പത്തനംതിട്ട: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിലിന്റെ നിലവിലുള്ള വിലയുടെ അടിസ്ഥാനത്തില്‍ പെട്രോള്‍, ഡീസല്‍, പാചക-വാതകം എന്നിവ ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ വില നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ ബോഡി യോഗം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധനവില വർധനയ്ക്കെതിരെ കെപിസിസി നിര്‍ദേശമനുസരിച്ച് നാളെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്പില് ധര്‍ണ സംഘടിപ്പിക്കുന്നതിനും, മൂന്നിനു പാചക വാതക വിലവർധനവിനെതിരെ വീട്ടമ്മമാരെ സംഘടിപ്പിച്ച് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി സമരം നടത്തുന്നതിനും ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. ശിവദാസന്‍ നായര്‍, പഴകുളം മധു, സെക്രട്ടറിമാരായ എന്‍. ഷൈലാജ്, റിങ്കു ചെറിയാന്, അനീഷ് വരിക്കണ്ണാമല, യുഡിഎഫ് ജില്ലാ കണ്‍വിനര്‍ എ. ഷംസുദ്ദീന്, കെപിസിസി അംഗങ്ങളായ പി. മോഹന്‍രാജ്, മാലേത്ത് സരളാദേവി, മാത്യു കുളത്തിങ്കല്‍, കെ. ജയവര്‍മ, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, റജി തോമസ്, ഡിസിസി ഭാരവാഹികളായ, കെ.കെ റോയിസണ്‍, റ്റി.കെ സാജു, സുരേഷ് കുമാര്‍, അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന് പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, സജി കൊട്ടക്കാട് എന്നിവര്‍ പ്രസംഗിച്ചു.