ഓണക്കിറ്റ് വിതരണം
പെരിന്തൽമണ്ണ: ഏലംകുളം മലയങ്ങാട് സേവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണക്കിറ്റ് വിതരണം മലപ്പുറം ഡിസിസി സെക്രട്ടറി ഇ.സുകുമാരൻ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ മൊയ്തു, അൻവർ, അബ്ദുറഹിമാൻ, ഹംസ. എന്നിവർ നേതൃത്വം നൽകി.
പെരിന്തൽമണ്ണ: സംസ്ഥാനത്തെ മുഴുവൻ നിയമസഭാ സാമാജികർക്കും സപ്ലൈകോ ഓണക്കിറ്റ് സമ്മാനിക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ എംഎൽഎ മഞ്ഞളാംകുഴി അലിയുടെ വസതിയിലെത്തി സപ്ലൈകോ അധികൃതർ ഓണക്കിറ്റ് സമ്മാനിച്ചു. പെരിന്തൽമണ്ണ ജൂണിയർ മാനേജർ ശിവദാസ് പിലാപറന്പിൽ നൽകിയ ഓണക്കിറ്റ് എംഎൽഎ മഞ്ഞളാംകുഴി അലി ഏറ്റുവാങ്ങി. സപ്ലെകോ ഒൗട്ട്ലെറ്റ് മാനേജർമാരായ എ.പി. അർജുൻ, പ്രിയങ്ക സി.ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
പെരിന്തൽമണ്ണ: ഓണാക്കാലത്തു വ്യത്യസ്തമായ മാതൃക കാട്ടുകയാണ് വേങ്ങൂർ എംഇഎ എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾ.അവസാന വർഷ വിദ്യാർഥികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി കോളജിലെ നന്മ ചാരിറ്റിയുടെ കീഴിൽ പ്രളയ ബാധിതർക്കായി ബക്കറ്റ്, കുടുക്ക, ചെന്പ് തുടങ്ങിയ ഗൃഹോപകരണങ്ങൾ അടങ്ങിയ നൂറോളം കിറ്റുകൾ വിതരണം ചെയ്തത്. പ്രളയത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച കവളപ്പാറ, കൈപ്പിനി ഭാഗങ്ങളിൽ വിദ്യാർഥികൾ നേരിട്ടെത്തിയാണ് കിറ്റുകൾ കൈമാറിയത്. കോളജ് അധ്യാപകൻ റനീസ് പോത്തുകല്ല്, കോളജ് യൂണിയൻ ചെയർമാൻ സിയാദ് ജൂബിലി, സലീക്, ശംസുദ്ദീൻ, മെഹ്ത്താബ്, ശാമിൽ എന്നിവർ നേതൃത്വം നൽകി.
എടക്കര: മൂത്തേടം പഞ്ചായത്തിലെ പടുക്ക വനത്തിനുള്ളിലെ ഉച്ചക്കുളം, തീക്കടി ആദിവാസി കോളനികളിലെ 60 കുടുബങ്ങൾക്ക് ഡിവൈഎഫ്ഐ എടക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി പി.കെ.മുബഷിർ വിതരണോദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് ഭാരവാഹികളായ സി.ടി.സലീം, പി.കെ.ജിഷ്ണു, സനൽ പാർളി, ഹസീന, ഷബീബ്, ജോഷി, ക്രിസ്റ്റി, ഫൈസൽ, ഷാജഹാൻ, വിനീത്, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. കോളനിയിലെ ഓണാഘോഷത്തിലും പങ്കെടുത്താണ് സംഘം മടങ്ങിയത്.
തൊഴിലുറപ്പ്
തൊഴിലാളികളെ ആദരിച്ചു
നിലന്പൂർ: നിലന്പൂർ നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഓണസമ്മാനങ്ങൾ നൽകി നഗരസഭ ആദരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക്ശേഷം നഗരസഭയിൽ വച്ച് തൊഴിലാളികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. വിവിധ മേഖലകളിൽ നിന്ന് നഗരസഭയ്ക്ക് ലഭിച്ച സഹായങ്ങൾ ചേർത്താണ് തൊഴിലാളികൾക്ക് കിറ്റുകൾ നൽകിയത്.
