.
ആഗോള സംഗമത്തിന്റെ കണക്കുകളിൽ വല്ലാത്ത പൊരുത്തക്കേടെന്ന് 2026 ഫെബ്രുവരി 11 ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സംഗമം നടത്തിയ വകയിൽ 3.4 കോടി കടമുണ്ട്. ദേവസ്വം ഫണ്ടിൽനിന്നു ചെലവാക്കിയ രണ്ടു കോടി തിരിച്ചുകിട്ടിയില്ല. സ്പോണ്സർഷിപ്പിലൂടെ നാലു കോടി ലഭിച്ചു. അതിൽ രണ്ടുകോടി ആരു നൽകി എന്നതടക്കം പലതും നിഗുഢ രഹസ്യമാണ്. ചെലവ് ഏഴു കോടിക്കു മുകളിൽ. ബില്ലുകൾ ഇനിയും തീർക്കാനുണ്ട്- കോടതിയിലെ റിപ്പോർട്ട് പറയുന്നു.
ഊരാളുങ്കൽ സൊസൈറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻസിന് ടെൻഡർ ഇല്ലാതെ ജോലി നല്കി. അതും നിരക്ക് പത്തു ശതമാനം കൂട്ടിവച്ച്. ഉപകരാറുകാരിൽനിന്നു ലഭിച്ച ഇൻവോയ്സുകൾ കൃത്യമായി തരം തിരിച്ചിട്ടില്ല. കിടക്കകൾ, കേബിളുകൾ, പാനൽ ബോർഡ് ജോലികൾ സംബന്ധിച്ച കണക്കിലും പൊരുത്തക്കേടുണ്ട്.
അതിഥികൾക്ക് നൽകാനായി 4100 വീതം പായ്ക്കറ്റ് അപ്പം, അരവണ, വിഭൂതി മഞ്ഞൾ, കുങ്കുമം, ആടിയ ശിഷ്ടം നെയ്യ്, ഒരു കിലോ ചന്ദനം എന്നിവ കരുതി. ഇവയുടെ തുക രേഖപ്പെടുത്തിയില്ല. ദേവസ്വം ബോർഡിനോടും സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും കോടതി വിശദീകരണം ചോദിച്ചു. ഫെബ്രുവരി 27നകം വിശദീകരണം നല്കണം.
► പോറ്റിയുടെ വെടി
സംഗമം സംബന്ധിച്ച വിവാദങ്ങൾ കത്തിനിൽക്കെ ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക വിഗ്രഹത്തിന്റെ പീഠങ്ങൾ കാണാനില്ലെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തൽ പുതിയ വിവാദമായി. പോറ്റി എന്ത് ഉദ്ദേശ്യത്തോടെയാണ് ദ്വാരപാലക വിഗ്രഹങ്ങളുടെ പീഠങ്ങൾ കാണാനില്ലെന്നു പറഞ്ഞത് എന്നത് ആർക്കുമറിയില്ല. ഏതായാലും ദേവസ്വം വിജിലൻസ് ഉണർന്നു. അന്വേഷണമായി. സെപ്റ്റംബർ 28ന് ദേവസ്വം വിജിലൻസ് ആ പീഠങ്ങൾ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽനിന്നു കണ്ടെടുത്തു. കോവിഡ് കാലത്ത് അറ്റകുറ്റപ്പണികൾക്കായി എടുത്തതാണ്. തിരിച്ചുവയ്ക്കാൻ മറന്നു. ദേവസ്വം ബോർഡ് തെരക്കിയതുമില്ല.
അയ്യപ്പസംഗമം കാരണമാണ് ശബരിമലയിലെ സ്വർണക്കൊള്ള പുറത്തുവന്നതെന്ന് അയ്യപ്പസംഗമ കണക്കുകളിലെ പൊരുത്തക്കേടിനെക്കുറിച്ചു ചോദിച്ചപ്പോൾ ദേവസ്വം മന്ത്രി എൻ. വാസവൻ പറഞ്ഞു. അതിൽ കുറെ സത്യവും ഉണ്ട്.
