പ്രതീകാത്മക ചിത്രം
അവകാശികൾ ഇല്ലാതെ 78,213 കോടി രൂപയുടെ അക്കൗണ്ടുകൾ ഇന്ത്യയിലെ ബാങ്കുകളിൽ ഉള്ളതായി വാർത്ത കണ്ടിരുന്നു. അടുത്ത വർഷം ഇത് ഒരു ലക്ഷം കോടി ആകാം. ഇൻഷ്വറൻസ് കന്പനികൾ, പോസ്റ്റ് ഓഫീസ്, ട്രഷറി, സൊസൈറ്റി, എൻബിഎഫ്സി, ഷെയർ, മ്യുച്ചൽ ഫണ്ടുകൾ തുടങ്ങി മറ്റ് സാന്പത്തിക സ്ഥാപനങ്ങളിലും പതിനായിരക്കണക്കിന് കോടി രൂപ അവകാശികൾ എത്താതെ ഇതു പോലെ കിടക്കുന്നുണ്ട്.
ഇതെല്ലാം 10 വർഷം കഴിയുന്പോൾ റിസർവ് ബാങ്കിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അവകാശികൾ ഇല്ലാത്തതിനാലോ, അവകാശികൾക്ക് പണം ആവശ്യം ഇല്ലാത്തതു കൊണ്ടോ അല്ല ഇത് സംഭവിക്കുന്നത്. പല കാരണങ്ങളാലും അവകാശികൾ വിവരം അറിയാത്തതാണ് പ്രശ്നം. പലരും മരിച്ചുപോയിരിക്കാം, പലരുടെയും രേഖകൾ നഷ്ടപ്പെട്ടിരിക്കാം, പലരും മറന്നിരിക്കാം, പലരുടെയും ഓർമ നഷ്ടപ്പെട്ടിരിക്കാം. ഇത്തരത്തിൽ പല കാരണങ്ങളാലുമാണ് നിക്ഷേപകരോ അവകാശികളോ എത്തിപ്പെടാത്തത്.
ഏതാനും വർഷം മുമ്പുവരെ അക്കൗണ്ട് ഉടമകൾക്ക് കൃത്യമായ ഇടവേളകളിൽ അവരുടെ ഡെപ്പോസിറ്റ് സംബന്ധമായ അറിയിപ്പുകൾ /സ്റ്റേറ്റ്മെന്റ് പോസ്റ്റൽ ആയി രേഖാമൂലം ലഭിച്ചിരുന്നു. ഫിക്സഡ് ഡെപ്പോസിറ്റുകൾ കാലാവധി തീരുന്നതിനു മുൻപ് കത്ത് വഴിയും നിക്ഷേപകനെ അറിയിച്ചിരുന്നു. വെറും ബാലിശമായ പല കാരണങ്ങളും പറഞ്ഞു അതെല്ലാം സ്ഥാപനങ്ങൾ ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു. പല അക്കൗണ്ടുകളും ഡിജിറ്റലാണ്. മുകളിൽ പറഞ്ഞ പല കാരണങ്ങളാലും അവകാശികൾക്ക് ഇപ്പോൾ യഥാസമയം അറിയിപ്പ് ലഭ്യമാകുന്നില്ല.
ഒരു വർഷം ആയിട്ടും അവകാശികൾ എത്താത്ത കേസുകളിൽ, രേഖകളിൽ ഉള്ള അഡ്രസിലും, മറുപടി ഇല്ലെങ്കിൽ നോമിനിയുടെ അഡ്രസിലും നിർബന്ധമായും ഏതാനം ദിവസം ഇടവിട്ട് രണ്ട് തവണയെങ്കിലും രജിസ്റ്റർ നോട്ടീസും അതിനോടൊപ്പം ഇമെയിലും അയയ്ക്കാനും ആവശ്യമെങ്കിൽ അതിനുള്ള ചിലവ് അക്കൗണ്ട് ഉടമയിൽനിന്നു ഈടാക്കാനും നിയമം ഉണ്ടാകണം. എസ്എംഎസ് മാത്രം അയയ്ക്കുന്നത് ഒരു പരിഹാരമല്ല.
സാധാരണക്കാരൻ കഷ്ടപ്പെട്ട് സ്വരൂപിച്ച പണം അവകാശികൾ എത്തിയില്ലെന്ന തൊടുന്യായം പറഞ്ഞു സർക്കാരോ മറ്റു സംവിധാനങ്ങളോ തട്ടിയെടുക്കുന്നത് കടുത്ത അനീതിയാണ്. അവകാശികൾ എത്താത്ത ഡെപ്പോസിറ്റ് സംഖ്യ സ്ഥാപനത്തിലെ ചില ജീവനക്കാർതന്നെ കൃത്രിമങ്ങൾ നടത്തി തട്ടിയെടുക്കുന്ന വാർത്തകളും കാണാറുണ്ട്.
Tags :