പ്രളയത്തിന് ശേഷം നഗരസഭാ പരിധിയിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരിക്കാൻ ഏറ്റവും കൂടുതൽ അധ്വാനിച്ചത് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളായിരുന്നു. ഇതേ തുടർന്നാണ് നഗരസഭ ഓണക്കിറ്റുകൾ നൽകി ഇവരെ ആദരിച്ചത്. നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ പി.വി.ഹംസ, നഗരസഭാംഗങ്ങളായ എ.ഗോപിനാഥ്, ഷേർളിമോൾ, മുസ്തഫ കളത്തുംപടിക്കൽ എന്നിവർ പങ്കെടുത്തു.
ഓണാഘോഷം
വ്യത്യസ്തമാക്കി യുവാക്കൾ
കരുവാരകുണ്ട്: ഓണാഘോഷത്തിന്റെ ഭാഗമായി തരിശ് ചൈതന്യ ക്ലബ് പ്രവർത്തകർ കൽകുണ്ട് - കിഴക്കെത്തല റോഡിലെ മണ്കൂനകൾ നീക്കം ചെയ്ത് മാതൃകയായി. അഴുക്കുചാൽ നിർമിക്കാത്ത റോഡിൽ മഴയത്ത് ഒഴുകുന്ന വെള്ളത്തിലൂടെ മണ്ണ് ഒഴുകിയെത്തിയതാണ് മണ്കൂനകൾ രൂപപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.ഇത് യാത്രക്കാർക്കും ഇരുചക്ര വാഹന ഉടമകൾക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.റോഡിലൂടെ ഗതാഗത യോഗ്യമാക്കിയതിന് പുറമെ വടംവലി മത്സരവും കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സങ്ങളും ചൈതന്യാ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്.
കരുവാരകുണ്ട് കൽക്കുണ്ടിലെ യുവജന കൂട്ടായ്മ നടത്തിയ ഓണാഘോഷം ശ്രദ്ധേയമായി.ആർത്തലക്കുന്ന് കോളനിവാസികളെ പങ്കെടുപ്പിച്ചാണ് ആഘോഷം നടത്തിയത്.ചൊവ്വാഴ്ച്ച രാവിലെ ഒൻപതു മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ അട്ടിയിലാണ് കൽക്കുണ്ടിലെ യുവജന കൂട്ടായ്മ ഓണാഘോഷം നടത്തിയത്. ഇതോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളിൽ സ്ത്രീകൾ ഉൾപ്പടെ നിരവധിയാളുകൾ സജീവമായി പങ്കെടുത്തു. സി.മനോജ്, ടി.സബിൻ, എ.അഭിജിത്ത്, ജിത്തു പ്രകാശ്, ചന്ദ്രു തുടങ്ങിയവർ നേതൃത്വം നൽകി.
ജെസിഐയുടെ ഓണം
പ്രളയബാധിതരോടൊപ്പം
നിലന്പൂർ: ഈ ഓണം പ്രളയബാധിതരുമായി പങ്കുവയ്ക്കാൻ ഓണസദ്യയുമായി ജെസിഐ ടീക്ക്വാലി. നിലന്പൂർ നഗരസഭയിലെ ഏറ്റവും കൂടുതൽ പ്രളയം ബാധിച്ച പ്രദേശങ്ങളിൽ ഒന്നായ പാത്തിപ്പാറ ഡിവിഷനിലെ ചക്കപ്പാലി ഗിരിജൻ കോളനി നിവാസികൾക്ക് നഷ്ടങ്ങളും വേദനകളും മാറ്റിവച്ച് ഓണമുണ്ണാൻ നിലന്പൂർ ജെസിഐ സമൃദ്ധമായ ഓണസദ്യ ഒരുക്കി. നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗങ്ങളായ ഷേർളിമോൾ, സുരേഷ് പാത്തിപ്പാറ എന്നിവർ ആശംസകൾ നൽകി. ജെസിഐ ഭാരവാഹികൾ ചേർന്ന് പാകം ചെയ്ത ഓണസദ്യ വിളന്പി. തുടർന്നും മാതൃകാപരമായ സാമൂഹികപ്രവർത്തനങ്ങൾ ജെസിഐ നിലന്പൂർ ടീമിൽ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും അധ്യക്ഷ പറഞ്ഞു.