► സ്വർണക്കൊടിമര നിർമാണം
ശബരിമലയിലെ സ്വർണം കട്ടതു സംബന്ധിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പുറത്തുകൊണ്ടുവരുന്നത് ശബരിമലയിൽ എല്ലാവരും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളയുടെ അസ്വസ്ഥത ഉണ്ടാക്കുന്ന കണക്കുകളാണ്. കട്ടിളപ്പാളിയുടെയും ദ്വാരപാലക ശില്പത്തിന്റെയും കാര്യത്തിൽ മാത്രമല്ല, 2017ൽ പുതുക്കിപ്പണിത കൊടിമരത്തിന്റെ കാര്യത്തിലും സംശയം ഉണ്ടായിരിക്കുന്നു. അന്വേഷണത്തെ ഈ മാനത്തിൽ എത്തിച്ച് കട്ടതു സഖാക്കൾ മാത്രമല്ല എന്ന ചിന്തയിലേക്ക് ഭക്തരെ കൊണ്ടുവരുന്നു. ഇതിനായി സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് അയ്യപ്പ സംഗമ കണക്കുകൾ വീണ്ടും ശോഭ കെടുത്തുന്നു.
► മോഷ്ടിക്കാത്തവർ ഇല്ലേ!
ശബരിമലയിൽ മോഷ്ടിക്കാത്തവരില്ലേ എന്ന സംശയമാണ് ഈ അന്വേഷണം പുറത്തു കൊണ്ടുവരുന്നത്. പ്രതിപക്ഷം ഭരിച്ച കാലത്തും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല എന്ന നിലയിലേക്ക് ധാരണകൾ എത്തുന്നു. മറ്റുള്ളവരെ കുടുക്കാൻ നോക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നവരെല്ലാം കുടുങ്ങുന്ന സത്യത്തിന്റെ നേർവിജയത്തിന്റെ കാഴ്ചയും പ്രതീക്ഷ പകരുന്നതാണ്. പുറത്തുവരാത്ത ഒരു രഹസ്യവും ഇല്ലെന്ന സത്യം ഒരിക്കൽകൂടി വിജയിക്കുന്നു. അഴിക്കുംതോറും പുതിയ കുരുക്കുകൾ ഉണ്ടാകുന്ന കൂനാങ്കുരുക്കാവുകയാണ് ശബരിമലയിലെ കൊള്ളകൾ.
► തെരഞ്ഞെടുപ്പു തീരുമാനങ്ങൾ
നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു കിട്ടുന്നതിനുള്ള എത്ര തീരുമാനങ്ങളാണ് സർക്കാർ എടുക്കുന്നത്. മൂന്നാം ഊഴത്തിന് പ്രതീക്ഷയോടെ കരുക്കൾ നീക്കുകയാണ് പിണറായി. ബജറ്റിൽ മറന്നുപോയ പലതും പുതുതായി വരുന്നു. വോട്ടർമാരിൽ നല്ല ശതമാനം വരുന്ന മുതിർന്നവരെ കൈയിലെടുക്കണം എന്ന ചിന്ത പ്രകടമായി.
മുതിർന്ന പൗരന്മാർക്ക് ക്ഷേമത്തിന് പുതിയ നയം സർക്കാർ പ്രഖ്യാപിച്ചു. അതിലെ പ്രഖ്യാപനങ്ങൾ എല്ലാം നല്ലതാണ്. പക്ഷേ എങ്ങനെ നടപ്പാക്കും എന്ന ചോദ്യം ഉണ്ട്. സാമൂഹിക സുരക്ഷാ പെൻഷൻ 2500 രൂപയാക്കാൻ ഇതുവരെ സർക്കാരിനായിട്ടില്ല. പുതിയ വനിതാ നയവും വന്നു. അതും നല്ലതാണ്. വന്യജീവി ആക്രമണങ്ങളിൽ വിള നഷ്ടപ്പെടുന്നവർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികൾക്കായി മലയോര വികസന ഉന്നതാധികാര സമിതി രൂപീകരിക്കാനും തീരുമാനമായി. 60 വയസ് കഴിഞ്ഞ 1.94 ലക്ഷം കർഷകർക്ക് മാസം 1600 രൂപ വച്ച് സർക്കാർ ഇപ്പോൾ പെൻഷൻ കൊടുക്കുന്നുണ്ട്. ഇതുവരെ 2.79 ലക്ഷം കർഷകർ പദ്ധതിയിൽ അംഗങ്ങളായി.
