കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ടൂ​റി​സ്റ്റ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Monday, November 29, 2021 12:58 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ണ്ണൂ​ര്‍, ബേ​ക്ക​ല്‍ കോ​ട്ട​ക​ളും പൈ​ത​ല്‍​മ​ല, പാ​ല​ക്ക​യം​ത​ട്ട്, ക​വ്വാ​യി​ക്കാ​യ​ല്‍, റാ​ണി​പു​രം തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ടൂ​റി​സ്റ്റ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഇ​തി​നാ​യി കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ര്‍ ഡി​പ്പോ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​യോ​ര മേ​ഖ​ല പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ എം.​വി. രാ​ജു മു​ഖ്യ​മ​ന്ത്രി​ക്കും ഗ​താ​ഗ​ത​മ​ന്ത്രി​ക്കും കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​ക്കും നി​വേ​ദ​നം ന​ല്‍​കി.
എ​സി, സ്ലീ​പ്പ​ര്‍ ബ​സു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ര​ണ്ടു​ജി​ല്ല​ക​ളി​ലാ​യി ര​ണ്ടു​ദി​വ​സ​ത്തെ ടൂ​ര്‍ പാ​ക്കേ​ജ് ക്ര​മീ​ക​രി​ക്കാ​വു​ന്ന​താ​ണ്. പ​ക​ല്‍​സ​മ​യം ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് രാ​ത്രി​യി​ല്‍ പാ​ല​ക്ക​യം​ത​ട്ടി​ല്‍ 60,000 ക​ള​ര്‍ ബ​ള്‍​ബു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് തീ​ര്‍​ക്കു​ന്ന ഫീ​ല്‍​ഡ് ഓ​ഫ് ലൈ​റ്റ്‌​സ് ആ​സ്വ​ദി​ക്കു​ന്ന​തി​നും അ​ടു​ത്ത​ദി​വ​സം കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ക്കാ​വു​ന്ന​താ​ണെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.