വാഗ്ദാനത്തിലൊതുങ്ങി നെയ്യാർ ആയുർവേദ വില്ലേജ്
1549248
Friday, May 9, 2025 7:32 AM IST
നെയ്യാർഡാം: സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ബജറ്റ് വാഗ്ദാനമായിരുന്ന ആയുർവേദ വില്ലേജ് ഇനിയും യാഥാർഥ്യമായില്ല. 2016 ലും 2021ലും 2024 ലും ബജറ്റ് വാഗ്ദാനമായിരുന്നു നെയ്യാർ ആയുർവേദ വില്ലേജ്. വിശദമായ പഠന റിപ്പോർട്ട് തയാറാക്കി ഇതിനായി നടപടികൾ സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം.
ഔഷധ സസ്യങ്ങളുടെ കലവറ എന്നു വിശേഷിപ്പിക്കുന്ന അഗസ്ത്യമലയ്ക്ക് അടിവാരത്തു തന്നെ ആയുർവേദ വില്ലേജ് സ്ഥാപിക്കണമെന്ന വിദഗ്ധ നിർദേശം സർക്കാരിന് മുന്നിൽ സമർപ്പിച്ചിരുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം വന്നത്. നെയ്യാർവന്യജീവി സങ്കേതത്തിൽപ്പെടുന്ന അപൂർവവും വംശനാശം നേരിടുന്നതുമായ സസ്യങ്ങളെ സംരക്ഷിക്കാനും നട്ടുവളർത്താനും അതു പുറംനാട്ടിൽ വിൽക്കാനും പഠന-ഗവേഷങ്ങൾക്കുമാണ് പദ്ധതി തയാറാക്കിയത്.
അഗസ്ത്യമലയിലെ അപൂർവസസ്യങ്ങൾ ശേഖരിക്കുകയും ആദിവാസികളായ കാണിക്കാരുടെ സഹായത്തോടെ അത് നട്ടുവളർത്താനുമായിരുന്നു പദ്ധതി. ഇതു പ്രകാരം നിരവധി സസ്യങ്ങളാണ് കണ്ടെത്തിയത്. ഇതിനായി ഏതാണ്ട് അഞ്ചു ഹെക്ടറോളം സ്ഥലം വേർതിരിക്കുകയും അവിടെ കമ്പിവേലി കെട്ടി സുരക്ഷിതമാക്കാനും നിർദേശം നൽകിയെങ്കിലും അതു പ്രാഥമിക നടപടിയിൽ തന്നെ നിലച്ചു.
കാണിക്കരെ നിയോഗിച്ച് കാട്ടിൽനിന്നും ഔഷധങ്ങളെ കണ്ടെത്തി നാട്ടുകാരെ കൂടി ഉൾപ്പെടുത്തിയുള്ള പദ്ധതിക്കാണ് പ്ലാനിട്ടത്. നിരവധി തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത പദ്ധതിയായിരുന്നു ഇത്. ആയുർവേദ ഔഷധനിർമാതക്കളെ സമീപിച്ച് ഔഷധങ്ങളുടെ കച്ചവടവും ഉറപ്പിച്ചു. പഠിക്കാനും ഗവേഷണം നടത്താനും പദ്ധതി രേഖയിലുണ്ട്. എന്നാൽ മുടക്കിയ പണം പാഴായി എന്നു മാത്രം.
വില്ലേജ് നെയ്യാർവന്യജീവി സങ്കേതത്തിൽ മതിയെന്നു കേന്ദ്ര സർക്കാരും നിഷ്കർശിച്ചിരുന്നു. ആ പദ്ധതിയാണ് ഫയലിൽ ഉറങ്ങുന്നത്. ആയുർവേദ വില്ലേജിനായി വേണ്ടത്ര സ്ഥലം ഇവിടെ തന്നെയുണ്ട്. അതിനായി ഭൂമി ഏറ്റെടുക്കേണ്ട കാര്യവുമില്ല.
അഗസ്ത്യമലയിലെ അപൂർവവും എന്നാൽ ഔഷധ ഗുണവുമുള്ള മരുന്നു ചെടികൾ നശിക്കുകയും അതു അശാസ്ത്രീയമായി പറിച്ചെടുത്ത് കടത്തുകയും ചെയ്യുകയാണ് ഇപ്പോൾ. അത് ഒഴിവാക്കാൻ കഴിയുമായിരുന്ന പദ്ധതിയാണ് ഇല്ലാതെയായത്. ടൂറിസത്തിനും മുതൽകൂട്ടാകുന്ന ഒന്നായിരുന്നു ആയുർവേദ വില്ലേജ്.