ഇടതു സർക്കാർ നിയമിച്ച താത്കാലിക ജീവനക്കാരെ എല്ലാം സ്ഥിരപ്പെടുത്താൻ നടക്കുന്ന നീക്കവും തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്. കണ്സ്യൂമർ ഫെഡിലെ 1084 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കംപോലെ പലതും നടക്കുന്നു. പഞ്ചദിന പ്രവൃത്തി വാരവും അതിൽ പെടുന്നു. കേരളത്തിലെ 10 ലക്ഷം സ്ത്രീകൾക്ക് 1000 രൂപ വീതം അവരുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ കൊടുക്കുകയാണ്. എല്ലാ അഴിമതിക്കഥകളുടെയും മുകളിൽ ഈ സഹായം വോട്ടാകുമെന്ന് കരുതപ്പെടുന്നു.
► സമസ്തയുടെ ആവശ്യങ്ങൾ
കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കർണാടകത്തിലെ ഉപമുഖ്യമന്ത്രിയും അടക്കം ഏറെ വലിയ നേതാക്കൾ പങ്കെടുത്ത, കാസർഗോഡ് കുണിയയിൽ ചേർന്ന സമസ്തയുടെ ശതാബ്ദി സമ്മേളനം മുന്നോട്ടുവച്ച നിർദേശങ്ങൾ ശ്രദ്ധേയങ്ങളാണ്. ഈദ് ഉൽ ഫിത്തർ, ഈദുൾ അസഹ ആഘോഷങ്ങൾക്കു മൂന്നു ദിവസത്തെ പൊതു അവധി വേണം എന്നതാണ് ഒന്ന്. കേരളത്തിൽ അറബി സർവകലാശാല സ്ഥാപിക്കണം എന്നതാണ് വേറൊന്ന്. മലപ്പുറം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകൾ വിഭജിക്കണം എന്നത് മറ്റൊരു നിർദേശം. മലപ്പുറം മാത്രം വിഭജിക്കണം എന്നു പറയുന്നതിലെ പ്രശ്നം അതിലൂടെ ഒഴിവാക്കി. 45 ലക്ഷം ജനങ്ങളുള്ള ജില്ലയാണ് മലപ്പുറം എന്ന് സമ്മേളനം ഓർമിപ്പിച്ചു. തമിഴ്നാട്ടിൽ 39 ലോക്സഭാ സീറ്റും 38 ജില്ലയും ഉള്ള കാര്യം സമസ്ത ചൂണ്ടിക്കാട്ടി. സമസ്ത ജമാ അത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തെ എതിർക്കുന്നുവെന്നും വ്യക്തമാക്കി.
► 1582 കോടിയുടെ സഹകരണ തട്ടിപ്പ്
കരുവന്നൂർ സഹകരണ സംഘത്തിലെ 126 കോടിയുടെ തട്ടിപ്പിന്റെ വെളിച്ചത്തിൽ കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തലുകൾ ഏറെ ഭീകരമാണ്. സഹകരണ സംഘങ്ങളിൽ 1,582 കോടിയുടെ തട്ടിപ്പുകൾ നടന്നതായി സമിതി ചൂണ്ടിക്കാണിച്ചു. കേരളത്തിലെ 645 സൊസൈറ്റികൾ പൂട്ടൽ ഭീഷണിയിലാണ്. 3466 സംഘങ്ങൾ നിശ്ചലങ്ങളാണ്. 2008 മുതൽ 2024 സെപ്റ്റംബർവരെ സഹകരണ വിജിലൻസ് വിംഗ് 713 പരാതികളിൽ അന്വേഷണം നടത്തി. ഒരു വർഷം ശരാശരി 44 കേസുകൾ സമിതി ചൂണ്ടിക്കാണിച്ചു. അതായത്, നിർമല പറഞ്ഞതിലും ദയനീയമാണ് സഹകരണ മേഖലയിലെ കാര്യങ്ങൾ. 2008ലെ കേരള കോ-ഓപ്പറേറ്റീവ് റിസ്ക് ഫണ്ട് സ്കിം അനുസരിച്ച് ഇതുവരെ ഒരു പൈസപോലും നഷ്ടപരിഹാരം നൽകിയില്ല. ഇതൊന്നും ഗൗരവമായി കണക്കാക്കാതെ ഇടതു സർക്കാർ മൂന്നാം ഊഴത്തിനുള്ള നീക്കം നടത്തുന്നതാണ് കൗതുകകരം.