സിവില്സ്റ്റേഷൻ പാര്‍ക്കിന്റെ ശുചീകരണം ആരംഭിച്ചു
1548691
Wednesday, May 7, 2025 7:06 AM IST
പേരൂര്‍ക്കട: പൂര്‍ണമായും കാടുമൂടിക്കിടക്കുന്ന കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ പാര്‍ക്കിന്റെ ശുചീകരണം ആരംഭിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് പാര്‍ക്ക് ശുചീകരിക്കുന്നത്. പാര്‍ക്കിനുള്ളിലെ ഇരിപ്പിടങ്ങളും ഇന്റർലോക്ക് നടപ്പാതയുംവരെ കാടുകയറിയ സാഹചര്യത്തിലാണ് ശുചീകരണത്തിന് അധികൃതര്‍ നിര്‍ബന്ധിതരായത്. കഴിഞ്ഞ ദിവസങ്ങളിലെ ഇടവിടുള്ള ശക്തമായ മഴയും പുല്ലുകള്‍ വളരുന്നതിന് കാരണമായി.
സിവില്‍സ്റ്റേഷനിലെ ബി ബ്ലോക്കിനു എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് എല്ലാദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെങ്കിലും ഇവിടത്തെ ഇരിപ്പിടങ്ങളില്‍ ഒരാള്‍ക്കുപോലും ഇരിക്കാന്‍ സാധിക്കുമായിരുന്നില്ല.
കുതിരപ്പുല്ലുകള്‍ ഉള്‍പ്പെടെയാണ് വളര്‍ന്നു പൊങ്ങിയിരുന്നത്. ഇരിപ്പിടങ്ങളില്‍ ചിലത് തിരിച്ചറിയാനാകാത്ത വിധമായിരുന്നു കാടുപടര്ന്നിരുന്നത്. പാര്‍ക്കിന്റെ പിറകുവശത്തുള്ള ജലസംഭരണിയുടെ പരിസരം പാര്‍ക്കിനെ മറയ്ക്കത്തക്ക വിധത്തില്‍ കാടുകയറിയിരുന്നു.
കാടുപിടിച്ചു കിടക്കുന്ന പാര്‍ക്ക് വെറുതെ തുറന്നിടുന്നതിനെതിരേ ജനങ്ങളുടെ ആക്ഷേപം ശക്തമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ക്കിന്റെ ശുചീകരണം ആരംഭിച്ചത്. ശുചീകരണത്തിനൊപ്പം ഇന്റര്‍ലോക്ക് നടപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന പണിയും നടത്തും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.